Monday, September 24, 2012

ശത്രുവില്‍ നിന്നു മിത്രത്തിലേക്കുള്ള ദൂരം

അധികാരവും അതു നിലനിര്‍ത്തിപ്പോരാന്‍ വേണ്ടുന്ന നിയമങ്ങളും ആണു ഇവിടെ വിഷയം. ആയതുകൊണ്ടു തന്നെ അധികാരത്തില്‍ തുടരാന്‍ ശത്രുവിനെപ്പോലും മിത്രമാക്കേണ്ടി വരുന്ന സാഹചര്യങ്ങളെക്കുറിച്ചാണു ഇക്കുറി എഴുതുന്നത്‌. ശത്രുക്കളെ തന്റെ അധികാരം നിലനിര്‍ത്താനായി മിത്രങ്ങളാക്കി മാറ്റിയ കഥ ഇങ്ങനെയും.

AD 222-ല്‍ ഹാന്‍ രാജവംശത്തിന്റെ പതനത്തിനുശേഷം ചൈനയില്‍ എന്നും അട്ടിമറി ഭരണമാണ്‌ തുടര്‍ന്നുവന്നിരുന്നത്. പട്ടാള ജനറല്‍മാരായിരിക്കുന്നവര്‍ സംഘം ചേര്‍ന്നു അധികാരത്തിലിരിക്കുന്ന രാജവംശത്തെ നശിപ്പിക്കുകയും പിന്നെ അവരുടെ പരമ്പര അധികാരത്തിലെത്തുകയും ചെയ്യും. പിന്നെ മറ്റൊരു അട്ടിമറിയിലൂടെ ആ രാജാവിനെ കൊന്നൊടുക്കി അപ്പോഴത്തെ ജനറല്‍മാര്‍ അധികാരത്തിലെത്തും.

അധികാരത്തിലിരിക്കുന്ന രാജാവിനെ കൊന്ന്‌ ഭരണം പിടിച്ചെടുക്കുക എന്നത്‌ ഒരു സമ്പ്രദായമായി നിലനില്‍ക്കുന്ന കാലത്താണു AD 959 -ല്‍ ഒരു അട്ടിമറിയിലൂടെ അന്നത്തെ പട്ടാള ജനറല്‍ ആയിരുന്ന ചാവോ കുവാങ്‌ ചൈനയില്‍ സങ് രാജവംശാധിപതിയാകുന്നത്‌.

ഇന്നല്ലെങ്കില്‍ നാളെ മറ്റൊരു അട്ടിമറിയിലൂടെ താനും വധിക്കപ്പെടും എന്ന്‌ സാങിനു നല്ല അറിവുണ്ടായിരുന്നു. ഭരണത്തിലിരിക്കുന്നവരെ കൊന്നിട്ട്‌ അധികാരം പിടിച്ചെടുക്കുന്ന ഈ സമ്പ്രദായത്തിനു ഒരു വിരാമം ഇടണമെന്നു സാങ് കരുതി. തന്റെ ഭരണം നിലനിര്‍ത്താനും വധിക്കപ്പെടാതിരിക്കാനും ശതുക്കളെ ഒഴിവാക്കേണ്ടതു സാങിനു അത്യാവശ്യമായിരുന്നു. അതിനായി അദ്ദേഹം സ്വീകരിച്ച രീതി തനിക്കു ഉണ്ടാകാന്‍ സാധ്യതയുള്ള ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റുക എന്നതായിരുന്നു.

താന്‍ രാജഭരണം ഏറ്റെടുത്തു കഴിഞ്ഞ ഉടനെ സാങ് തന്റെ പട്ടാളത്തിലെ ഉന്നതാധികാരമുള്ള ജനറല്‍മാരെ എല്ലാവരേയും ഒരു വലിയ പാര്‍ട്ടിക്കു ക്ഷണിച്ചു. എല്ലാവരും പാര്‍ട്ടിക്കു എത്തിക്കഴിഞ്ഞ ഉടനെ ജനറല്‍മാരുടെ അംഗരക്ഷകരെ എല്ലാവരേയും സാങ് തന്റെ അധികാരം ഉപയോഗിച്ചു പുറത്താക്കി. എന്നിട്ടു എല്ലാ ജനറല്‍മാര്‍ക്കും പാര്‍ട്ടിയില്‍ വെച്ചു മുന്തിയതരം വൈന്‍ വിളമ്പി. എല്ലാവരോടും നിലവിട്ടു മദ്യപിച്ചുകൊള്ളാന്‍ അനുവാദവും നല്‍കി.

