Saturday, October 20, 2012

അധികാരമേഖലയില്‍ സത്യസന്ധത- തുരുമ്പെടുത്ത ഒരു ആയുധം


ഇവിടെ പറഞ്ഞുകൊണ്ടിരിക്കുന്നത് അധികാരത്തില്‍ ഇരിക്കുന്നവര്‍ ചെയ്യുന്നതും ചെയ്യേണ്ടതുമായ കാര്യങ്ങള്‍ ആണ്.  അതുകൊണ്ടു തന്നെ നമ്മുടെ സാധാരണബുദ്ധിക്കു ഉചിതമല്ല എന്നു തോന്നുന്ന ചില സത്യങ്ങള്‍ കൂടി പറയേണ്ടതായിട്ടുണ്ട്.  അധികാരത്തിന്റെ മൂന്നാം നിയമത്തില്‍ ഉള്ളിലുള്ളത് ഒളിപ്പിച്ചുവെച്ചുകൊണ്ട് അധികാരത്തെ പിടിച്ചെടുക്കുകയോ, ബലപ്പെടുത്തുകയോ ചെയ്യുന്നവരെ കുറിച്ചാണു പ്രതിപാദിക്കുന്നത്.

നമ്മള്‍ നട്ടിന്‍പുറത്തു കണ്ടിട്ടില്ലേ,  ഒരു തുറന്ന പുസ്തകം പോലെ പെരുമാറുന്ന ആള്‍ക്കാരെ?  അവര്‍ക്കു ഒളിപ്പിക്കാനോ, മറച്ചുവെക്കാനോ ഒന്നുമില്ലാത്തതുകൊണ്ട് യാതൊരു നാട്യവുമില്ലാതെ അവര്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ നഗരങ്ങളിലുള്ളവരില്‍ നിന്നും ആ സത്യസന്ധത നമുക്കു പ്രതീക്ഷിക്കാനാകില്ല.  കാരണം കവിവാക്യം പോലെ നാട്യപ്രധാനമായ നഗരങ്ങളില്‍ മനസ്സിലുള്ളതാകില്ല വാക്കുകള്‍ ആയി പുറത്തേക്കുവരിക.  അധികാരത്തിന്റെ മണിമേടകളും, ഔദ്യോഗികമേഖലകളും ഇത്തരം ഗോപ്യഭാവങ്ങളാല്‍ സമ്പന്നമാണ്‌.  ഇതിനെ ഒരു കുറവായി കണക്കാക്കേണ്ടതില്ല.  കാരണം ഇങ്ങനെ ഉള്ളിലുള്ളതു ഗോപ്യമായി വെച്ചുകൊണ്ട് പെരുമാറേണ്ടത് അധികാരത്തിന്റെ ഒരു നിയമം തന്നെ ആണ്‌.

ചെയ്യാന്‍ പോകുന്ന കാര്യങ്ങളും ചെയ്യുന്ന കാര്യങ്ങളും തുറന്നുപറയുന്നതിനേക്കാള്‍ അധ്വാനവും ശ്രദ്ധയും വേണ്ടത് അത്‌ ഒളിപ്പിച്ചുവെച്ചുകൊണ്ട് പെരുമാറുന്നതിനാണ്‌.  സത്യം പറയുന്നതു കൊണ്ട് ഒരു ഗുണമുണ്ട്, അതു പിന്നെ ഓര്‍ത്തുവെച്ചേക്കണ്ടതില്ല എന്ന ഒരു പഴമൊഴിയെ ഓര്‍മ്മിപ്പിക്കും വിധം വളരെയേറെ ഓര്‍ത്തും പേര്‍ത്തും ചെയ്യേണ്ട ഒന്നാണ്‌  ഈ ഒളിപ്പിച്ചുവെച്ചുകൊണ്ടുള്ള പെരുമാറല്‍.  ഉള്ളില്‍ പൊങ്ങിവരുന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ നമ്മുടെ നാക്കിനെ നിലക്കു നിര്‍ത്താന്‍ വളരെ കഠിനമായി അധ്വാനിക്കേണ്ടതായി വരും. 

സത്യസന്ധമായ അഭിപ്രായപ്രകടനത്തിലൂടെ മറ്റുള്ളവരുടെ ഹൃദയം കവരാനാകും എന്നു കരുതുന്നവര്‍ ഏറെ ഉണ്ടെങ്കിലും, അതിലെ നന്മക്കു വില കല്‍പ്പിച്ചുകൊണ്ടു തന്നെ പറയട്ടെ, ഔദ്യോഗികമേഖലകളില്‍ സത്യസന്ധമായ തുറന്നുപറച്ചില്‍ കൂടുതല്‍ സമയവും ഗുണത്തേക്കാളേറെ ദോഷമാണ്‌ ചെയ്യാറുള്ളത്‌.  മാത്രമല്ല ഇത്തരം സത്യസന്ധത പലപ്പോഴും ഇക്കൂട്ടരെ കൂടുതല്‍ അബദ്ധങ്ങളിലേക്കു നയിക്കുന്നതായാണു കണ്ടുവരുന്നത്.

അധികാരമേഖലയില്‍ സത്യസന്ധത തുരുമ്പുപിടിച്ച ആയുധം പോലെയാണ്, അത് ആര്‍ക്കും ആവശ്യമില്ല,  അതുകൊണ്ടു മുറിവേറ്റാല്‍ കൂടുതല്‍ ആപത്തുകള്‍ ഉണ്ടാകുകയും ചെയ്യും.

അധികാരത്തിന്റെ ഇടനിലങ്ങളില്‍ പരുപരുത്ത സത്യസന്ധതയേക്കാള്‍ മറ്റുള്ളവര്‍ക്കു അഭികാമ്യമാം വിധം അലക്കിത്തേച്ചുപയോഗിക്കുന്ന വാക്കുകള്‍ക്കാണു കൂടുതല്‍ സ്വീകാര്യത.  ഇതിനും പുറമേ,  മറ്റുള്ളവര്‍ക്കു മനസ്സിലാകും വിധമുള്ള നിങ്ങളുടെ തുറന്ന സത്യസന്ധത പലപ്പോഴും നിങ്ങളെ നിര്‍വചനാതീതനായി കാണുന്നതില്‍ നിന്നും ആള്‍ക്കാരെ പിന്‍തിരിപ്പിക്കും, മാത്രമല്ല, അതുകൊണ്ടു തന്നെ പലപ്പോഴും നിങ്ങള്‍ക്കു അര്‍ഹിക്കുന്ന അംഗീകാരമോ ബഹുമാനമോ കിട്ടിയെന്നും വരില്ല.

സുവ്യക്തമായ രീതിയില്‍ മറ്റുള്ളവരുടെ വികാരങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയാത്ത ഒരാളില്‍ അധികാരം കൂടുതല്‍ നാള്‍ തങ്ങിനില്‍ക്കില്ല.   നിങ്ങളെ മറ്റുള്ളവര്‍ വല്ലാതെ കണ്ട് അറിഞ്ഞുപോയാല്‍, പിന്നെ നിങ്ങള്‍ക്കു കിട്ടിക്കൊണ്ടിരിക്കുന്ന ബഹുമാനത്തിനു കുറവുണ്ടാകും.    നിങ്ങളുടെ ഉള്‍വിചാരങ്ങളെ എത്രമാത്രം പൊതിഞ്ഞുസൂക്ഷിക്കുന്നുവോ, അത്രമാത്രം കൂടുതല്‍ അധികാരങ്ങളിലേക്കു നിങ്ങള്‍ക്കു നടന്നുപോകുവാനാകും. 

നിങ്ങള്‍ അധികാരത്ത സ്‌നേഹിക്കുന്നു എങ്കില്‍ ആദ്യം സത്യസന്ധതയെ പാര്‍ശ്വവത്കരിച്ചു ഒരിടത്തേക്കു മാറ്റിവെക്കണം എന്നിട്ടു നിങ്ങളുടെ ഉള്ളിലിരുപ്പ് പ്രകടിപ്പിക്കാതെ, ഏവര്‍ക്കും സ്വീകാര്യമായ നാട്യത്തിന്റെ മുഖംമൂടി ധരിക്കണം. എത്രമാത്രം കൌശലപൂര്‍വം ഈ നാട്യത്തെ നിങ്ങള്‍ ഉപയോഗിക്കുന്നുവോ, അത്രയേറേ മേല്‍ക്കൈ നിങ്ങള്‍ക്കു അധികാരമേഖലയില്‍ ഉണ്ടായിരിക്കും.

ഉള്ളിലുള്ളത് ഒളിപ്പിക്കുക എന്നത് മനുഷ്യന്റെ സഹജമായ സ്വഭാവമാണ്.  അതിനെ എത്രമാത്രം കലാപരമായി ഉപയോഗിക്കുന്നു എന്നതിലാണ്‌ ഒരാളുടെ സാമര്‍ഥ്യം കുടികൊള്ളുന്നത്‌.  കണ്ണുകൊണ്ടു കാണുന്നതിനെ വിശ്വസിക്കുക എന്ന ഒരു സഹജസ്വഭാവം കൂടി മനുഷ്യനുണ്ട്. ഉള്ളിലുള്ളതിനെ കാണിക്കാതെ മറ്റുള്ളവര്‍ക്കു കാണുവാനും സംവദിക്കാനും കഴിയുന്നതിനെ പ്രകടിപ്പിക്കുന്നതു വഴി മനുഷ്യന്‍ അതിനെ മാത്രം വിശ്വസിക്കും.  ഈ വിശ്വാസത്തെ, തന്റെ ലക്ഷ്യത്തിനായി എത്രമാത്രം ഉഴുതും വിതച്ചും ഉപയോഗിക്കാന്‍ ഒരാള്‍ക്ക് സാധിക്കുന്നുവോ, അത്രയേറെ ഗുണകരമായ രീതിയില്‍ തന്റെ അധികാരത്തെ നില്‍നിര്‍ത്തിക്കൊണ്ടുപോകുവാന്‍ അയാള്‍ക്കു കഴിയും.

നേരില്‍ കാണുന്നതിനെയും കേള്‍ക്കുന്നതിനേയും എങ്ങനെയാണ്‌ അവിശ്വസിക്കുക?  നിങ്ങളുടെ മനോവികാരത്തെ ഒളിപ്പിച്ചുകൊണ്ട് നിങ്ങള്‍ പെരുമാറുന്നത് മറ്റൊരാള്‍ക്ക് ഒരിക്കലും മനസ്സിലാവുകയില്ല. നിങ്ങളെ മറ്റൊരാള്‍ക്ക് ശരിക്കും വായിക്കാനാകുന്ന വിധം തുറന്ന പുസ്തകം പോലെ ആക്കാത്തിടത്തോളം നിങ്ങളില്‍ നിന്നും മറ്റുള്ളവര്‍ കൂടുതല്‍ എന്തൊക്കെയോ പ്രതീക്ഷിച്ചുകൊണ്ടിരിക്കും.  ഇതു നിങ്ങളുടെ പ്രവര്‍ത്തിമണ്ഡലത്തില്‍ കൂടുതല്‍ ഉയരങ്ങളിലേക്കു നയിക്കാന്‍  നിങ്ങളെ സഹായിക്കും.

