Friday, January 11, 2013

പുകമറക്കുള്ളിലെ ചതിക്കുഴികള്‍..

അധികാരമേഖലയിലെ കഥകളുടെ തുടര്‍ച്ചയാണിത്. അധികാരം പിടിച്ചടക്കാനോ, നിലവിലുള്ള അധികാരം നിലനിര്‍ത്തിപ്പോകാനോ, ചതിപ്രയോഗങ്ങള്‍ നടത്തിയ നിരവധി ചരിത്രകഥകള്‍ ഉണ്ട്.

നിങ്ങളെ ചതിക്കാനോ കീഴ്പ്പെടുത്താനോ ശ്രമിക്കുന്നവരെ അവര്‍ പ്രകടമായി കാണിക്കുന്ന പ്രവൃത്തികള്‍ കൊണ്ടോ, അവര്‍ ഒരുക്കാന്‍ സാധ്യതയുള്ള കെണികളിലൂടെയോ കാലേകൂട്ടി അറിയാന്‍ കഴിയും എന്നൊരു ധാരണ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക...ു തെറ്റുപറ്റാന്‍ സാധ്യതയുണ്ട്.

നിങ്ങള്‍ക്കു ഒന്നു ഊഹിക്കാന്‍ പോലും ഇടം തരാതെ, സൌമ്യതയുടേയും സൌഹൃദത്തിന്റേയും പുകമറക്കുള്ളില്‍ നിന്നു നിങ്ങളെ ചതിക്കാനും കീഴ്പ്പെടുത്താനും ചിലര്‍ക്കു കഴിയും. അതിന്റെ ഒരു ചരിത്ര ഉദാഹരണമാണ്‌ താഴെ എഴുതുന്നത്.

1920-ന്റെ മദ്ധ്യത്തില്‍ എത്യോപ്പയിലെ പട്ടാളമേധാവികളെ ആകെ അസ്വസ്ഥമാക്കിയിരുന്നത്, രാജ്യത്തെ കുലീനകുടുംബംഗമായ ഹെയ്‌ല്‍ സെല്‍സ്സെ ജനങ്ങള്‍ക്കു വളരെ പ്രിയങ്കരനാം വിധം ജനമധ്യത്തില്‍ ഒരു സ്വാധീനമായി വളര്‍ന്നു വരുന്ന സംഭവമാണ്‌.

സെല്‍സ്സെയുടെ സ്വാധീനവും ജനപ്രീതിയും ഇത്രകണ്ടു വളര്‍ന്നാല്‍ അതു തങ്ങളുടെ നില്‍നില്‍പ്പിനെ അപായപ്പെടുത്തും എന്നു അവര്‍ ഭയന്നു. മാത്രമല്ല പട്ടാളത്തിന്റെ നിയന്ത്രണം സെല്‍സ്സേയിലേക്കു എത്തിച്ചേരുമെന്നും അവര്‍ ഭയപ്പെട്ടു. എത്യോപ്യയിലെ ചെറുകിട രാജ്യങ്ങളെ ചേര്‍ത്തു ഒന്നാക്കുന്നതില്‍ സെല്‍സ്സെക്കുണ്ടായിരുന്ന താത്പര്യം പട്ടാളമേധാവികള്‍ക്കു അത്ര പഥ്യമല്ലായിരുന്നു.

ശാന്തസ്വഭാവക്കാരനും ശക്തിഹീനനും ദുര്‍ബലമനസ്കനുമായ സെല്‍സ്സേ എങ്ങനെ ഒരു രാജ്യത്തെ നയിക്കും എന്നുപോലും പരിഹാസോക്ത്യാ അവര്‍ ചിന്തിച്ചുപോന്നു.

എന്നാല്‍ 1927-ല്‍ പട്ടാളമേധാവികളേ ഒരോരുത്തരെ ആയി സെല്‍സേ തലസ്ഥാനമായ ആഡിസ്-അബാബയിലേക്ക്‌ ക്ഷണിച്ചുവരുത്തി. തന്നെ നേതാവായി അംഗീകരിക്കുവാനും അവരുടെ കൂറു തന്നോട് ഉണ്ടായിരിക്കണം എന്നു ഉറപ്പിക്കുവാനും ആണ്‌ ഓരോരുത്തരെയായി വിളിച്ചു വരുത്തിയത്.