വൈനില്‍ വിഷം കലര്‍ത്തി നല്‍കി പലരേയും കൊന്നിട്ടുള്ള മുന്‍കാല സംഭവങ്ങള്‍ അറിയാമായിരുന്ന ജനറല്‍മാരെല്ലാം ഈ പാര്‍ട്ടിയിലൂടെ തങ്ങളെ ഒറ്റയടിക്കു സാങ് ഇല്ലാതാക്കും എന്നു ഭയന്നു.

മദ്യലഹരിയും ഭയവും ചേര്‍ന്നു വിഭ്രാന്തരായ തന്റെ സൈനികമേധാവികളോട് സാങ് പറഞ്ഞതിങ്ങനെയാണ്‌. “എനിക്കു വേണമെങ്കില്‍ ഈ രാത്രി നിങ്ങളെ ഒറ്റയടിക്കു ഇല്ലാതാക്കാം. കാരണം പരമാധികാരി ഇപ്പോള്‍ ഞാന്‍ മാത്രമാണ്‌. നിങ്ങള്‍ക്കു എന്നോടുള്ള വിശ്വസ്തത ഞാന്‍ മനസ്സിലാക്കുന്നു. ഒപ്പം എന്റെ സിംഹാസനത്തിലും കിടപ്പറയിലും ഞാന്‍ അസ്വസ്ഥനുമാണ്. നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യം അനുസരിച്ച്‌ നിങ്ങളില്‍ ഒരാളോ അല്ലെങ്കില്‍ നിങ്ങളുടെ വിശ്വസ്തരില്‍ മറ്റൊരാളോ നാളെ എന്നെ വധിച്ചു അധികാരം പിടിച്ചെടുക്കും. അധികാരത്തോടും പണത്തോടുമുള്ള ആഗ്രഹത്തില്‍ നിന്നും നിങ്ങള്‍ക്കു നിങ്ങളെ തന്നെ അകറ്റിനിര്‍ത്താനാകില്ല. ഞാനും നിങ്ങളും ഇങ്ങനെ ഭീതിയില്‍ ജീവിക്കുന്നതുകൊണ്ട് എന്താണു ഗുണം? ആകെയുള്ള ജീവിതത്തില്‍ സുഖഭോഗങ്ങള്‍ അറിയാതെ, പടവെട്ടിയും പകവീട്ടിയും ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ട്‌ നിങ്ങള്‍ നിങ്ങളുടെ പദവികള്‍ ഒഴിഞ്ഞുപോയാല്‍ നിങ്ങള്‍ക്കു ആഡംബരത്തോടെ ഇനിയുള്ള കാലം ജീവിക്കാന്‍ ഞാന്‍ സൌകര്യം ഒരുക്കിത്തരാം.”

അതുവരെ ശത്രുവായി കരുതിയിരുന്ന സാങില്‍ നിന്നുമുണ്ടായ സൌഹൃദപരമായ നിലപാടില്‍ ജനറല്‍മാരെല്ലാം സന്തുഷ്ടരായി. സാങ് പറഞ്ഞ കാര്യങ്ങളിലൂടെ തങ്ങളുടെ ജീവനു സുരക്ഷിതത്വവും ജീവിതത്തില്‍ സമാധാനവും ലഭിക്കുന്നുറപ്പായതോടെ ജനറല്‍മാരെല്ലാം താന്താങ്ങളുടെ അധികാരം ഉപേക്ഷിച്ചു. സാങ്‌ അവര്‍ക്കു രമ്യഹര്‍മ്മങ്ങള്‍ താമസിക്കാന്‍ കൊടുക്കുകയും എല്ലാവിധ സുഖഭോഗങ്ങള്‍ക്കുള്ള സൌകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു അവരെ സന്തുഷ്ടരാക്കി.

ഒറ്റ രാത്രികൊണ്ടു ഒരു പറ്റം ചെന്നായ്ക്കൂട്ടങ്ങളെ ഇണക്കമുള്ള ആട്ടിന്‍കുട്ടികളാക്കി മാറ്റാന്‍ സാങിനു കഴിഞ്ഞു. അവരുടെ പദവി തന്റെ കൈകളിലെത്തിയതോടെ സാങ് ഒരു അട്ടിമറിയെ ഭയക്കാതെ തന്റെ ഭരണം തുടര്‍ന്നു.