Sunday, October 7, 2012

മലയാളികളുടെ സ്‌മാര്‍ട്നെസ്

ഗള്‍ഫില്‍ വന്ന കാലം മുതല്‍ ഇന്‍ഡ്യയിലെ അന്യസംസ്ഥാനക്കാരില്‍ നിന്നും അന്യദേശക്കാരില്‍ നിന്നും ഒക്കെ കേള്‍ക്കുന്ന ഒരു പല്ലവി ഉണ്ട്. "നിങ്ങള്‍ മലയാളികള്‍ വളരെ സ്‌മാര്‍ട്ട് ആണ്".

മലയാളികളെക്കുറിച്ച് പലവിധ ഭാഷ്യങ്ങളാണ്‌ അന്യസംസ്ഥാനക്കാര്‍ പൊതുവേ അവരുടെ സ്വകാര്യസംഭാഷണങ്ങളില്‍ പറയാറുള്ളത്, അതില്‍ മുന്നില്‍ നില്‍ക്കുന്നത് മലയാളികള്‍ വളരെ സ്വാര്‍ത്ഥമതികള്‍ ആണ്‌ എന്ന അഭിപ്രായമാണ്.
 ഏതു മണ്ഡലത്തിലായാലും മലയാളികളോളം കുശാഗ്രബുദ്ധി മറ്റൊരാളിലും ഇല്ലായെന്ന് സ്വയംബോധ്യപ്പെട്ടപ്പോഴൊക്കെ ഒരു മലയാളി ആയി ജനിച്ചതില്‍ അല്പം അഹങ്കാരം കലര്‍ന്ന അഭിമാനം തോന്നിയിട്ടുമുണ്ട്.

നമ്മള്‍ മലയാളികള്‍ക്കു പൊതുവായ ഒരു സ്വഭാവം ഉണ്ട്. ആരെ പരിചയപ്പെട്ടാലും, അതു ഇനി അമേരിക്കക്കാരന്‍ ആയാലും കൊള്ളാം, അറബി ആയാലും കൊള്ളാം, എന്നോളം വരുമോടാ നീ എന്ന ഒരു വിചാരം നമുക്കുണ്ട്. ബൌദ്ധികപരമായ ഒരു അപ്രമാദിത്വം നമ്മള്‍ ഒരു കിരീടം പോലെ ധരിക്കാറുണ്ട്. അതുകൊണ്ടു തന്നെ മലയാളിക്ക് മറ്റൊരു മലയാളിയെ അല്ലാതെ വേറെ ആരേയും പേടിയും ഇല്ല.

കഥയിലേക്കു വരാം. ഇന്നലെ ഒരു ഹൈദ്രാബാദി യുവാവിനെ പരിചയപ്പെട്ടു. മലയാളി ആണെന്നു ഞാന്‍ പരിചയപ്പെടുത്തിയപ്പോള്‍ അവനും പറഞ്ഞു 'നിങ്ങള്‍ മലയാളികള്‍ വളരെ സ്‌മാര്‍ട്ട് ആണ്'. ഇതു ഒരുപാടു കേട്ടിട്ടുണ്ട് എന്ന രീതിയില്‍ ഒരു സന്തോഷസൂചക ചിരിയില്‍ മറുപടി ഒതുക്കിയപ്പോഴാണ്‌ ഞെട്ടിച്ചുകൊണ്ട് അവന്‍ അതിന്റെ കാരണം കൂടി പറഞ്ഞത്.

“നിങ്ങള്‍ നിങ്ങളുടെ കാടു വെട്ടി നശിപ്പിക്കില്ല, നിങ്ങളുടെ പുഴയില്‍ നിന്നും മണ്ണു വാരിക്കില്ല, നിങ്ങളുടെ നാട്ടില്‍ ഫാക്റ്ററികള്‍ പണിഞ്ഞു അന്തരീക്ഷം മലിനമാക്കില്ല, നെല്‍വയലുകള്‍ നികത്തി വലിയ കെട്ടിടങ്ങള്‍ക്കായി ഗ്രാമങ്ങള്‍ വിട്ടുകൊടുക്കില്ല. നിങ്ങള്‍ അന്യസംസ്ഥാനങ്ങളിലും ഗള്‍ഫിലും ഒക്കെ വന്നു പൈസ ഉണ്ടാക്കി സുഖദമായ ഒരു അവധിക്കാലം ചെലവഴിക്കാന്‍ സ്വന്തം നാട്ടിലെത്തുന്നു. നിങ്ങള്‍ക്കു മഴയുണ്ട്, പുഴയുണ്ട്, പൈസയുണ്ട്. സ്വന്തമായി ദൈവത്തിന്റെ ദാനം പോലെ ഒരു നാടുണ്ട്. അതിനെ നശിപ്പിക്കാന്‍ നിങ്ങള്‍ ആരേയും അനുവദിക്കില്ല. അതാണ്‌ നിങ്ങളുടെ സ്മാര്‍ട്നെസ്.

ആദ്യമായാണ്‌ തികച്ചും വ്യത്യസ്തമായ ഒരു നിരീക്ഷണം കേട്ടത്. ഒരു വാക്കുപോലും മറുപടി പറയാനാകാതെ ഉള്ളില്‍ ചിരിയും അല്പം അഭിമാനവും ഒതുക്കി ഇരുന്നപ്പോഴും ഉള്ളില്‍ ഒരു ഭീതിയുണ്ടായി. ഇവര്‍ പുറത്തുനിന്നു കാണുന്നതല്ലല്ലോ എന്റെ നാട്. അകം പുകയുന്നത് പുറം അറിയാതിരിക്കട്ടെ.

Saturday, October 6, 2012

മോവോ സേതുങും ശത്രുവും

ബദ്ധവൈരി അഥവാ കടുത്ത എതിരാളി ഒരാള്‍ക്ക്‌ ഉണ്ടെങ്കില്‍ അയാള്‍  ദത്തശ്രദ്ധനായിരിക്കും എന്ന ഒരു സത്യം ഉദാഹരണ സഹിതം റോബര്‍ട്ട് ഗ്രീനിന്റെ അധികാരത്തിന്റെ 48 നിയമങ്ങള്‍ എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.

അഭിപ്രായമാത്സര്യവും ശത്രുക്കളോടു നേരിടാന്‍ സദാ പുലര്‍ത്തിയിരുന്ന ജാഗ്രതയും ആയിരുന്നു മാവോ സേതുങ് എന്ന നേതാവിന്റെ അനന്യമായ കഴിവ് എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയുണ്ടാവില്ല.
ചൈനയില്‍ നാഷണലിസ്റ്റുകളും മാവോ സേതുങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റുകളും തമ്മില്‍ ആഭ്യന്തരകലഹം നടക്കുന്നതിനിടയിലാണ്‌ 1937-ല്‍ ജപ്പാന്‍ ചൈനയില്‍ കടന്നാക്രമണം നടത്തിയത്‌.

പരാജയഭീതി തോന്നിയ ഒരു പറ്റം കമ്യൂണിസ്റ്റുകള്‍ മാവോയുടെ മുന്‍പാകെ ഒരു നിര്‍ദ്ദേശം വെച്ചു.  എന്തെന്നാല്‍ ജപ്പാനോടു നേരിടാന്‍ നാഷണലിസ്റ്റുകള്‍ മതി, കമ്യൂണിസ്റ്റുകള്‍ ഒഴിഞ്ഞുനില്‍ക്കാം, ഈ ഇടവേളയില്‍ കമ്യൂണിസ്റ്റുകള്‍ക്കു കൂടുതല്‍ ശക്തിയാര്‍ജ്ജിക്കാം എന്നതായിരുന്നു നിര്‍ദ്ദേശം.  എന്നാല്‍ ഈ നിര്‍ദ്ദേശം മാവോയ്‌ക്ക് ഒട്ടും സ്വീകാര്യമായിരുന്നില്ല.
ചൈന മാതിരിയുള്ള ഒരു വലിയ രാജ്യത്തെ ജപ്പാന്‌ അത്രപെട്ടെന്നൊന്നും കീഴടക്കാന്‍ കഴിയില്ല എന്നു മാവോയ്ക്ക് ഉറപ്പുണ്ടായിരുന്നു. ഈ കാലമത്രയും കമ്മ്യൂണിസ്റ്റുകള്‍ സമരമുഖത്തില്ലാതെയിരുന്നാല്‍ അതു അവരെ അലസന്‍മാരാക്കുമെന്നു മാവോയ്ക്കു അറിയാമായിരുന്നു.  മാത്രമല്ല,ഒരു ഇടവേളയുണ്ടായാല്‍ ജപ്പാന്‍ പരാജിതരായിപോയി കഴിഞ്ഞ് പിന്നീടു നാഷണലിസ്റ്റുകളോട് എതിരിടാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഊര്‍ജ്ജവും ആര്‍ജ്ജവവും നഷ്ടപ്പെടുമെന്നും മാവോ കരുതിയിരുന്നു.
അതിനു പുറമേ,  പ്രബലശക്തികളായ ജപ്പാനോട് എതിരിടുന്നതു വഴി പൊതുവേ അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന കമ്യൂണിസ്റ്റ് ശക്തിക്ക്‌ ശക്തമായ ഒരു പരിശീലനം ലഭിക്കുമെന്നും മാവോ പ്രതീക്ഷിച്ചു.  മാവോയുടെ പ്രതീക്ഷകളെ അപ്പാടെ ശരിവെക്കുന്നതായിരുന്നു പിന്നീട് സംഭവിച്ചതെല്ലാം.  ജപ്പാന്‍ ചൈനയില്‍ നിന്നും പരാജിതരായി പിന്‍മാറിയപ്പോഴേക്കും നാഷണലിസ്റ്റുകളെപ്പോലും നിര്‍വീര്യമാക്കാന്‍ പാകത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ ശക്തരായി കഴിഞ്ഞിരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം ജപ്പാന്‍ പ്രതിനിധി ചൈന സന്ദര്‍ശിച്ചപ്പോള്‍ ചൈനയുടെ മേല്‍ ജപ്പാന്‍ നടത്തിയ കടന്നാക്രമണത്തിനു മാപ്പു ചോദിച്ചപ്പോള്‍ മാവോ സേതുങ്ങ് പറഞ്ഞത് ഇപ്രകാരമാണ്‌:  'യഥാര്‍ഥത്തില്‍ നിങ്ങളോട് ഞാന്‍ നന്ദി ആണ്‌ അറിയിക്കേണ്ടത്‌.  എന്തെന്നാല്‍ ജപ്പാനെ പോലെ ശക്തനായ ഒരു എതിരാളി ഇല്ലായിരുന്നുവെങ്കില്‍ കമ്മ്യൂണിസ്റ്റുകള്‍ ഇത്രമാത്രം വളരുകയോ ശക്തി പ്രാപിക്കുകയോ ചെയ്യുമായിരുന്നില്ല." ശക്തനായ എതിരാളിയെ പ്രതിരോധിക്കാന്‍ ഇല്ലെങ്കില്‍ വ്യക്തിയോ സംഘമോ ഒരു പരിധിക്കപ്പുറത്തേക്കു വളരുകയില്ല.
ഒരിക്കലും തോല്‍പ്പിക്കാനാകില്ല എന്നുറപ്പുള്ള എതിരാളിയുമായി യുദ്ധം ചെയ്യരുത്.  എന്നാല്‍ ചൈനയെപ്പോലെ ഒരു വലിയ രാജ്യത്തെ തോല്പ്പിക്കാന്‍ ജപ്പാനു കഴിയില്ല എന്നു മാവോയ്ക്ക് ശരിക്കും ഉറപ്പുണ്ടായിരുന്നു.  