പട്ടാളമേധാവികള്‍ ചിലര്‍ അതില്‍ സന്തോഷം പ്രകടിപ്പിക്കുകയും, ചിലര്‍ ധൃതി കൂട്ടുകയും ചിലര്‍ വിസമ്മതിക്കുക്കയും ചെയ്തു. എന്നാല്‍ സിഡാമോ പ്രവിശ്യയുടെ അധികാരമുണ്ടായിരുന്ന ജസ്മാക് ബെല്ച എന്ന സൈന്യാധിപന്‍ സെല്‍സേയെ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഒരു പൊങ്ങച്ചക്കാരനായിരുന്നു എങ്കിലും വളരെ ശക്തിമാനും, തന്റെ കഴിവില്‍ അളവറ്റ അഭിമാനവും ഉണ്ടായിരുന്ന ബെല്‍ച ദുര്‍ബലനായ സെല്‍സേയെ അംഗീകരിക്കാനാകില്ല എന്നു നേരിട്ടു പറയുകയും ചെയ്തു.

സെല്‍സ്സേയെ അംഗീകരിക്കാനാകില്ല എന്നു ഉറപ്പിച്ചു പറഞ്ഞ്‌ ബെല്ച തലസ്ഥാനം വിട്ടു. ഈ സമയത്ത്, ഒരു ആഭ്യന്തര ലഹളയിലൂടെ സെല്‍സ്സേയെ കീഴ്പ്പെടുത്തി എത്യോപ്യയുടെ സിംഹാസനത്തിലെത്താം എന്നുവരെ ബെല്‍ചെ സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. അതിനായി സിഡാമോ പ്രവിശ്യയുടെ അധികാരപരിധിയിലുള്ള 10000-ല്‍ പരം പട്ടാളക്കാരെ തന്നോടൊപ്പം നിര്‍ത്തി സെല്‍സ്സേയെ നേരിടാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്തു.

തിരികെ വരണമെന്ന അപേക്ഷയുമായി സെല്‍സെ ദൂതന്‍മാരെ അയച്ചു. സെല്‍സേയുടെ അപേക്ഷപ്രകാരം ബെല്‍ച ആഡിസ്‌ അബാബയിലേക്കു വരാമെന്നു സമ്മതിച്ചു എങ്കിലും അയാള്‍ തന്നോടൊപ്പം തന്റെ 10000-ല്‍ പരം ഭടന്‍മാരേയും യുദ്ധസന്നാഹങ്ങളും പടക്കോപ്പുകളും ഒക്കെ ആയി ആഡിസ് അബാബക്കു മൂന്നു മൈല്‍ അപ്പുറം ഒരു താവളമുണ്ടാക്കി അവിടെയാണ്‌ എത്തിച്ചേര്‍ന്നത്.

തലസ്ഥാനത്തിനു പുറത്തുവരെ ബെല്ചെ എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന വിവരം അറിഞ്ഞ സെല്സ്സെ ദൂതന്മാരെ അയച്ചു ആഡിസ് അബാബയിലെ വിരുന്നുസല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ബെല്ചെയെ ക്ഷണിച്ചു. ഈ ക്ഷണം ഒരു കെണിയായിരിക്കുമെന്നും, വിരുന്നുസല്ക്കാരത്തില്‍ പങ്കെടുത്താല്‍, മദ്യം തന്നു മയക്കിയോ, അല്ലാതെയോ സെല്‍സ്സെ തന്നെ അപായപ്പെടുത്തും എന്നു ബെല്ച് മനസ്സിലാക്കിയിരുന്നു. മുന്‍പുണ്ടായിരുന്ന പല സൈന്യാധിപന്‍മാരേയും ഇതുപോലെ കെണിയിലകപ്പെടുത്തി വധിച്ച ഒരു മുന്‍ചരിത്രം എത്യോപ്പയ്ക്കുണ്ട്.