എന്നാല്‍ കുറച്ചു വര്‍ഷം കഴിഞ്ഞ്‌ AD 971-ല്‍ തെക്കന്‍ ഹാന്‍ പ്രവിശ്യയിലെ രാജാവായിരുന്ന കിംഗ് ലിയൂ സാങിന്റെ ഭരണം പിടിച്ചെടുക്കാനുള്ള സന്നാഹങ്ങള്‍ ഒരുക്കി കൊട്ടാരം വളഞ്ഞു. ഇതറിഞ്ഞ സാങ് കിംഗ് ലിയൂവിനെ തന്റെ കൊട്ടാരത്തിലേക്കു ക്ഷണിക്കുകയും ഉന്നത പദവിയിലിരുത്തി ആദരിക്കുകയും ചെയ്തു.

ഈ പുതിയ സൌഹൃദം ആഘോഷിക്കാനായി മദ്യവിരുന്നു നല്‍കുകയും ചെയ്തു. അന്ത:പുരത്തില്‍ വെച്ചു നടന്ന മദ്യസത്കാരത്തില്‍ കിംഗ്‌ ലിയൂ മദ്യം കഴിക്കാന്‍ വിസമ്മതിച്ചു. തന്റെ തെറ്റുകള്‍ ക്ഷമിക്കണമെന്നും വിഷം കലര്‍ത്തിയ മദ്യം നല്‍കി തന്നെ കൊല്ലരുതെന്നും കിംഗ് ലിയൂ അപേക്ഷിച്ചു കരഞ്ഞപ്പോള്‍, ചിരിച്ചുകൊണ്ട്‌ കിംഗ് ലിയൂവിന്റെ കയ്യില്‍ നിന്നും മദ്യചഷകം വാങ്ങി സാങ് സ്വയം കുടിച്ചു. തന്റെ സൌഹൃദം സത്യമാണെന്നും അപായപ്പെടുത്താനുള്ളതല്ലെന്നും കിംഗ് ലിയൂവിനെ ബോധ്യപ്പെടുത്തി. സാങിന്റെ നിലപാടില്‍ ആദരവു തോന്നിയ കിംഗ് ലിയൂ അന്നുമുതല്‍ സാങിന്റെ വിശ്വസ്തനായി. കിംഗ് ലിയൂവിന്റെ നേതൃത്വത്തിലുണ്ടാകുമായിരുന്ന ഒരു അട്ടിമറി നീക്കത്തെ അങ്ങനെ സാങ് എന്നെന്നേക്കുമായി ഇല്ലാതാക്കി.

ഈ കാലഘട്ടത്തില്‍ നമ്മുടെ ഭാരതത്തിലേതുപോലെ തന്നെ ചെറിയ ചെറിയരാജ്യങ്ങള്‍ ആയിരുന്നു ചൈനയിലും. ഒരു ചക്രവര്‍ത്തിയുടെ കീഴില്‍ വിവിധ സാമന്തരാജാക്കന്‍മാര്‍. അത്തരം സാമന്തരാജാക്കന്‍മാരില്‍ ഒരാളായ ഷെന്‍ഷൂ തനിക്കെതിരായി പടയൊരുക്കം നടത്തുന്നതറിഞ്ഞു സാങിന്റെ പടയാളികള്‍ ഷെന്‍ഷൂവിനെ പരാജയപ്പെടുത്തി കൊട്ടാരത്തില്‍ സാങിന്റെ മുന്നിലെത്തിച്ചു.

ചക്രവര്‍ത്തിക്കെതിരെ അട്ടിമറി നടത്താന്‍ ശ്രമിച്ച ഷെന്‍ഷൂവിനെ തുറുങ്കിലടക്കണമെന്ന്‌ പടയാളികള്‍ ആവശ്യപ്പെട്ടു. ചക്രവര്‍ത്തിയെ വധിക്കാനായി ഷെന്‍ഷൂ ശ്രമിച്ചിരുന്നതിന്റെ മതിയായ തെളിവുകളും പടയാളികള്‍ സാങിന്റെ മുന്പാകെ സമര്‍പ്പിച്ചു.