 ശക്തനായ ഒരു എതിരാളി ഇല്ലായെങ്കില്‍ മുന്നോട്ടു വളരാനുള്ള സമരവീര്യം ക്ഷയിക്കും എന്നു മാത്രമല്ല ചിലപ്പോള്‍ സൌകര്യാര്‍ഥം നാമമാത്രമായ ഒരു എതിരാളിയില്‍ തങ്ങളെ തളച്ചിടപ്പെടുകയോ, അല്ലെങ്കില്‍ കൂട്ടത്തിലുള്ള ഒരാളില്‍ നിന്നു തന്നെ ശത്രുവിനെ കണ്ടെത്തുകയോ ചെയ്യും എന്നും മാവോ കരുതിയിരുന്നു.  അതുകൊണ്ടാണ്‌ ജപ്പാന്റെ പിന്‍തിരിയലിനു ശേഷവും സോവ്യറ്റ് യൂണിയനുമായും അമേരിക്കയുമായി ചൈന പുലര്‍ത്തിപ്പോന്ന അഭിപ്രായവ്യത്യാസങ്ങളെ മാവോ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നത്. 
ഇത്തരം അഭിപ്രായവ്യത്യാസങ്ങള്‍ ചൈനയുടെ ദേശീയതാത്പര്യവുമായി ഇഴചേര്‍ക്കുകയും കൃത്യമായ എതിരാളികളെ സമയാസമയങ്ങളില്‍ നിര്‍വചിക്കപ്പെടുകയും ചെയ്തതു വഴി ചൈനയിലെ കമ്മ്യൂണിസ്റ്റ് ശക്തികളെ എന്നും സചേതനമാക്കി നിര്‍ത്താന്‍ മാവോയ്ക്കു കഴിഞ്ഞിരുന്നു.

ഈ ഉദാഹരണത്തിലൂടെ പറയുന്നത്:  തന്റെ കര്‍മ്മമണ്ഡലത്തില്‍ ഒരു എതിരാളി ഉണ്ടായിരിക്കുക എന്നത് വിഷമം ഉണ്ടാക്കേണ്ട ഒന്നല്ല. മറിച്ച് സൌഹൃദം നടിക്കുകയും പരോക്ഷമായി ശത്രുത കാട്ടുകയും ചെയ്തു ഒളിഞ്ഞിരിക്കുന്ന ശത്രുവിനേക്കാള്‍ തെളിഞ്ഞു കാണുന്ന പ്രത്യക്ഷശത്രു നിങ്ങളെ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കും
അധികാരം ആഗ്രഹിക്കുന്നവര്‍ക്ക്‌ ഒരു ശത്രു എപ്പോഴും സ്വീകാര്യനായിരിക്കും. കാരണം ഈ ശത്രുവിനെ ഉപയോഗിച്ച് അവര്‍ക്കു കൂടുതല്‍ അധികാരങ്ങളിലേക്കും പ്രശസ്തിയിലേക്കും എത്താന്‍ കഴിയും.

Wednesday, September 26, 2012

ഹെയ്റോ രാജാവും വായ്‌നാറ്റവും

ഗ്രീസിലെ ഹെയ്‌റോ രാജാവിനു ഒരിക്കല്‍ തന്റെ ശത്രുവിനോടു നേരിട്ടു സംസാരിക്കേണ്ട ഒരു അവസരമുണ്ടായി. സംസാരമദ്ധ്യേ 'താങ്കള്‍ക്കു അസഹ്യമായ വായ്നാറ്റം ഉണ്ടെന്നും താങ്കള്‍ക്കു നേര്‍ക്കുനേര്‍ നിന്നു സംസാരിക്കാന്‍ തനിക്കു ബുദ്ധിമുട്ടുണ്ടെന്നും' ശത്രു അധിക്ഷേപരൂപത്തില്‍ ഹെയ്‌റോ രാജാവിനോടു പറഞ്ഞു.

സഭാമദ്ധ്യത്തില്‍ അധിക്ഷേപിതനായ രാജാവ്‌ കുപിതനായി തന്റെ അന്ത:പുരത്തിലെത്തി രാജ്ഞിയെ ശകാരിച്ചു. എന്തുകൊണ്ട്‌ വായനാറ്റത്തിന്റെ കാര്യം രാജാവിനോടു ഇതുവരെ പറഞ്ഞില്ല എന്നു ആക്രോശിച്ചു.

കുലീനയും പതിഭക്തയുമായിരുന്ന രാജ്ഞി ഇങ്ങനെ പറഞ്ഞു. 'പ്രഭോ, എനിക്കു ഒരു പുരുഷനെ മാത്രമേ അറിയൂ, എല്ലാ പുരുഷന്മാരുടെ ഗന്ധം ഇതായിരിക്കും എന്നാണു ഞാന്‍ കരുതിയിരുന്നത്‌'

നിങ്ങളുടെ ന്യൂനതകള്‍,അതു ശാരീരിക സംബന്ധിയാകട്ടെ, സ്വഭാവസംബന്ധിയാകട്ടെ, ആദ്യം ശ്രദ്ധിക്കുക നിങ്ങളുടെ ശത്രുക്കള്‍ ആയിരിക്കും. ഈ കുറവുകളെ വെച്ചു സഭാമദ്ധ്യേ നിങ്ങളെ അവര്‍ ചെറുതാക്കുകയും അവരുടെ വിജയത്തിനോ ആനന്ദത്തിനോ വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്യും.

സൌഹൃദത്തിനിടയിലെ അപ്രിയസത്യങ്ങള്‍

അധികാരങ്ങളുടെ തലങ്ങളെക്കുറിച്ചു പറയുന്ന ഈ ഭൂമികയില്‍ ഒരല്പം സുഹൃത്‌ വിചാരം.

ഈ ലോകം നന്ദികെട്ടവരുടേതു കൂടിയാണ്‌. ഈ നിര്‍ദയലോകത്ത്‌ പലപ്പോഴും ആശ്വാസം സുഹൃത്തുക്കള്‍ മാത്രമാണ്‌. സൌഹൃദത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച്‌ എത്ര വര്‍ണ്ണിച്ചാലാണു മതിയാവുക. എല്ലാ ബന്ധങ്ങള്‍ക്കിടയിലും അല്‍പ്പം അകല്‍ച്ച സൂക്ഷിക്കുന്ന നമ്മള്‍ പലപ്പോഴും സൌഹൃദത്തിന്റെ കാര്യത്തില്‍ ആ അകല്‍ച്ച...
യെ മറന്നേ പോകുന്നു. ഖലീല്‍ ജിബ്രാന്‍ എഴുതിയിട്ടുണ്ട്..എല്ലാ ബന്ധങ്ങള്‍ക്കിടയിലും അല്‍പ്പം വിടവു വേണം ആ വിടവുകള്‍ക്കുള്ളില്‍ ആനന്ദം നൃത്തം ചെയ്യും.

സൌഹൃദത്തിന്റെ മാറ്റു കുറക്കുന്ന എന്തെങ്കിലും എഴുതുക എന്നതു ഇവിടെ ഉദ്ദേശിച്ചിട്ടില്ല. എങ്കിലും തൊഴില്‍ മേഖലയില്‍ സൌഹൃദം കൊണ്ടുണ്ടാകാവുന്ന ചില അപകട സാധ്യതകള്‍ എഴുതുകയാണ്‌.

പലപ്പോഴും പലരും പറഞ്ഞു കേട്ടിട്ടില്ലേ, അവനെ ഞാന്‍ ആണ്‌ ഈ നിലയിലെത്തിച്ചത്, എന്നിട്ടും അവന്‍ എന്നോടിങ്ങനെ ചെയ്തല്ലോ എന്ന്‌? എന്തുകൊണ്ടാണ്‌ നിങ്ങള്‍ വിശ്വസിച്ചിരുന്ന സുഹൃത്ത് നിങ്ങളുടെ ജോലി പങ്കിടുമ്പോഴോ, ഒരു ജോലി ഏല്‍പ്പിക്കുമ്പോഴോ വേരൊരു ആളായി മാറി എന്നു നിങ്ങള്‍ക്കു തോന്നുന്നത്?

ഇതിന്റെ കാരണം അവിശ്വസനീയമെന്നു തോന്നാം, പക്ഷേ സുഹൃത്തിനൊടു നിങ്ങള്‍ കാട്ടുന്ന ദയ ആണു നിങ്ങളുടെ സുഹൃത്തിനെ വ്യത്യസ്തനാക്കുന്നത്‌. ഒരു ദയയുടെ ബാധ്യത വളരെ നിര്‍ദയമായ അവസ്ഥയിലേക്കു നീങ്ങുന്നതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്.

നിങ്ങള്‍ ഒരു സ്ഥാപനമോ സംരഭമോ തുടങ്ങുമ്പോള്‍ കൂടുതല്‍ വിശ്വാസത്തോടെ കാര്യങ്ങള്‍ ഏല്‍പ്പിക്കാനാവുക ഉത്തമസുഹൃത്തുക്കളെ തന്നെയാണ്‌. ഒരു കൂട്ടായി, തന്റെ സ്ഥാനത്തു നിന്നു കാര്യങ്ങള്‍ നോക്കാന്‍ അപരിചിതനായ ഒരാളെ കണ്ടെത്തുന്നതിനേക്കാളും എപ്പോഴും അഭികാമ്യം ഉത്തമ സുഹൃത്തുക്കളെ അതേല്‍പ്പിക്കുക എന്നതാണ്‌.