ഇതു മനസ്സിലാക്കിയ ബെല്‍ച് തന്റെ അംഗരക്ഷകരായി 600-ല്‍ പരം ഭടന്‍മാരുണ്ടാകും, അവര്‍ക്കു കൂടി പങ്കെടുക്കാന്‍ അനുമതി ഉണ്ടെങ്കില്‍ മാത്രമേ വിരുന്നുസല്ക്കാരത്തിനു വരാന്‍ കഴിയൂ എന്നു ദൂതന്‍ മുഖാന്തിരം സെല്സ്സെയെ അറിയിച്ചു. പൊതുവേ വിനയാന്വിതനും സുമന്സകനുമായ സെല്‍സ്സെ ബെല്ചിന്റെ നിര്‍ദ്ദേശം അംഗീകരിക്കുക്കയും ബെല്ചിനേയും ഭടന്‍മാരേയും സന്തോഷപൂര്‍വം വിരുന്നിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

വിരുന്നു സല്ക്കാരത്തിനിടെ ആരും മദ്യപിക്കരുതെന്നും, തന്റെ സുരക്ഷയില്‍ സദാ ജാഗരൂകരായിരിക്കണമെന്നും ബെല്ച തന്റെ ഭടന്‍മാര്‍ക്കു കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.

പ്രതീക്ഷിച്ചതിലും ഉപരിയായ ഒരു രാജകീയ സ്വീകരണമാണ്‌ സെല്സ്സെ ബെല്ചക്കും ഭടന്‍മാര്‍ക്കും നല്‍കിയത്. മാത്രമല്ല ബെല്ചയുടെ സഹായവും സഹകരണവും ഇല്ലാതെ തനിക്കു എത്യോപ്യയെ മുന്നോട്ടു കൊണ്ടു പോകാനാകില്ലെന്നും അതിനു തനിക്ക് എല്ലാവിധ സഹായങ്ങളും ചെയ്തു തരണമെന്നും സെല്സ്സെ ബെല്ചിനോടു അപേക്ഷിച്ചു. ഉപചാരങ്ങളുടെ എണ്ണം കൂട്ടിയും, സ്വീകരണങ്ങളുടെ ബഹുലത കൊണ്ടും സത്കാരം വളരെയേറെ നീണ്ടുപോയിരുന്നു.

പക്ഷേ ബെല്ച ഈ ഉപചാരങ്ങളിലൊന്നും തൃപ്തനായിരുന്നില്ല. സെല്സ്സെയുടെ ആതിഥ്യത്തെ അത് അര്‍ഹിക്കുന്ന രീതിയില്‍ തന്നെ മനസ്സാ അവഗണിക്കാന്‍ തീരുമാനിച്ചായിരുന്നു ബെല്ച് വന്നത്. ഭക്ഷണത്തിനു ശേഷം നടന്ന പരമ്പരാഗത നൃത്തത്തില്‍ ബെല്ചെയുടെ പ്രവിശ്യയായ സിഡാമോയിലെ നേതാക്കന്‍മാരെക്കുറിച്ചുള്ള സ്തുതിഗീതങ്ങള്‍ ആയിരുന്നു പാടിയത്. തന്നെ വല്ലാതെ കണ്ട് സ്തുതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതു കണ്ടപ്പോള്‍, തന്റെ ബലവും ശക്തിയും കണ്ട് സെല്സ്സേ ഭയന്നിരിക്കുകയാണെന്നും സെല്സ്സേയെ തനിക്കു വളരെ എളുപ്പത്തില്‍ കീഴടക്കാനാകുമെന്നും ബെല്ച് തീരുമാനിച്ചുറപ്പിച്ചു.

ഉപചാരങ്ങള്‍ക്കു ശേഷം യാതൊരുവിധ അനുനയസമീപനവും ബെല്ചില്‍ നിന്നും ഉണ്ടായില്ല എന്നു മാത്രമല്ല, തനിക്കു പോകാന്‍ തിടുക്കമുണ്ടെന്നും, ഇന്നു വൈകുന്നതിനു മുന്നേ താന്‍ ക്യാമ്പില്‍ തിരികെ എത്തിയില്ലെങ്കില്‍ തന്റെ ഭടന്‍മാര്‍ ആഡിസ്‌അബാബ ആക്രമിക്കുമെന്നും ബെല്ച് സെല്സ്സേയോടു പറഞ്ഞു. എന്നിരുന്നാലും ഇങ്ങോട്ടു സ്വീകരിച്ചാനയിച്ച അതേ ഊഷ്മളതയോടെ സെല്സ്സേ ബെല്ചിനേയും ഭടന്‍മാരേയും യാത്രയാക്കി.