എന്നാല്‍ ഷെന്‍ഷൂവിനെ തുറുങ്കിലടക്കുകയോ കൊല്ലുകയോ ചെയ്യാതെ, അദ്ദേഹത്തെ കൊട്ടാരത്തില്‍ വിളിച്ചുവരുത്തി സത്കരിക്കുകയും ആദരിക്കുകയുമാണു സാങ് ചെയ്തത്‌. വിശ്വസിക്കാനാകാതെ നിന്ന ഷെന്‍ഷൂവിന്റെ കയ്യില്‍ ഒരു വലിയ സമ്മാനപ്പൊതിയും സാങ് നല്‍കി. കൊട്ടാരത്തില്‍ നിന്നും തിരികെപ്പോയി, പാതി വഴി എത്തുമ്പോള്‍ മാത്രമേ ഈ പൊതി തുറക്കാവൂ എന്നും അറിയിച്ചു. ഈ പൊതിയില്‍ തന്റെ നാശകാരകമായ എന്തോ ആണെന്ന ഭയത്തോടെ ഷെന്‍ഷൂ കൊട്ടാരം വിട്ടു. പാതി വഴിയിലെത്തി ആ പൊതി തുറന്നു നോക്കിയപ്പോള്‍ ഷെന്‍ഷൂ സ്തബ്‌ധിച്ചു പോയി. അതെല്ലാം താന്‍ സാങിനെ കൊല്ലാനായി കരുതിയ പദ്ധതികളുടെ തെളിവുകള്‍ ആയിരുന്നു. സാങിനെ കൊല്ലാന്‍ താന്‍ കരുതിയ മാര്‍ഗ്ഗങ്ങള്‍ എല്ലാം അറിഞ്ഞിട്ടും അപായപ്പെടുത്താതെ തന്നെ വിട്ടയച്ച സാങിനോട്‌ ഷെന്‍ഷൂവിനു കടുത്ത ആദരവു തോന്നുകയും പിന്നീട് സാങിന്റെ വിശ്വസ്തസേവകനായി തുടരുകയും ചെയ്തു.

ഈ രീതിയില്‍ ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റി അട്ടിമറി ഭരണത്തിന്‌ അന്ത്യവിരാമം ഇട്ട സങ് രാജവംശം ചൈനയില്‍ പിന്നീടു മുന്നൂറു വര്‍ഷത്തോളം ഭരണം നടത്തി.

•തനിക്കു ചുറ്റും ശത്രുക്കള്‍ ഉണ്ടെന്ന ചിന്ത തന്റെ പ്രവര്‍ത്തിമണ്ഡലത്തില്‍ സദാ ജാഗരൂകനായിരിക്കാന്‍ സഹായിക്കും.

•അധികാരത്തില്‍ തുടരാന്‍ പലപ്പോഴും സുഹൃത്തുക്കളേക്കാള്‍ നല്ലത് ശത്രുക്കള്‍ ഉണ്ടായിരിക്കുക എന്നതാണ്‌.

•ശത്രുക്കള്‍ നിങ്ങളില്‍ നിന്നും അനുകമ്പ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായി നല്‍കുന്ന അനുകമ്പ ഒരു ശത്രുവിനെ തന്നെ ഇല്ലാതാക്കുന്നു.

•അധികാരം സുഖഭോഗത്തിനുള്ള ഉപാധിയാണെന്നു കരുതുന്നവര്‍ കൈക്കൂലിക്കു വഴങ്ങുന്നവരാണ്‌.

•അധികാരമേഖലയില്‍ സുഹൃത്തിനേക്കാള്‍ വിശ്വസിക്കാനും വരുതിയിലാക്കാനും കഴിയുക ശത്രുവിനെ ആണ്‌.

•അപായപ്പെടുത്താതെ വിടുന്ന ശത്രുവിന്‌ ഒരു സുഹൃത്തിനേക്കാള്‍ കൃതജ്ഞത ഉണ്ടായിരിക്കും.

•സുഹൃത്തുക്കള്‍ നിങ്ങളില്‍ നിന്നും കൂടുതല്‍ കൂടുതല്‍ പ്രതീക്ഷിക്കും. എന്നാല്‍ ശതുക്കള്‍ക്കു നേരെ നീട്ടുന്ന ചെറിയ ഔദാര്യം പോലും അവരെ നിങ്ങളിലേക്കടുപ്പിക്കും.

(അധികാരത്തിന്റെ 48 നിയമങ്ങളില്‍ നിന്നും)

1 comment:

  1. ശത്രുവില്‍ നിന്നു മിത്രത്തിലേക്കുള്ള ദൂരം

    ReplyDelete