പക്ഷേ ഇങ്ങനെ ചെയ്യുന്നതിനു മുന്നെ നിങ്ങളുടെ സുഹൃത്തിനെ നിങ്ങള്‍ എത്രമാത്രം അറിഞ്ഞിരിക്കുന്നു എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. പലപ്പോഴും പല സുഹൃത്തുക്കളും നിങ്ങളുടെ അഭിപ്രായത്തോടു ചേര്‍ന്നു നില്‍ക്കുന്നത്‌ ഒരു നീരസം ഒഴിവാക്കാനോ, അല്ലെങ്കില്‍ വെറുതെ അപ്രീതിയുണ്ടാക്കേണ്ട എന്നു കരുതിയോ ആയിരിക്കും. അവരിലെ അസുന്തഷ്ടമായ മനസ്സിനെ മൂടിവെച്ചായിരിക്കും പലപ്പോഴും നിങ്ങളുടെ മുന്നില്‍ സന്തോഷവാന്‍മാരായി പെരുമാറുക. നിങ്ങള്‍ പറയുന്ന തമാശകളും നിങ്ങളുടെ മാനസികോല്ലാസത്തിനുതകിയ കാര്യങ്ങളും സുഹൃത്തുക്കളോട്‌ പങ്കുവെക്കുമ്പോള്‍ ചേര്‍ന്നു ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നവരില്‍ പലരും അവരിലെ അസുന്തഷ്ടമായ മനസ്സിനെ മറച്ചുവെച്ചുകൊണ്ടാകും നിങ്ങളോടു ചേര്‍ന്നുനില്‍ക്കുന്നത്‌.

നിങ്ങളുടെ കഴിവിലും രുചിയിലും അത്‌ഭുതം പ്രകടിപ്പിക്കുന്ന സുഹൃത്തുക്കളില്‍ പലരും പലപ്പോഴും നിങ്ങളെ സന്തോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി മാത്രമായിരിക്കും കൂടെ നില്‍ക്കുന്നത്‌.

നിങ്ങളുടെ സ്ഥാപനത്തിലേക്കു ഒരു സുഹൃത്തിനെ ജോലിയിലേക്കു എടുക്കുമ്പോള്‍ ക്രമേണ മാത്രമേ ആ സുഹൃത്തില്‍ ഒളിഞ്ഞിരിക്കുന്ന യഥാര്‍ഥ സ്വഭാവം മനസ്സിലക്കാന്‍ കഴിയൂ.

ഒരു ജോലിയില്‍ എവിടെയും സ്വന്തം കഴിവിന്റെ ഔന്നത്യം ഉണ്ടായിരിക്കണം എന്നു ആഗ്രഹിക്കാത്ത ആരാണുള്ളത്? നിങ്ങളുടെ ദയാവായ്പിലൂടെ ലഭിച്ച ജോലി നിങ്ങളുടെ സുഹൃത്തില്‍ ക്രമേണ ദുസ്സഹമായ ഒരു അടിച്ചമര്‍ത്തലായി അനുഭവപ്പെട്ടു തുടങ്ങും.

താന്‍ ഒരു സുഹൃത്തായതുകൊണ്ടാണ്‌, അല്ലാതെ തന്റെ കഴിവുകൊണ്ടല്ല ഈ ജോലി ലഭിച്ചത് എന്ന തോന്നല്‍ ഒരുവശത്ത്. അതിനു പുറമേ, നിങ്ങളോടു പുലര്‍ത്തേണ്ടുന്ന കടപ്പാടിന്റെ ഭാരം വേറേയും. അസ്വസ്ഥമാക്കപ്പെടുന്ന മനസ്സില്‍ നിന്നും അതോടെ സൌഹൃദം പടിയിറങ്ങിത്തുടങ്ങും. കാരുണ്യം കൊണ്ടോ, സഹതാപം കൊണ്ടോ സഹായിച്ച സുഹൃത്ത് അതോടെ നഷ്ടപ്പെടുന്നു. എന്നു മാത്രമല്ല, നിങ്ങളോട്‌ വെറുപ്പു സൂക്ഷിക്കുന്ന ഒരാളായി ഈ സുഹൃത്ത് രൂപാന്തരപ്പെടുകയും ചെയ്യുന്നു.

ഇത്തരം സുഹൃത്തുക്കളില്‍ നിന്നും ഒരു ശത്രുവിനെപ്പോലെ നേരിട്ടുള്ള ആക്രമണം നിങ്ങളുടെ നേരെ ഉണ്ടാകില്ല എന്നതാണ്‌ ഇതിലെ വേദനിപ്പിക്കുന്ന സത്യം. അല്‍പ്പം അവിശ്വാസ്യത, ചെറിയ രീതിയിലെ നിരാശകള്‍, നിങ്ങളോടുള്ള അല്‍പ്പം അസൂയ ഇതെല്ലാം ചേര്‍ന്നു ക്രമേണ നിങ്ങള്‍ക്കിടയിലെ സൌഹൃദം മങ്ങിത്തുടങ്ങും. ഈ അവസരത്തില്‍ എത്രമാത്രം ആനുകൂല്യങ്ങള്‍ നിങ്ങളുടെ സുഹൃത്തിനു കൊടുക്കുന്നുവോ, അതെല്ലാം തന്റെ അവകാശങ്ങള്‍ മാത്രമാണെന്ന തോന്നലിലേക്കു കാര്യങ്ങള്‍ മാറുകയും കൊടുക്കുന്ന ആനുകൂല്യങ്ങള്‍ക്കു പ്രത്യുപകാരമായി കൂടുതല്‍ നന്ദികേടിലേക്കു കാര്യങ്ങള്‍ നീങ്ങുകയും ചെയ്യും.

ഇത്തരം നന്ദികേടുകളുടെ നിരവധി കഥകള്‍ ചരിത്രത്താളുകളില്‍ വേദനയുടെ പര്യായമായി കിടപ്പുണ്ട്. ഈ പേജില്‍ മുന്‍പെഴുതിയ മൈക്കിള്‍ മൂന്നാമന്റെ കഥ ഇത്തരം ഒരു നന്ദികേടിന്റെ കഥയായിരുന്നു. ചരിത്രത്തിലെ ഈ കഥകളെല്ലാം കണ്‍മുന്നിലുണ്ടെങ്കിലും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

ഒരു സുഹൃത്തിനെ നിങ്ങളുടെ സ്ഥാപനത്തില്‍ ഒരേ പദവിയില്‍ ജോലി ചെയ്യാന്‍ കൂടെ കൂട്ടുമ്പോള്‍, അന്നേവരെ നിങ്ങള്‍ക്കു ആ സ്ഥാപനത്തിലുണ്ടായിരുന്ന അധികാരത്തെ അതു പരിമിതപ്പെടുത്തും. അത്തരം ഒരുപാടു സംഭവങ്ങള്‍ അനുഭവസ്ഥരില്‍ നിന്നും അറിഞ്ഞിട്ടുണ്ട്.

നിങ്ങളുടെ സുഹൃത്ത് നിങ്ങളെ എല്ലാ കാര്യത്തിലും സഹായിച്ചേക്കാം. പക്ഷേ ജോലിയിലെത്തിക്കഴിഞ്ഞാല്‍ തന്റെ തടം ഉറപ്പിക്കുക എന്ന വലിയ ഒരു ദൌത്യം എല്ലാവരിലും ഉണ്ട്. ഇത് നിങ്ങളുടെ സുഹൃത്തിലുമുണ്ട്. തടമുറച്ചുകഴിഞ്ഞാലോ, പിന്നെ വളരണമെങ്കില്‍ അതിനു മതിയായ സാഹചര്യം വേണം. നിങ്ങളോടുള്ള കടപ്പാടിന്റെ നിഴല്‍ ആ വളര്‍ച്ചക്കു വലിയ ഒരു ബാധ്യത ആയി മാറും. ഇത്തരം സാഹചര്യങ്ങളിലാണ്‌ സൌഹൃദത്തിനുമേലും നിഴല്‍ പരക്കുന്നത്‌.

തൊഴില്‍മേഖലയില്‍ സൌഹൃദത്തേക്കാള്‍ പ്രാധാന്യം ഒരാളുടെ കഴിവിനും കാര്യക്ഷമതയ്‌ക്കുമാണ്‌. എല്ലാ തൊഴില്‍ മേഖലയിലും വ്യക്തികള്‍ തമ്മില്‍ ഒരു ചെറിയ അകലം സൂക്ഷിക്കേണ്ടത്‌ അനിവാര്യമാണ്‌. നിങ്ങള്‍ ഒരു സ്ഥാപനത്തിലെത്തിയിരിക്കുന്നത്‌ ജോലി ചെയ്യാനാണ്, അല്ലതെ സൌഹൃദം വളര്‍ത്താനോ സംരക്ഷിക്കാനോ അല്ല. നിങ്ങളുടെ കാര്യക്ഷമതയെ നോക്കിയാണ്‌ ആ സ്ഥാപനത്തിലെ നിങ്ങളുടെ നിലനില്‍പ്പ്, അല്ലാതെ സൌഹൃദം നോക്കിയല്ല. കൂടുതല്‍ അവസരങ്ങളിലേക്കു പോകാന്‍ സൌഹൃദം ഒരു ബാധ്യത ആകുന്നിടത്തു എല്ലാം അവസാനിക്കും എന്നു മാത്രമല്ല ക്രമേണ അതു ശത്രുതയിലേക്കു നടന്നുപോവുകയും ചെയ്യും.

നിങ്ങളുടെ സുഹൃത്തിനു നിങ്ങള്‍ പ്രതീക്ഷിക്കുന്നതുപോലെ കാര്യക്ഷമതയും കഴിവും ഇല്ലെങ്കിലും അഥവാ അതു കൂടുതല്‍ ആണെങ്കിലും അതു സൌഹൃദത്തെ കൊല്ലുക തന്നെ ചെയ്യും. കാരണം നിങ്ങള്‍ നല്‍കിയ കരുണ്യം നിങ്ങളെ അതു പരിമിതപ്പെടുത്തുന്നു.

സൌഹൃദം സൌഹൃദത്തിനായി മാത്രം സൂക്ഷിക്കുക, തൊഴില്‍ മേഖലയില്‍ നൈപുണ്യവും കാര്യക്ഷമതയും ഉള്ളവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുക. സ്വയം ചെയ്യേണ്ടുന്ന കാര്യങ്ങള്‍ സൌഹൃദത്തിന്റെ പേരില്‍ ചെയ്യാതിരിക്കുകയോ, സുഹൃത്ത് ചെയ്തുകൊള്ളുമെന്നു കരുതി സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കുകയോ ചെയ്യരുത്.

നിങ്ങളുടെ സുഹൃത്തില്‍ നിന്നും കൂടുതല്‍ കൃതജ്ഞത പ്രതീക്ഷിക്കാതിരിക്കുക, അപ്പോള്‍ അവര്‍ കാണിക്കുന്ന ചെറിയ നന്ദി പോലും നിങ്ങളെ വല്ലാതെ സന്തുഷ്ടരാക്കും.
 
