Friday, January 11, 2013

പുകമറക്കുള്ളിലെ ചതിക്കുഴികള്‍..

അധികാരമേഖലയിലെ കഥകളുടെ തുടര്‍ച്ചയാണിത്. അധികാരം പിടിച്ചടക്കാനോ, നിലവിലുള്ള അധികാരം നിലനിര്‍ത്തിപ്പോകാനോ, ചതിപ്രയോഗങ്ങള്‍ നടത്തിയ നിരവധി ചരിത്രകഥകള്‍ ഉണ്ട്.

നിങ്ങളെ ചതിക്കാനോ കീഴ്പ്പെടുത്താനോ ശ്രമിക്കുന്നവരെ അവര്‍ പ്രകടമായി കാണിക്കുന്ന പ്രവൃത്തികള്‍ കൊണ്ടോ, അവര്‍ ഒരുക്കാന്‍ സാധ്യതയുള്ള കെണികളിലൂടെയോ കാലേകൂട്ടി അറിയാന്‍ കഴിയും എന്നൊരു ധാരണ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക...ു തെറ്റുപറ്റാന്‍ സാധ്യതയുണ്ട്.

നിങ്ങള്‍ക്കു ഒന്നു ഊഹിക്കാന്‍ പോലും ഇടം തരാതെ, സൌമ്യതയുടേയും സൌഹൃദത്തിന്റേയും പുകമറക്കുള്ളില്‍ നിന്നു നിങ്ങളെ ചതിക്കാനും കീഴ്പ്പെടുത്താനും ചിലര്‍ക്കു കഴിയും. അതിന്റെ ഒരു ചരിത്ര ഉദാഹരണമാണ്‌ താഴെ എഴുതുന്നത്.

1920-ന്റെ മദ്ധ്യത്തില്‍ എത്യോപ്പയിലെ പട്ടാളമേധാവികളെ ആകെ അസ്വസ്ഥമാക്കിയിരുന്നത്, രാജ്യത്തെ കുലീനകുടുംബംഗമായ ഹെയ്‌ല്‍ സെല്‍സ്സെ ജനങ്ങള്‍ക്കു വളരെ പ്രിയങ്കരനാം വിധം ജനമധ്യത്തില്‍ ഒരു സ്വാധീനമായി വളര്‍ന്നു വരുന്ന സംഭവമാണ്‌.

സെല്‍സ്സെയുടെ സ്വാധീനവും ജനപ്രീതിയും ഇത്രകണ്ടു വളര്‍ന്നാല്‍ അതു തങ്ങളുടെ നില്‍നില്‍പ്പിനെ അപായപ്പെടുത്തും എന്നു അവര്‍ ഭയന്നു. മാത്രമല്ല പട്ടാളത്തിന്റെ നിയന്ത്രണം സെല്‍സ്സേയിലേക്കു എത്തിച്ചേരുമെന്നും അവര്‍ ഭയപ്പെട്ടു. എത്യോപ്യയിലെ ചെറുകിട രാജ്യങ്ങളെ ചേര്‍ത്തു ഒന്നാക്കുന്നതില്‍ സെല്‍സ്സെക്കുണ്ടായിരുന്ന താത്പര്യം പട്ടാളമേധാവികള്‍ക്കു അത്ര പഥ്യമല്ലായിരുന്നു.

ശാന്തസ്വഭാവക്കാരനും ശക്തിഹീനനും ദുര്‍ബലമനസ്കനുമായ സെല്‍സ്സേ എങ്ങനെ ഒരു രാജ്യത്തെ നയിക്കും എന്നുപോലും പരിഹാസോക്ത്യാ അവര്‍ ചിന്തിച്ചുപോന്നു.