ആഴ്ചകള്‍ക്കുള്ളില്‍ തിരികെ വന്നു സെല്സ്സിനെ ആക്രമിച്ചു വധിച്ചോ, ജയിലിലടച്ചോ എത്യോപ്പയുടെ സിംഹാസനം സ്വന്തമാക്കാമെന്നുള്ള ഉറച്ച സന്തോഷവുമായി, ആഡിസ് അബാബയെ ഒന്നുകൂടി നോക്കി സന്തോഷിച്ചു ബെല്ച് തന്റെ ക്യാമ്പിലേക്കു ഭടന്മാരുമായി യാത്രയായി.

എന്നാല്‍ സത്കാരമൊക്കെ കഴിഞ്ഞു തിരികെ എത്തിയ ബെല്ചും ഭടന്മാരും കണ്ട ദൃശ്യം ഭയാനകമായിരുന്നു. കണ്ണെത്താദൂരത്തോളം താനും തന്റെ ഭടന്‍മാരും തീര്‍ത്ത പട്ടാളക്യാമ്പ് അവിടെ നിന്നു തികച്ചും അപ്രത്യക്ഷമായിരുന്നു. കത്തിയെരിഞ്ഞു ചാമ്പല്‍ക്കൂനയായി മാറിക്കൊണ്ടിരുന്ന തന്റെ ക്യാമ്പ് കണ്ട് ബെല്ച് ഭയചകിതനായി.

ക്യാമ്പിലെ ദൃക്സാക്ഷിയില്‍ നിന്നും ബെല്ച് അറിഞ്ഞ വിവരം ഞെട്ടിപ്പിക്കുന്നതായിരുന്നു. ബെല്ചും ഭടന്‍മാരും സെല്സിന്റെ കൊട്ടാരത്തില്‍ വിരുന്നു സത്കാരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ, സെല്സിന്റെ പട്ടാളവും സഖ്യകക്ഷികളും ചേര്‍ന്ന് ബെല്ചിന്റെ പട്ടാളക്യാമ്പ് വളഞ്ഞു. അവര്‍ യുദ്ധം ചെയ്യാനായിരുന്നില്ല വന്നത്. യുദ്ധം ചെയ്താല്‍ അതിന്റെ ആരവം മൂന്നു മൈല്‍ അകലെയുള്ള ബെല്ചിനു ബോദ്ധ്യപ്പെടുകയും തിരിച്ചാക്രമിക്കുകയും ചെയ്യുമെന്ന് ഉറപ്പുണ്ടായിരുന്ന സഖ്യകക്ഷികള്‍ സ്വര്‍ണ്ണവും പണവും കൊടുത്ത് ബെല്ചിന്റെ അവശേഷിച്ചിരുന്ന 400-ല്‍ പരം ഭടന്‍മാരുടെ കയ്യില്‍ നിന്നും ക്യാമ്പില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങളും പടക്കോപ്പുകളും വിലക്കു വാങ്ങുകയാണു ‍ ചെയ്തത്‌. ആയുധം വില്‍ക്കാന്‍ വിസമ്മതിച്ച ഭടന്‍മാരെ ഭീഷണിപ്പെടുത്തിയും, തങ്ങളോടൊപ്പം ചേര്‍ക്കാമെന്ന് അനുനയിപ്പിച്ചും അവര്‍ ആയുധശേഖരങ്ങള്‍ എല്ലാം സ്വന്തമാക്കിയതിനു ശേഷം ക്യാമ്പ്‌ മൊത്തം അഗ്നിക്കിരയാക്കി.