(അധികാരത്തിന്റെ 48 നിയമങ്ങളില്‍ നിന്നും)

Monday, September 24, 2012

ശത്രുവില്‍ നിന്നു മിത്രത്തിലേക്കുള്ള ദൂരം

അധികാരവും അതു നിലനിര്‍ത്തിപ്പോരാന്‍ വേണ്ടുന്ന നിയമങ്ങളും ആണു ഇവിടെ വിഷയം. ആയതുകൊണ്ടു തന്നെ അധികാരത്തില്‍ തുടരാന്‍ ശത്രുവിനെപ്പോലും മിത്രമാക്കേണ്ടി വരുന്ന സാഹചര്യങ്ങളെക്കുറിച്ചാണു ഇക്കുറി എഴുതുന്നത്‌. ശത്രുക്കളെ തന്റെ അധികാരം നിലനിര്‍ത്താനായി മിത്രങ്ങളാക്കി മാറ്റിയ കഥ ഇങ്ങനെയും.

AD 222-ല്‍ ഹാന്‍ രാജവംശത്തിന്റെ പതനത്തിനുശേഷം ചൈനയില്‍ എന്നും അട്ടിമറി ഭരണമാണ്‌ തുടര്‍ന്നുവന്നിരുന്നത്. പട്ടാള ജനറല്‍മാരായിരിക്കുന്നവര്‍ സംഘം ചേര്‍ന്നു അധികാരത്തിലിരിക്കുന്ന രാജവംശത്തെ നശിപ്പിക്കുകയും പിന്നെ അവരുടെ പരമ്പര അധികാരത്തിലെത്തുകയും ചെയ്യും. പിന്നെ മറ്റൊരു അട്ടിമറിയിലൂടെ ആ രാജാവിനെ കൊന്നൊടുക്കി അപ്പോഴത്തെ ജനറല്‍മാര്‍ അധികാരത്തിലെത്തും.

അധികാരത്തിലിരിക്കുന്ന രാജാവിനെ കൊന്ന്‌ ഭരണം പിടിച്ചെടുക്കുക എന്നത്‌ ഒരു സമ്പ്രദായമായി നിലനില്‍ക്കുന്ന കാലത്താണു AD 959 -ല്‍ ഒരു അട്ടിമറിയിലൂടെ അന്നത്തെ പട്ടാള ജനറല്‍ ആയിരുന്ന ചാവോ കുവാങ്‌ ചൈനയില്‍ സങ് രാജവംശാധിപതിയാകുന്നത്‌.

ഇന്നല്ലെങ്കില്‍ നാളെ മറ്റൊരു അട്ടിമറിയിലൂടെ താനും വധിക്കപ്പെടും എന്ന്‌ സാങിനു നല്ല അറിവുണ്ടായിരുന്നു. ഭരണത്തിലിരിക്കുന്നവരെ കൊന്നിട്ട്‌ അധികാരം പിടിച്ചെടുക്കുന്ന ഈ സമ്പ്രദായത്തിനു ഒരു വിരാമം ഇടണമെന്നു സാങ് കരുതി. തന്റെ ഭരണം നിലനിര്‍ത്താനും വധിക്കപ്പെടാതിരിക്കാനും ശതുക്കളെ ഒഴിവാക്കേണ്ടതു സാങിനു അത്യാവശ്യമായിരുന്നു. അതിനായി അദ്ദേഹം സ്വീകരിച്ച രീതി തനിക്കു ഉണ്ടാകാന്‍ സാധ്യതയുള്ള ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റുക എന്നതായിരുന്നു.

താന്‍ രാജഭരണം ഏറ്റെടുത്തു കഴിഞ്ഞ ഉടനെ സാങ് തന്റെ പട്ടാളത്തിലെ ഉന്നതാധികാരമുള്ള ജനറല്‍മാരെ എല്ലാവരേയും ഒരു വലിയ പാര്‍ട്ടിക്കു ക്ഷണിച്ചു. എല്ലാവരും പാര്‍ട്ടിക്കു എത്തിക്കഴിഞ്ഞ ഉടനെ ജനറല്‍മാരുടെ അംഗരക്ഷകരെ എല്ലാവരേയും സാങ് തന്റെ അധികാരം ഉപയോഗിച്ചു പുറത്താക്കി. എന്നിട്ടു എല്ലാ ജനറല്‍മാര്‍ക്കും പാര്‍ട്ടിയില്‍ വെച്ചു മുന്തിയതരം വൈന്‍ വിളമ്പി. എല്ലാവരോടും നിലവിട്ടു മദ്യപിച്ചുകൊള്ളാന്‍ അനുവാദവും നല്‍കി.

വൈനില്‍ വിഷം കലര്‍ത്തി നല്‍കി പലരേയും കൊന്നിട്ടുള്ള മുന്‍കാല സംഭവങ്ങള്‍ അറിയാമായിരുന്ന ജനറല്‍മാരെല്ലാം ഈ പാര്‍ട്ടിയിലൂടെ തങ്ങളെ ഒറ്റയടിക്കു സാങ് ഇല്ലാതാക്കും എന്നു ഭയന്നു.

മദ്യലഹരിയും ഭയവും ചേര്‍ന്നു വിഭ്രാന്തരായ തന്റെ സൈനികമേധാവികളോട് സാങ് പറഞ്ഞതിങ്ങനെയാണ്‌. “എനിക്കു വേണമെങ്കില്‍ ഈ രാത്രി നിങ്ങളെ ഒറ്റയടിക്കു ഇല്ലാതാക്കാം. കാരണം പരമാധികാരി ഇപ്പോള്‍ ഞാന്‍ മാത്രമാണ്‌. നിങ്ങള്‍ക്കു എന്നോടുള്ള വിശ്വസ്തത ഞാന്‍ മനസ്സിലാക്കുന്നു. ഒപ്പം എന്റെ സിംഹാസനത്തിലും കിടപ്പറയിലും ഞാന്‍ അസ്വസ്ഥനുമാണ്. നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യം അനുസരിച്ച്‌ നിങ്ങളില്‍ ഒരാളോ അല്ലെങ്കില്‍ നിങ്ങളുടെ വിശ്വസ്തരില്‍ മറ്റൊരാളോ നാളെ എന്നെ വധിച്ചു അധികാരം പിടിച്ചെടുക്കും. അധികാരത്തോടും പണത്തോടുമുള്ള ആഗ്രഹത്തില്‍ നിന്നും നിങ്ങള്‍ക്കു നിങ്ങളെ തന്നെ അകറ്റിനിര്‍ത്താനാകില്ല. ഞാനും നിങ്ങളും ഇങ്ങനെ ഭീതിയില്‍ ജീവിക്കുന്നതുകൊണ്ട് എന്താണു ഗുണം? ആകെയുള്ള ജീവിതത്തില്‍ സുഖഭോഗങ്ങള്‍ അറിയാതെ, പടവെട്ടിയും പകവീട്ടിയും ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ട്‌ നിങ്ങള്‍ നിങ്ങളുടെ പദവികള്‍ ഒഴിഞ്ഞുപോയാല്‍ നിങ്ങള്‍ക്കു ആഡംബരത്തോടെ ഇനിയുള്ള കാലം ജീവിക്കാന്‍ ഞാന്‍ സൌകര്യം ഒരുക്കിത്തരാം.”

അതുവരെ ശത്രുവായി കരുതിയിരുന്ന സാങില്‍ നിന്നുമുണ്ടായ സൌഹൃദപരമായ നിലപാടില്‍ ജനറല്‍മാരെല്ലാം സന്തുഷ്ടരായി. സാങ് പറഞ്ഞ കാര്യങ്ങളിലൂടെ തങ്ങളുടെ ജീവനു സുരക്ഷിതത്വവും ജീവിതത്തില്‍ സമാധാനവും ലഭിക്കുന്നുറപ്പായതോടെ ജനറല്‍മാരെല്ലാം താന്താങ്ങളുടെ അധികാരം ഉപേക്ഷിച്ചു. സാങ്‌ അവര്‍ക്കു രമ്യഹര്‍മ്മങ്ങള്‍ താമസിക്കാന്‍ കൊടുക്കുകയും എല്ലാവിധ സുഖഭോഗങ്ങള്‍ക്കുള്ള സൌകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു അവരെ സന്തുഷ്ടരാക്കി.

ഒറ്റ രാത്രികൊണ്ടു ഒരു പറ്റം ചെന്നായ്ക്കൂട്ടങ്ങളെ ഇണക്കമുള്ള ആട്ടിന്‍കുട്ടികളാക്കി മാറ്റാന്‍ സാങിനു കഴിഞ്ഞു. അവരുടെ പദവി തന്റെ കൈകളിലെത്തിയതോടെ സാങ് ഒരു അട്ടിമറിയെ ഭയക്കാതെ തന്റെ ഭരണം തുടര്‍ന്നു.

എന്നാല്‍ കുറച്ചു വര്‍ഷം കഴിഞ്ഞ്‌ AD 971-ല്‍ തെക്കന്‍ ഹാന്‍ പ്രവിശ്യയിലെ രാജാവായിരുന്ന കിംഗ് ലിയൂ സാങിന്റെ ഭരണം പിടിച്ചെടുക്കാനുള്ള സന്നാഹങ്ങള്‍ ഒരുക്കി കൊട്ടാരം വളഞ്ഞു. ഇതറിഞ്ഞ സാങ് കിംഗ് ലിയൂവിനെ തന്റെ കൊട്ടാരത്തിലേക്കു ക്ഷണിക്കുകയും ഉന്നത പദവിയിലിരുത്തി ആദരിക്കുകയും ചെയ്തു.

ഈ പുതിയ സൌഹൃദം ആഘോഷിക്കാനായി മദ്യവിരുന്നു നല്‍കുകയും ചെയ്തു. അന്ത:പുരത്തില്‍ വെച്ചു നടന്ന മദ്യസത്കാരത്തില്‍ കിംഗ്‌ ലിയൂ മദ്യം കഴിക്കാന്‍ വിസമ്മതിച്ചു. തന്റെ തെറ്റുകള്‍ ക്ഷമിക്കണമെന്നും വിഷം കലര്‍ത്തിയ മദ്യം നല്‍കി തന്നെ കൊല്ലരുതെന്നും കിംഗ് ലിയൂ അപേക്ഷിച്ചു കരഞ്ഞപ്പോള്‍, ചിരിച്ചുകൊണ്ട്‌ കിംഗ് ലിയൂവിന്റെ കയ്യില്‍ നിന്നും മദ്യചഷകം വാങ്ങി സാങ് സ്വയം കുടിച്ചു. തന്റെ സൌഹൃദം സത്യമാണെന്നും അപായപ്പെടുത്താനുള്ളതല്ലെന്നും കിംഗ് ലിയൂവിനെ ബോധ്യപ്പെടുത്തി. സാങിന്റെ നിലപാടില്‍ ആദരവു തോന്നിയ കിംഗ് ലിയൂ അന്നുമുതല്‍ സാങിന്റെ വിശ്വസ്തനായി. കിംഗ് ലിയൂവിന്റെ നേതൃത്വത്തിലുണ്ടാകുമായിരുന്ന ഒരു അട്ടിമറി നീക്കത്തെ അങ്ങനെ സാങ് എന്നെന്നേക്കുമായി ഇല്ലാതാക്കി.