എന്നാല്‍ 1927-ല്‍ പട്ടാളമേധാവികളേ ഒരോരുത്തരെ ആയി സെല്‍സേ തലസ്ഥാനമായ ആഡിസ്-അബാബയിലേക്ക്‌ ക്ഷണിച്ചുവരുത്തി. തന്നെ നേതാവായി അംഗീകരിക്കുവാനും അവരുടെ കൂറു തന്നോട് ഉണ്ടായിരിക്കണം എന്നു ഉറപ്പിക്കുവാനും ആണ്‌ ഓരോരുത്തരെയായി വിളിച്ചു വരുത്തിയത്.

പട്ടാളമേധാവികള്‍ ചിലര്‍ അതില്‍ സന്തോഷം പ്രകടിപ്പിക്കുകയും, ചിലര്‍ ധൃതി കൂട്ടുകയും ചിലര്‍ വിസമ്മതിക്കുക്കയും ചെയ്തു. എന്നാല്‍ സിഡാമോ പ്രവിശ്യയുടെ അധികാരമുണ്ടായിരുന്ന ജസ്മാക് ബെല്ച എന്ന സൈന്യാധിപന്‍ സെല്‍സേയെ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഒരു പൊങ്ങച്ചക്കാരനായിരുന്നു എങ്കിലും വളരെ ശക്തിമാനും, തന്റെ കഴിവില്‍ അളവറ്റ അഭിമാനവും ഉണ്ടായിരുന്ന ബെല്‍ച ദുര്‍ബലനായ സെല്‍സേയെ അംഗീകരിക്കാനാകില്ല എന്നു നേരിട്ടു പറയുകയും ചെയ്തു.

സെല്‍സ്സേയെ അംഗീകരിക്കാനാകില്ല എന്നു ഉറപ്പിച്ചു പറഞ്ഞ്‌ ബെല്ച തലസ്ഥാനം വിട്ടു. ഈ സമയത്ത്, ഒരു ആഭ്യന്തര ലഹളയിലൂടെ സെല്‍സ്സേയെ കീഴ്പ്പെടുത്തി എത്യോപ്യയുടെ സിംഹാസനത്തിലെത്താം എന്നുവരെ ബെല്‍ചെ സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. അതിനായി സിഡാമോ പ്രവിശ്യയുടെ അധികാരപരിധിയിലുള്ള 10000-ല്‍ പരം പട്ടാളക്കാരെ തന്നോടൊപ്പം നിര്‍ത്തി സെല്‍സ്സേയെ നേരിടാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്തു.

തിരികെ വരണമെന്ന അപേക്ഷയുമായി സെല്‍സെ ദൂതന്‍മാരെ അയച്ചു. സെല്‍സേയുടെ അപേക്ഷപ്രകാരം ബെല്‍ച ആഡിസ്‌ അബാബയിലേക്കു വരാമെന്നു സമ്മതിച്ചു എങ്കിലും അയാള്‍ തന്നോടൊപ്പം തന്റെ 10000-ല്‍ പരം ഭടന്‍മാരേയും യുദ്ധസന്നാഹങ്ങളും പടക്കോപ്പുകളും ഒക്കെ ആയി ആഡിസ് അബാബക്കു മൂന്നു മൈല്‍ അപ്പുറം ഒരു താവളമുണ്ടാക്കി അവിടെയാണ്‌ എത്തിച്ചേര്‍ന്നത്.

തലസ്ഥാനത്തിനു പുറത്തുവരെ ബെല്ചെ എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന വിവരം അറിഞ്ഞ സെല്സ്സെ ദൂതന്മാരെ അയച്ചു ആഡിസ് അബാബയിലെ വിരുന്നുസല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ബെല്ചെയെ ക്ഷണിച്ചു. ഈ ക്ഷണം ഒരു കെണിയായിരിക്കുമെന്നും, വിരുന്നുസല്ക്കാരത്തില്‍ പങ്കെടുത്താല്‍, മദ്യം തന്നു മയക്കിയോ, അല്ലാതെയോ സെല്‍സ്സെ തന്നെ അപായപ്പെടുത്തും എന്നു ബെല്ച് മനസ്സിലാക്കിയിരുന്നു. മുന്‍പുണ്ടായിരുന്ന പല സൈന്യാധിപന്‍മാരേയും ഇതുപോലെ കെണിയിലകപ്പെടുത്തി വധിച്ച ഒരു മുന്‍ചരിത്രം എത്യോപ്പയ്ക്കുണ്ട്.