ആപത്ത് തിരിച്ചറിഞ്ഞ ബെല്ച് തന്റെ 600-ളം ഭടന്‍മാരുമായി തിരികെ സിഡാമോയിലേക്കു ഓടിപ്പോകാന്‍ തുനിഞ്ഞപ്പോള്‍ ക്യാമ്പ്‌ ആക്രമിച്ചു തീയിട്ട സഖ്യകക്ഷികള്‍ ബെല്ചിന്റെ മാര്‍ഗ്ഗം തടഞ്ഞു. തിരികെ ആഡിസ് അബാബയിലേക്കു ചെന്നു സെല്സിനെ ആക്രമിക്കാമെന്നു കരുതിയപ്പോള്‍ സെല്സിന്റെ നേതൃത്വത്തിലുള്ള വലിയ ഒരു സൈന്യം ബെല്ചിന്റെ ആ ഉദ്യമവും തടഞ്ഞു. ഒരു ചതുരംഗപ്പലകയിലെ കരു പോലെ, അങ്ങോട്ടും ഇങ്ങോട്ടും അനങ്ങാനാകാതെ ബെല്ചിനു സെല്സ്സിനോടു അടിയറവു പറയേണ്ടി വന്നു. ജീവിതത്തില്‍ ആദ്യമായി ബെല്ച് അങ്ങനെ കീഴടങ്ങി. ആ കീഴടക്കല്‍ എത്യോപ്യയുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു.

പിന്നീട് എത്യോപ്യയെ ഏകീകരിച്ച് 1930 മുതല്‍ 1974 വരെ ഒരു ഉത്തമ ഭരണാധികാരിയായി സെല്സ്സേ എത്യോപ്യയെ സംരക്ഷിച്ചുപോന്നു. മിശിഹായുടെ പുനരവതാരം എന്നുപോലും സെല്സ്സെയെ പ്രകീര്‍ത്തിക്കുന്ന ചരിത്രരേഖകള്‍ ഇന്നു നമുക്കു കാണാന്‍ കഴിയും. തന്റെ കുത്സിത ശ്രമ്ങ്ങളുടെ പാപപരിഹാരമായി ബെല്ച് ആകട്ടെ തന്റെ ശിഷ്ടജീവിതം ഒരു സന്യാസിമഠത്തില്‍ ജീവിച്ചാണ്‌ തീര്‍ത്തത്.

Lesson to learn: If you believe that deceivers are colorful folk who mislead with elaborate lies and tall tales, you are greatly mistaken. The best deceivers utilize a bland and inconspicuous front that calls no attention to themselves - Robert Greene.

പെണ്‌ണേ നീ ഇരയാകുന്നു.

നീ രാത്രിയില്‍ തനിച്ചു നടക്കരുത്‌
ആണിനെ അതു പ്രലോഭിപ്പിക്കും
നീ ഒരിക്കലും ഒറ്റക്കു നടക്കരുത്
ഏതു അവസരവും ആണിനെ പ്രേരിപ്പിച്ചേക്കാം

വീട്ടില്‍ ഒറ്റക്കിരിക്കരുത്‌
അതിക്രമികളോ ബന്ധുക്കളോ നിന്നെ പ്രാപിക്കും
നീ അല്പവസ്ത്രയായി നടക്കരുത്
ആണിനെ അതു മോഹിപ്പിക്കും
നീ അണിഞ്ഞൊരുങ്ങി നടക്കരുത്
നിന്റെ എല്ലാ വസ്ത്രവും ആണിനെ ആകര്‍ഷിക്കും

 നീ കുഞ്ഞായിരിക്കരുത്‌ ‌
ചില ആണിന്‌ ഇളംപെണ്‍കുട്ടികളിലാണു ഭ്രമം
നീ വൃദ്ധയാകരുത്
ചിലര്‍ക്ക് വൃദ്ധകളിലാണു ഹരം
നിനക്കു അച്ഛനും അമ്മാവനും ഉണ്ടാകരുത്‌
ബന്ധുക്കള്‍ അധികാരത്തോടെ നിന്നെ പ്രാപിക്കും

നിനക്ക്‌ അയല്‍ക്കാരുണ്ടാകരുത്‌
അയലത്തെ ആണിനു നീ ഒരു സൌകര്യമാണ്.
നീ വിവാഹിതയാകരുത്‌
വിവാഹത്തോടെ ബലാത്സംഗം നിയമപരമാകുന്നു.

നീ ഒന്നുമാത്രം ചെയ്യുക
നിനക്ക്‌ അസ്തിത്വമില്ലായെന്നും
നീ ഈ ഭൂമിയില്‍ ഇല്ലാ എന്നും
ഉറപ്പു വരുത്തുക.

Courtesy: London Rape Crisis Guidelines