ഈ കാലഘട്ടത്തില്‍ നമ്മുടെ ഭാരതത്തിലേതുപോലെ തന്നെ ചെറിയ ചെറിയരാജ്യങ്ങള്‍ ആയിരുന്നു ചൈനയിലും. ഒരു ചക്രവര്‍ത്തിയുടെ കീഴില്‍ വിവിധ സാമന്തരാജാക്കന്‍മാര്‍. അത്തരം സാമന്തരാജാക്കന്‍മാരില്‍ ഒരാളായ ഷെന്‍ഷൂ തനിക്കെതിരായി പടയൊരുക്കം നടത്തുന്നതറിഞ്ഞു സാങിന്റെ പടയാളികള്‍ ഷെന്‍ഷൂവിനെ പരാജയപ്പെടുത്തി കൊട്ടാരത്തില്‍ സാങിന്റെ മുന്നിലെത്തിച്ചു.

ചക്രവര്‍ത്തിക്കെതിരെ അട്ടിമറി നടത്താന്‍ ശ്രമിച്ച ഷെന്‍ഷൂവിനെ തുറുങ്കിലടക്കണമെന്ന്‌ പടയാളികള്‍ ആവശ്യപ്പെട്ടു. ചക്രവര്‍ത്തിയെ വധിക്കാനായി ഷെന്‍ഷൂ ശ്രമിച്ചിരുന്നതിന്റെ മതിയായ തെളിവുകളും പടയാളികള്‍ സാങിന്റെ മുന്പാകെ സമര്‍പ്പിച്ചു.

എന്നാല്‍ ഷെന്‍ഷൂവിനെ തുറുങ്കിലടക്കുകയോ കൊല്ലുകയോ ചെയ്യാതെ, അദ്ദേഹത്തെ കൊട്ടാരത്തില്‍ വിളിച്ചുവരുത്തി സത്കരിക്കുകയും ആദരിക്കുകയുമാണു സാങ് ചെയ്തത്‌. വിശ്വസിക്കാനാകാതെ നിന്ന ഷെന്‍ഷൂവിന്റെ കയ്യില്‍ ഒരു വലിയ സമ്മാനപ്പൊതിയും സാങ് നല്‍കി. കൊട്ടാരത്തില്‍ നിന്നും തിരികെപ്പോയി, പാതി വഴി എത്തുമ്പോള്‍ മാത്രമേ ഈ പൊതി തുറക്കാവൂ എന്നും അറിയിച്ചു. ഈ പൊതിയില്‍ തന്റെ നാശകാരകമായ എന്തോ ആണെന്ന ഭയത്തോടെ ഷെന്‍ഷൂ കൊട്ടാരം വിട്ടു. പാതി വഴിയിലെത്തി ആ പൊതി തുറന്നു നോക്കിയപ്പോള്‍ ഷെന്‍ഷൂ സ്തബ്‌ധിച്ചു പോയി. അതെല്ലാം താന്‍ സാങിനെ കൊല്ലാനായി കരുതിയ പദ്ധതികളുടെ തെളിവുകള്‍ ആയിരുന്നു. സാങിനെ കൊല്ലാന്‍ താന്‍ കരുതിയ മാര്‍ഗ്ഗങ്ങള്‍ എല്ലാം അറിഞ്ഞിട്ടും അപായപ്പെടുത്താതെ തന്നെ വിട്ടയച്ച സാങിനോട്‌ ഷെന്‍ഷൂവിനു കടുത്ത ആദരവു തോന്നുകയും പിന്നീട് സാങിന്റെ വിശ്വസ്തസേവകനായി തുടരുകയും ചെയ്തു.

ഈ രീതിയില്‍ ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റി അട്ടിമറി ഭരണത്തിന്‌ അന്ത്യവിരാമം ഇട്ട സങ് രാജവംശം ചൈനയില്‍ പിന്നീടു മുന്നൂറു വര്‍ഷത്തോളം ഭരണം നടത്തി.

•തനിക്കു ചുറ്റും ശത്രുക്കള്‍ ഉണ്ടെന്ന ചിന്ത തന്റെ പ്രവര്‍ത്തിമണ്ഡലത്തില്‍ സദാ ജാഗരൂകനായിരിക്കാന്‍ സഹായിക്കും.

•അധികാരത്തില്‍ തുടരാന്‍ പലപ്പോഴും സുഹൃത്തുക്കളേക്കാള്‍ നല്ലത് ശത്രുക്കള്‍ ഉണ്ടായിരിക്കുക എന്നതാണ്‌.

•ശത്രുക്കള്‍ നിങ്ങളില്‍ നിന്നും അനുകമ്പ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായി നല്‍കുന്ന അനുകമ്പ ഒരു ശത്രുവിനെ തന്നെ ഇല്ലാതാക്കുന്നു.

•അധികാരം സുഖഭോഗത്തിനുള്ള ഉപാധിയാണെന്നു കരുതുന്നവര്‍ കൈക്കൂലിക്കു വഴങ്ങുന്നവരാണ്‌.

•അധികാരമേഖലയില്‍ സുഹൃത്തിനേക്കാള്‍ വിശ്വസിക്കാനും വരുതിയിലാക്കാനും കഴിയുക ശത്രുവിനെ ആണ്‌.

•അപായപ്പെടുത്താതെ വിടുന്ന ശത്രുവിന്‌ ഒരു സുഹൃത്തിനേക്കാള്‍ കൃതജ്ഞത ഉണ്ടായിരിക്കും.

•സുഹൃത്തുക്കള്‍ നിങ്ങളില്‍ നിന്നും കൂടുതല്‍ കൂടുതല്‍ പ്രതീക്ഷിക്കും. എന്നാല്‍ ശതുക്കള്‍ക്കു നേരെ നീട്ടുന്ന ചെറിയ ഔദാര്യം പോലും അവരെ നിങ്ങളിലേക്കടുപ്പിക്കും.

(അധികാരത്തിന്റെ 48 നിയമങ്ങളില്‍ നിന്നും)

Saturday, September 22, 2012

സൌഹൃദത്തിന്റെ ഇരുണ്ടവശങ്ങള്‍

 9-ം നൂറ്റാണ്ടിന്റെ മധ്യത്തില്‍ (AD 842-867) റോമിലെ ബിസാന്തിന്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്നു മൈക്കിള്‍ മൂന്നാമന്‍.

അച്ഛന്‍ തിയോഫിലോസിന്റെ മരണശേഷം 2 വയസ്സു പ്രായമായപ്പോള്‍ ചക്രവര്‍ത്തിയായി അവരോധിതനായതാണു മൈക്കിള്‍. മൈക്കിള്‍ കുട്ടിയായിരുന്ന കാലത്തു അമ്മ തിയോഡറ ആണു ചക്രവര്‍ത്തിനിയായി തുടര്‍ന്നത്‌.

അധികാരദാഹിയായിരുന്ന അമ്മാവന്‍ ബര്‍ദാസ്‌ ആണ്‌ ഇക്കാലമത്രയും

ചക്രവര്‍ത്തിനിയെ ഉപദേശിച്ചിരുന്നത്‌. ഭരണനൈപുണ്യമോ പരിചയമോ ഇല്ലാത്ത ബാലനായ മൈക്കിളിനെ ഉപയോഗിച്ചു ബിസാന്തിന്‍ സാമ്രാജ്യത്തിന്റെ ഭരണം തന്റെ കൈകളില്‍ എത്തുമെന്ന വ്യാമോഹത്തോടെയാണു ബര്‍ദാസ് സഹോദരിയെ ചാരിത്ര്യദോഷാരോപം ചുമത്തി കന്യാസ്ത്രീമഠത്തിലേക്കു നാടുകടത്തിയതും കാമുകനായിരുന്ന തിയോക്റ്റസിനെ വധിക്കുകയും ചെയ്തത്‌. അങ്ങനെ കൌമാരപ്രായമെത്തും മുന്‍പേ മൈക്കിള്‍ മൂന്നാമന്‍ ബിസാന്തിന്റെ ചക്രവര്‍ത്തിയായി.

മൈക്കിള്‍ അധികാരമേല്‍ക്കുമ്പോള്‍ അമ്മാവന്റെ ആശ്രിതരായ കുടിലബുദ്ധിക്കാരായ കുറെ ഉപജാപകവൃന്ദങ്ങള്‍ ആയിരുന്നു രാജ്യകാര്യങ്ങള്‍ ഉപദേശിച്ചിരുന്നത്‌. ഭരണനൈപുണ്യമില്ലാത്ത മൈക്കിളിനു ആരേയും വിശ്വാസമുണ്ടായിരുന്നില്ല. ഈ ആപത്ഘട്ടത്തില്‍ തന്നോടു ചേര്‍ന്നു നില്ക്കാനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തരുവാനും വിശ്വസിക്കാനും ഒരു നല്ല സുഹൃത്തിനെ ആവശ്യമായിരുന്നു.

ഈ സമയത്താണ്‌ കുതിരലായത്തിന്റെ മേധാവിയായി താന്‍ തന്നെ നിയമിച്ച പഴയ കൂട്ടുകാരനായ ബാസിലിയസിനെ മൈക്കിള്‍ ഓര്‍ത്തത്‌. വര്‍ഷങ്ങള്‍ക്കു മുന്പു മൈക്കിള്‍ മാസിഡോണിയന്‍ ലായത്തില്‍ കുതിരസവാരി നടത്തവേ മതിഭ്രമം ബാധിച്ച ഒരു കുതിരയില്‍ നിന്നും തന്റെ ശക്തികൊണ്ടും ബുദ്ധികൊണ്ടും മൈക്കിളിനെ രക്ഷപെടുത്തിയ കര്‍ഷകബാലനായ ബാസിലിയസിനെ ഇല്ലായ്‌മകളില്‍ നിന്നും രക്ഷപ്പെടുത്തി ബിസാന്ത് സാമ്രാജ്യത്തിന്റെ കുതിരലായത്തിന്റെ മേധാവിയാക്കിയത്‌ മൈക്കിളായിരുന്നു.

കേവലം ഒരു കുതിര പരിശീലകനായിരുന്ന ബാസിലിയസിനെ ചെറുപ്പത്തിലേ കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടുവന്ന്, നല്ല വിദ്യാഭ്യാസം ചെയ്യിച്ചതും ക്രമേണ രാജാക്കന്‍മാര്‍ ഉപയോഗിക്കുന്ന കുതിരകളുടെ പ്രധാനമേധാവി ആക്കിയതും ഒക്കെ മൈക്കിളിന്റെ നിര്‍ബന്ധം കൊണ്ടായിരുന്നു.

ബാലപ്രായത്തില്‍ തുടങ്ങിയ അവരുടെ സൌഹൃദം സഹോദരനിര്‍വിശേഷമായ സ്നേഹത്തില്‍ തുടര്‍ന്നു വന്നു. തന്റെ കൂടെ നില്‍ക്കാനും അമ്മാവന്റെ കൌടില്യങ്ങളില്‍നിന്നും രക്ഷപ്പെടാനും മൈക്കിള്‍ ബാസിലിയസിനെ കൂടെ കൂട്ടാന്‍ തീരുമാനിച്ചത്‌ ഈ ഒരു ദൃഢവിശ്വാസം കൊണ്ടാണ്‌.