ഇതു മനസ്സിലാക്കിയ ബെല്‍ച് തന്റെ അംഗരക്ഷകരായി 600-ല്‍ പരം ഭടന്‍മാരുണ്ടാകും, അവര്‍ക്കു കൂടി പങ്കെടുക്കാന്‍ അനുമതി ഉണ്ടെങ്കില്‍ മാത്രമേ വിരുന്നുസല്ക്കാരത്തിനു വരാന്‍ കഴിയൂ എന്നു ദൂതന്‍ മുഖാന്തിരം സെല്സ്സെയെ അറിയിച്ചു. പൊതുവേ വിനയാന്വിതനും സുമന്സകനുമായ സെല്‍സ്സെ ബെല്ചിന്റെ നിര്‍ദ്ദേശം അംഗീകരിക്കുക്കയും ബെല്ചിനേയും ഭടന്‍മാരേയും സന്തോഷപൂര്‍വം വിരുന്നിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

വിരുന്നു സല്ക്കാരത്തിനിടെ ആരും മദ്യപിക്കരുതെന്നും, തന്റെ സുരക്ഷയില്‍ സദാ ജാഗരൂകരായിരിക്കണമെന്നും ബെല്ച തന്റെ ഭടന്‍മാര്‍ക്കു കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.

പ്രതീക്ഷിച്ചതിലും ഉപരിയായ ഒരു രാജകീയ സ്വീകരണമാണ്‌ സെല്സ്സെ ബെല്ചക്കും ഭടന്‍മാര്‍ക്കും നല്‍കിയത്. മാത്രമല്ല ബെല്ചയുടെ സഹായവും സഹകരണവും ഇല്ലാതെ തനിക്കു എത്യോപ്യയെ മുന്നോട്ടു കൊണ്ടു പോകാനാകില്ലെന്നും അതിനു തനിക്ക് എല്ലാവിധ സഹായങ്ങളും ചെയ്തു തരണമെന്നും സെല്സ്സെ ബെല്ചിനോടു അപേക്ഷിച്ചു. ഉപചാരങ്ങളുടെ എണ്ണം കൂട്ടിയും, സ്വീകരണങ്ങളുടെ ബഹുലത കൊണ്ടും സത്കാരം വളരെയേറെ നീണ്ടുപോയിരുന്നു.

പക്ഷേ ബെല്ച ഈ ഉപചാരങ്ങളിലൊന്നും തൃപ്തനായിരുന്നില്ല. സെല്സ്സെയുടെ ആതിഥ്യത്തെ അത് അര്‍ഹിക്കുന്ന രീതിയില്‍ തന്നെ മനസ്സാ അവഗണിക്കാന്‍ തീരുമാനിച്ചായിരുന്നു ബെല്ച് വന്നത്. ഭക്ഷണത്തിനു ശേഷം നടന്ന പരമ്പരാഗത നൃത്തത്തില്‍ ബെല്ചെയുടെ പ്രവിശ്യയായ സിഡാമോയിലെ നേതാക്കന്‍മാരെക്കുറിച്ചുള്ള സ്തുതിഗീതങ്ങള്‍ ആയിരുന്നു പാടിയത്. തന്നെ വല്ലാതെ കണ്ട് സ്തുതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതു കണ്ടപ്പോള്‍, തന്റെ ബലവും ശക്തിയും കണ്ട് സെല്സ്സേ ഭയന്നിരിക്കുകയാണെന്നും സെല്സ്സേയെ തനിക്കു വളരെ എളുപ്പത്തില്‍ കീഴടക്കാനാകുമെന്നും ബെല്ച് തീരുമാനിച്ചുറപ്പിച്ചു.

ഉപചാരങ്ങള്‍ക്കു ശേഷം യാതൊരുവിധ അനുനയസമീപനവും ബെല്ചില്‍ നിന്നും ഉണ്ടായില്ല എന്നു മാത്രമല്ല, തനിക്കു പോകാന്‍ തിടുക്കമുണ്ടെന്നും, ഇന്നു വൈകുന്നതിനു മുന്നേ താന്‍ ക്യാമ്പില്‍ തിരികെ എത്തിയില്ലെങ്കില്‍ തന്റെ ഭടന്‍മാര്‍ ആഡിസ്‌അബാബ ആക്രമിക്കുമെന്നും ബെല്ച് സെല്സ്സേയോടു പറഞ്ഞു. എന്നിരുന്നാലും ഇങ്ങോട്ടു സ്വീകരിച്ചാനയിച്ച അതേ ഊഷ്മളതയോടെ സെല്സ്സേ ബെല്ചിനേയും ഭടന്‍മാരേയും യാത്രയാക്കി.

ആഴ്ചകള്‍ക്കുള്ളില്‍ തിരികെ വന്നു സെല്സ്സിനെ ആക്രമിച്ചു വധിച്ചോ, ജയിലിലടച്ചോ എത്യോപ്പയുടെ സിംഹാസനം സ്വന്തമാക്കാമെന്നുള്ള ഉറച്ച സന്തോഷവുമായി, ആഡിസ് അബാബയെ ഒന്നുകൂടി നോക്കി സന്തോഷിച്ചു ബെല്ച് തന്റെ ക്യാമ്പിലേക്കു ഭടന്മാരുമായി യാത്രയായി.

എന്നാല്‍ സത്കാരമൊക്കെ കഴിഞ്ഞു തിരികെ എത്തിയ ബെല്ചും ഭടന്മാരും കണ്ട ദൃശ്യം ഭയാനകമായിരുന്നു. കണ്ണെത്താദൂരത്തോളം താനും തന്റെ ഭടന്‍മാരും തീര്‍ത്ത പട്ടാളക്യാമ്പ് അവിടെ നിന്നു തികച്ചും അപ്രത്യക്ഷമായിരുന്നു. കത്തിയെരിഞ്ഞു ചാമ്പല്‍ക്കൂനയായി മാറിക്കൊണ്ടിരുന്ന തന്റെ ക്യാമ്പ് കണ്ട് ബെല്ച് ഭയചകിതനായി.

ക്യാമ്പിലെ ദൃക്സാക്ഷിയില്‍ നിന്നും ബെല്ച് അറിഞ്ഞ വിവരം ഞെട്ടിപ്പിക്കുന്നതായിരുന്നു. ബെല്ചും ഭടന്‍മാരും സെല്സിന്റെ കൊട്ടാരത്തില്‍ വിരുന്നു സത്കാരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ, സെല്സിന്റെ പട്ടാളവും സഖ്യകക്ഷികളും ചേര്‍ന്ന് ബെല്ചിന്റെ പട്ടാളക്യാമ്പ് വളഞ്ഞു. അവര്‍ യുദ്ധം ചെയ്യാനായിരുന്നില്ല വന്നത്. യുദ്ധം ചെയ്താല്‍ അതിന്റെ ആരവം മൂന്നു മൈല്‍ അകലെയുള്ള ബെല്ചിനു ബോദ്ധ്യപ്പെടുകയും തിരിച്ചാക്രമിക്കുകയും ചെയ്യുമെന്ന് ഉറപ്പുണ്ടായിരുന്ന സഖ്യകക്ഷികള്‍ സ്വര്‍ണ്ണവും പണവും കൊടുത്ത് ബെല്ചിന്റെ അവശേഷിച്ചിരുന്ന 400-ല്‍ പരം ഭടന്‍മാരുടെ കയ്യില്‍ നിന്നും ക്യാമ്പില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങളും പടക്കോപ്പുകളും വിലക്കു വാങ്ങുകയാണു ‍ ചെയ്തത്‌. ആയുധം വില്‍ക്കാന്‍ വിസമ്മതിച്ച ഭടന്‍മാരെ ഭീഷണിപ്പെടുത്തിയും, തങ്ങളോടൊപ്പം ചേര്‍ക്കാമെന്ന് അനുനയിപ്പിച്ചും അവര്‍ ആയുധശേഖരങ്ങള്‍ എല്ലാം സ്വന്തമാക്കിയതിനു ശേഷം ക്യാമ്പ്‌ മൊത്തം അഗ്നിക്കിരയാക്കി.