പലരുടേയും എതിര്‍പ്പുകളേയും അവഗണിച്ചുകൊണ്ട് മൈക്കിള്‍ ബാസിലിയസിനെ തന്റെ പ്രധാന ഉപദേഷ്ടാവായും രാജഭരണത്തിലെ പ്രധാന കാര്യദര്‍ശിയായും അവരോധിച്ചു. വര്‍ഷങ്ങളുടെ പരിചയമുള്ള അമ്മാവനായ ബര്‍ദാസിന്റെ ഉപദേശത്തെ തൃണവല്‍ഗണിച്ചാണ്‌ മൈക്കിള്‍ കൂട്ടുകാരനെ ഈ പദവിയിലേക്കു നിയോഗിച്ചത്‌.

പുതിയ പദവികളില്‍ എത്തിക്കഴിഞ്ഞപ്പോളാണ്‌ സാമ്രാജ്യത്തിന്റെ സമ്പത്തിനെക്കുറിച്ചു ബാസിലിയസിനു അറിവുണ്ടായത്‌. പുതിയ പദവിയും അധികാരവും ധനസമ്പാദനത്തിനായി ഉപയോഗിക്കാന്‍ ബാസിലിയസ്‌ മനസ്സാ തീരുമാനിച്ചു. സാമ്പത്തികമായി ഒന്നുമില്ലാതിരുന്ന ബാസിലിയസിനു ശമ്പളവര്‍ദ്ധനവും നിരവധി മറ്റു ആനുകൂല്യങ്ങളും മൈക്കിള്‍ അനുവദിച്ചുകൊടുത്തു. മാത്രമല്ല, വലിയ തുകകള്‍ കടമായും മറ്റും കൊടുത്തു സുഹൃത്തിനെ സന്തോഷിപ്പിച്ചുകൊണ്ടുമിരുന്നു.

രാജ്യത്തെ സൈന്യത്തിന്റെ മേധാവി അപ്പോഴും മൈക്കിളിന്റെ അമ്മാവനായ ബര്‍ദാസ്‌ തന്നെ ആയിരുന്നു. അമ്മാവനായ ബാര്‍ദാസിനെതിരായി പ്രവര്‍ത്തിക്കുവാന്‍ മൈക്കിളിനെ ബാസിലിയസ്‌ നിരന്തരം ഉപദേശിച്ചുകൊണ്ടിരുന്നു. മൈക്കിളിനെ വധിച്ചു അധികാരം പിടിച്ചെടുക്കുവാനാണ്‌ ബര്‍ദാസിന്റെ ശ്രമം എന്നു പറഞ്ഞ്‌ ബര്‍ദാസിനെ വധിക്കാനുള്ള അനുവാദം മൈക്കിളില്‍ നിന്നും ബാസിലിയസ്‌ വാങ്ങുകയും ഒരു കുതിരയോട്ടത്തിനിടെ ബര്‍ദാസിനെ ബാസിലിയസ്‌ പിന്നില്‍ നിന്നു കുത്തിക്കൊല്ലുകയും ചെയ്തു.

ബര്‍ദാസിന്റെ മരണശേഷം മൈക്കിളിന്റെ അനുവാദത്തോടെ ബാസിലിയസ്‌ ബിസാന്തിന്‍ സാമ്രാജ്യത്തിന്റെ സര്‍വസൈന്യാധിപനായി അവരോധിക്കപ്പെട്ടു. സൈന്യത്തിന്റെ പരമാധികാരം കൈവന്നതോടെ ബാസിലിയസിനു അധികാരവും ധനവും വര്‍ദ്ധിച്ചു.

വര്‍ഷങ്ങള്‍ കടന്നുപോകെ, തന്റെ സുഖലോലുപതയാലും പാഴ്ചെലവുകളാലും ബിസാന്തിന്‍ സാമ്രാജ്യത്തിന്റെ തന്നെ സാമ്പത്തികഭദ്രതയുടെ അടിയിളകിതുടങ്ങിയിരുന്നു. മാത്രമല്ല ഭണ്ഡാരത്തിലെത്തേണ്ടിയിരുന്ന കരുതല്‍ധനങ്ങളെല്ലാം ബാസിലിയസിന്റെ നിയന്ത്രണത്തിലെത്തിച്ചേര്‍ന്നിരുന്നു.

പണ്ടു കടമായി കൊടുത്ത തുക ഇപ്പോള്‍ തിരിച്ചടക്കാന്‍ ബാസിലിയസിനു കഴിയുമെന്ന വിശ്വാസത്തില്‍ മൈക്കിള്‍ കടം തിരികെ ചോദിച്ചപ്പോഴാണ്‌ ബാസിലിയസിന്റെ യഥാര്‍ത്ഥ സ്വഭാവം പുറത്തുവന്നത്‌.

കടം തിരികെ കൊടുത്തില്ല എന്നു മാത്രമല്ല ആത്മമിത്രവും രക്ഷകനുമായിരുന്ന മൈക്കിളിനെ അപമാനിക്കുകയും ചക്രവര്‍ത്തിപദത്തില്‍ നിന്ന്‌ നിഷ്കാസനം ചെയ്യും എന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്തു.

അധികാരവും ധനവും സൈന്യത്തിന്റെ നേതൃത്വവും ഉന്നതന്മാരുമായ മിത്രത്വവും ബാസിലിയസിനെ മൈക്കിളിനേക്കാള്‍ ഉയരത്തിലെത്തിച്ചിരുന്നു.

സുഹൃത്തിന്റെ ചതി മനസ്സിലാക്കിയ മൈക്കിള്‍ ഒരു മുഴുമദ്യപാനി ആയി മാറി. അമിതമായി മദ്യപിച്ച ഒരു രാത്രിയില്‍ ബാസിലയസ്‌ തന്റെ സൈനികരെക്കൊണ്ട്‌ മൈക്കിളിനെ കുത്തിക്കൊല്ലിച്ചു. അതിനുശേഷം മൈക്കിളിന്റെ ശവശരീരം ഒരു ശൂലത്തില്‍ കുത്തിയെടുത്തു ബാസിലിയസ് തന്റെ കുതിരപ്പുറത്തു കയറി ബിസാന്തിന്റെ തെരുവിലൂടെ അലറിവിളിച്ചു നടന്നു സ്വയം ചക്രവര്‍ത്തി ആയി പ്രഖ്യാപിച്ചു ബിസാന്തിന്റെ ഭരണം തന്റെ കൈപ്പിടിയിലാക്കി.

•ഒരു സുഹൃത്തിനേയും അന്ധമായി വിശ്വസിക്കരുത്.

•ആരില്‍ നിന്നും ഉപകാരസ്‌മരണ പ്രതീക്ഷിക്കരുത്‌.

•നിങ്ങളില്‍ ഏല്പ്പിച്ചിരിക്കുന്ന ദൌത്യം പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ ഒരു സുഹൃത്തിനെ കൂടെ കൂട്ടുമ്പോള്‍ അന്നേ വരെ നിങ്ങള്‍ക്കുണ്ടായിരുന്ന അധികാരത്തെ അതു പരിമിതപ്പെടുത്തും.

•ഒരു പദവി ഒരാള്‍ക്കു കൊടുത്തുകഴിഞ്ഞു മാത്രമേ അയാളില്‍ ഒളിഞ്ഞിരിക്കുന്ന യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കാന്‍ കഴിയൂ.

•മറ്റൊരാള്‍ക്കു ചവുട്ടുപടിയായി നിന്നുകൊടുക്കാതിരിക്കുക. ആലസ്യവും അധികസുഖഭോഗവും നിങ്ങളെ ചവിട്ടുപടിയായി ഉപയോഗിക്കുവാന്‍ മറ്റുള്ളവരെ നിര്‍ബന്ധിതരാക്കും.

•ധനം കടമായി കൊടുത്ത് ആരേയും സന്തോഷിപ്പിക്കരുത്‌. ഒരു കടം കൊടുക്കുമ്പോള്‍ നിങ്ങള്‍ ഒരു ശത്രുവിനെ സമ്പാദിക്കുന്നു.

•ഒരുപാടു സുഹൃത്തുക്കള്‍ ഉള്ളവരെ ആത്മമിത്രമായി കരുതരുത്‌.


(കടപ്പാട്‌ - അധികാരത്തിന്റെ 48 നിയമങ്ങള്‍ - റോബര്‍ട്ട് ഗ്രീന്‍)

Thursday, September 20, 2012

നിങ്ങള്‍ക്ക് നിങ്ങളുടെ ബോസ്സിനേക്കാള്‍ സാമര്‍ഥ്യമുണ്ടെങ്കില്‍..


 
കിംഗ് ലൂയിസ് പതിനാലാമന്റെ ധനമന്ത്രിയായിരുന്നു  നിക്കോളാസ് ഫൂക്കെ. 
കവിതാപ്രിയനും ആഡംബരപ്രിയനും ആയിരുന്ന ഫൂക്കെ സ്ത്രീകളേയും  മറ്റും ക്ഷണിക്കുന്ന വലിയ  പാര്‍ട്ടിയും മറ്റും നടത്തി രാജാവിന്റെ പ്രിയരില്‍ ഒരാളായി ജീവിക്കുന്ന കാലം.    1661-ല്‍ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ജൂല്‍സ് മസാരിന്‍ മരിച്ചപ്പോള്‍ രാജാവ്‌ തന്നെ പ്രധാനമന്ത്രി ആക്കുമെന്നു ഫൂക്കെ മോഹിച്ചിരുന്നു. എന്നാല്‍ മസാരിന്റെ മരണത്തോടെ രാജാവ്‌ ആ പദവി തന്നെ മന്ത്രിസഭയില്‍ വേണ്ടെന്നു വെക്കുക ആയിരുന്നു. 
 
രാജാവിനു തന്നിലുള്ള പ്രീതി കുറഞ്ഞുപോകുന്നു എന്നു തോന്നിയ ഫൂക്കെ തനിക്കു നിലവിലുള്ള ഉന്നത ബന്ധങ്ങളും സ്വാധീനവും രാജാവിനെ കാണിച്ചുകൊടുത്ത്‌ രാജാവിന്റെ പ്രീതി സമ്പാദിക്കാനായി ഒരു വലിയ പാര്‍ട്ടി നടത്തി. സമൂഹത്തിലെ ഉന്നതന്മാരെ എല്ലാം ക്ഷണിച്ചുവരുത്തിയ പാര്‍ട്ടിയില്‍ രാജാവും പങ്കെടുത്തു. രാജാവിനെ പോലും നിഷ്‌പ്രഭമാക്കുന്ന രീതിയിലുള്ള ഫൂക്കെയുടെ ഉന്നതങ്ങളിലെ സ്വാധീനം രാജാവിനു...
അത്‌ഭുതമായിരുന്നു.  
 
ഫ്രാന്‍സ് അന്നു വരെ കണ്ടിട്ടില്ലാത്തവിധമുള്ളതും വളരെ ആഡംബരപൂര്‍ണ്ണവുമായ ഒരു പാര്‍ട്ടിയായിരുന്നു ഫൂക്കെ തയ്യാറാക്കിയത്. സംഗീത സാന്ദ്രവും, വര്‍ണ്ണാഭവുമായ ആ പാര്‍ട്ടിയില്‍ രാജാവിന്റെ പ്രഭാവം വാഴ്ത്തുന്ന നാടകവും മറ്റും ഫൂക്കെ ഏര്‍പ്പാടാക്കിയിരുന്നു.
 
ഉന്നതങ്ങളിലുള്ള സ്വാധീനവും മറ്റും രാജാവിനെ ബോധ്യപ്പെടുത്തിക്കൊടുത്താല് തന്നെ മന്ത്രിസഭയിലെ ഒഴിച്ചുനിര്‍ത്താനാകാത്ത അംഗമാക്കി മാറ്റും എന്നു വ്യാമോഹിച്ച ഫൂക്കെയെ ‍ പിറ്റേ ദിവസം രാജാവ്‌ തന്റെ സൈനികമേധാവിയായ ഡാര്‍റ്റാഗ്നനെ വിട്ടു  അറസ്റ്റ്‌ ചെയ്യിക്കുകയാണുണ്ടായത്. 
 
ധനമന്ത്രി ആയിരിക്കെ രാജ്യത്തിന്റെ ഖജനാവ്‌ ധൂര്‍ത്തടിച്ചു എന്ന കുറ്റത്തിനാണ്‌ ഫൂക്കെയെ അറസ്റ്റ് ചെയ്യിച്ചത്.  തന്നേക്കാള്‍ സ്വാധീനവും കഴിവും ഫൂക്കെയുണ്ടെന്നു മനസ്സിലാക്കിയ ലൂയിസ് പതിനാലാമന്‍ ‌ സൌകര്യപൂര്‍വം ഫൂക്കെ മന്ത്രിസഭയില്‍ നിന്ന്‌ ഒഴിവാക്കിയത്‌ ഇങ്ങനെയാണ്‌.

 .............
ദൈവസങ്കല്‍പ്പങ്ങളുടെ നേരെ ശാസ്ത്രസത്യങ്ങളുമായി വന്ന ഗലീലിയൊ തന്റെ നിരീക്ഷണങ്ങള്‍ക്കു ആവശ്യമായ ധനസഹായമില്ലാതെ വിഷമിക്കുന്ന കാലം.  പലപ്പോഴും തന്റെ നിരീക്ഷണങ്ങള്‍ക്കു വേണ്ടി വരുന്ന ചെലവുകള്‍ക്കായി ഭരണാധികാരികളുടെ ഔദാര്യം വേണ്ടിയിരുന്നു.  തന്റെ കണ്ടുപിടത്തങ്ങള്‍ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നെങ്കിലും ഉപഹാരങ്ങള്‍ ലഭിക്കുന്നതല്ലാതെ ആരും ധനമായി ഒന്നും കൊടുത്തിരുന്നില്ല.
 
എന്നാല്‍ ഇതിനു പരിഹാരമായി ഗലീലിയോ ഇറ്റലിയിലെ മെഡിസി രാജകുലത്തെയാണു ഉപയോഗിച്ചത്‌. വസ്ത്രനിര്‍മ്മാണത്തിലൂടെയും മറ്റും നേടിയ ധനത്താല്‍ അന്നു സാമ്പത്തികമായി വളരെ മുന്നില്‍ നിന്നിരുന്ന കുലപരമ്പരയായിരുന്നു മെഡിസി. ബൃഹസ്‌പതി (വ്യാഴം) ആയിരുന്നു ഈ കുലത്തിന്റെ ചിഹ്നം. അതുകൊണ്ടു തന്നെ താന്‍ കണ്ടെത്തിയ വ്യാഴഗ്രഹങ്ങളെ ഈ കുടുംബത്തിന്റെ പ്രതീകമായി വാഴ്ത്തുകയും പുതിയതായി കണ്ടെത്തിയ ചെറുഗ്രഹങ്ങളെയെല്ലാം ഈ കുലപരമ്പരയിലെ സന്തതികളുടെ പേരുമായി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതിലൂടെ സമൂഹത്തില്‍ തങ്ങളുടെ പരമ്പരക്കു കൂടുതല്‍ പ്രശസ്തിയും മഹിമയും ഉണ്ടായി എന്ന തോന്നലില്‍ മെഡിസി വംശം ഗലീലിയോയെ തങ്ങളുടെ കുടുംബത്തിന്റെ ആസ്ഥാന ഗണിതശാസ്ത്രകരാനായി അവരോധിക്കുകയും ഗലീലിയോ അവരുടെ പണം കൊണ്ടു തന്റെ നിരീക്ഷണങ്ങള്‍ തുടരുകയും അങ്ങനെ ഇന്നു നമ്മള്‍ അറിയുന്ന ഗലീലിയോ ആയി മാറുകയും ചെയ്തു.

ഈ രണ്ടു സംഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്‌....

• നിങ്ങള്‍ക്കു നിങ്ങളുടെ മേലധികാരിയേക്കാള്‍ ഔന്നത്യം ഉണ്ടെന്നു ഉറപ്പുണ്ടെങ്കിലും അതു പ്രകടിപ്പിക്കാതിരിക്കുക.

• നിങ്ങളുടെ പദവി കൂടുതല്‍ സാമര്‍ത്ഥ്യം കാണിച്ചു നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കാതിരിക്കുക.

 • ഏതു മേഖലയിലായിരുന്നാലും ഒഴിവാക്കാനാകാത്തവരായി ആരും ഈ പ്രപഞ്ചത്തിലില്ല എന്ന സത്യം മറക്കാതിരിക്കുക

• നിങ്ങള്‍ക്കു കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ നിങ്ങളുടെ അവകാശമോ അലങ്കാരമോ ആണ്‌ എന്നു കരുതാതിരിക്കുക.

 • യുക്തിപൂര്‍വവും അവസരോചിതവുമല്ലാത്ത മുഖസ്തുതി വളരെ പെട്ടെന്നു കണ്ടുപിടിക്കപ്പെടും.
 
• വിവേകപൂര്‍വമുള്ള മുഖസ്തുതി നല്ലൊരു ആയുധമാണ്. അതിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളതാണ്‌ പ്രധാനം.
 
 
(അധികാരത്തിന്റെ 48 നിയമങ്ങള്‍ - നിയമം 1) - റോബര്‍ട്ട് ഗ്രീന്‍
 

Wednesday, September 19, 2012

ഒരു ആഫ്രിക്കന്‍ നടോടിക്കഥ.


നായാട്ടുകാര്‍ പിടിക്കാനോടിച്ച ഒരു പാമ്പ്‌ ഭയത്തോടെ അടുത്തുകണ്ട ഒരു കര്‍ഷകന്റെ കുടിലിലേക്കു ഓടിക്കയറി. തന്നെ നായാട്ടുകാരില്‍ നിന്നും രക്ഷിക്കണമെന്ന പാമ്പിന്റെ അപേക്ഷ കേട്ട്‌ കര്‍ഷകന്‍ പാമ്പിനെ തന്റെ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചു.

അപകടം അകന്നതിനുശേഷം കര്‍ഷകന്‍ പാമ്പിനോട് തന്റെ വസ്ത്രങ്ങള്‍ക്കടിയില്‍ നിന്നും പുറത്തുവരാന്‍ പറഞ്ഞപ്പോള്‍ ഇവിടെ നല്ല ചൂടും സുരക്ഷിതത്വവു
ം ഉള്ളതിനാല്‍ പുറത്തേക്കുവരില്ല എന്നു പാമ്പ്‌ പറഞ്ഞു.


ഭയചകിതനായ കര്‍ഷകന്‍ വയലില്‍ വന്നിരുന്ന ഒരു വെള്ളക്കൊറ്റിയോടു തന്നെ പാമ്പില്‍ നിന്നും രക്ഷിക്കണമെന്ന് അപേക്ഷിച്ചു. കൊറ്റി പാമ്പിനെ കര്‍ഷകന്റെ ഉള്ളില്‍ നിന്നും കൊത്തിവലിച്ചെടുത്തു ദൂരെ ഏറിഞ്ഞു. പക്ഷേ അപ്പോഴേക്കും പാമ്പു കര്‍ഷകനെ കടിച്ചിരുന്നു.

പാമ്പിന്റെ വിഷം ശരീരത്തില്‍ പടരാതിരിക്കാന്‍ എന്താണു ഉപായം എന്നു കൊറ്റിയോടു ആരാഞ്ഞപ്പോള്‍ വെളുത്ത നിറമുള്ള ആറുപക്ഷികളുടെ മാംസം ഭക്ഷിച്ചാല്‍ മതി എന്നായിരുന്നു കൊറ്റിയുടെ ഉപദേശം. എങ്കില്‍ നിനക്കു നിറം വെളുപ്പല്ലേ, നിന്നില്‍ നിന്നു തുടങ്ങാം എന്നു പറഞ്ഞു കര്‍ഷകന്‍ ആ കൊറ്റിയുടെ കഴുത്തിനു പിടിച്ചു അതിനെ ഒരു കൂടയിലാക്കി തന്റെ കുടിലിലേക്കു കയറി.

വിവരങ്ങള്‍ എല്ലാം അറിഞ്ഞ കര്‍ഷകന്റെ ഭാര്യ കര്‍ഷകനെ കുറ്റപ്പെടുത്തി. നിങ്ങളെ സഹായിച്ച പക്ഷിയെ കൊല്ലാതെ തിരിച്ചയക്കണം എന്നു പറഞ്ഞു കര്‍ഷകന്റെ ഭാര്യ ആ കൂട തുറന്നു പക്ഷിയെ പുറത്തേക്കെടുത്തു. കൂടയില്‍ നിന്നു പുറത്തുവന്ന കൊറ്റി കര്‍ഷകന്റെ ഭാര്യയുടെ ഒരു കണ്ണും ചൂഴ്ന്നെടുത്താണു പറന്നുപോയത്.

നമ്മള്‍ ഉപകാരം ചെയ്തവരില്‍ നിന്നും പ്രത്യുപകാരം ഒരിക്കലും പ്രതീക്ഷിക്കരുത്. നമ്മള്‍ സഹായിച്ചവര്‍ നമ്മളെ സഹായിക്കും എന്നു കരുതുന്നത്‌ മലയുടെ മുകളിലേക്കു വെള്ളം ഒഴുകും എന്നു കരുതുന്നതുപോലെയാണ്‌ എന്ന ഗുണപാഠാത്തോടെയാണു ഈ കഥ അവസാനിക്കുന്നത്‌.

(കടപ്പാട്‌ - അധികാരത്തിന്റെ 48 നിയമങ്ങള്‍)