ആപത്ത് തിരിച്ചറിഞ്ഞ ബെല്ച് തന്റെ 600-ളം ഭടന്‍മാരുമായി തിരികെ സിഡാമോയിലേക്കു ഓടിപ്പോകാന്‍ തുനിഞ്ഞപ്പോള്‍ ക്യാമ്പ്‌ ആക്രമിച്ചു തീയിട്ട സഖ്യകക്ഷികള്‍ ബെല്ചിന്റെ മാര്‍ഗ്ഗം തടഞ്ഞു. തിരികെ ആഡിസ് അബാബയിലേക്കു ചെന്നു സെല്സിനെ ആക്രമിക്കാമെന്നു കരുതിയപ്പോള്‍ സെല്സിന്റെ നേതൃത്വത്തിലുള്ള വലിയ ഒരു സൈന്യം ബെല്ചിന്റെ ആ ഉദ്യമവും തടഞ്ഞു. ഒരു ചതുരംഗപ്പലകയിലെ കരു പോലെ, അങ്ങോട്ടും ഇങ്ങോട്ടും അനങ്ങാനാകാതെ ബെല്ചിനു സെല്സ്സിനോടു അടിയറവു പറയേണ്ടി വന്നു. ജീവിതത്തില്‍ ആദ്യമായി ബെല്ച് അങ്ങനെ കീഴടങ്ങി. ആ കീഴടക്കല്‍ എത്യോപ്യയുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു.

പിന്നീട് എത്യോപ്യയെ ഏകീകരിച്ച് 1930 മുതല്‍ 1974 വരെ ഒരു ഉത്തമ ഭരണാധികാരിയായി സെല്സ്സേ എത്യോപ്യയെ സംരക്ഷിച്ചുപോന്നു. മിശിഹായുടെ പുനരവതാരം എന്നുപോലും സെല്സ്സെയെ പ്രകീര്‍ത്തിക്കുന്ന ചരിത്രരേഖകള്‍ ഇന്നു നമുക്കു കാണാന്‍ കഴിയും. തന്റെ കുത്സിത ശ്രമ്ങ്ങളുടെ പാപപരിഹാരമായി ബെല്ച് ആകട്ടെ തന്റെ ശിഷ്ടജീവിതം ഒരു സന്യാസിമഠത്തില്‍ ജീവിച്ചാണ്‌ തീര്‍ത്തത്.

Lesson to learn: If you believe that deceivers are colorful folk who mislead with elaborate lies and tall tales, you are greatly mistaken. The best deceivers utilize a bland and inconspicuous front that calls no attention to themselves - Robert Greene.

പെണ്‌ണേ നീ ഇരയാകുന്നു.

നീ രാത്രിയില്‍ തനിച്ചു നടക്കരുത്‌
ആണിനെ അതു പ്രലോഭിപ്പിക്കും
നീ ഒരിക്കലും ഒറ്റക്കു നടക്കരുത്
ഏതു അവസരവും ആണിനെ പ്രേരിപ്പിച്ചേക്കാം

വീട്ടില്‍ ഒറ്റക്കിരിക്കരുത്‌
അതിക്രമികളോ ബന്ധുക്കളോ നിന്നെ പ്രാപിക്കും
നീ അല്പവസ്ത്രയായി നടക്കരുത്
ആണിനെ അതു മോഹിപ്പിക്കും
നീ അണിഞ്ഞൊരുങ്ങി നടക്കരുത്
നിന്റെ എല്ലാ വസ്ത്രവും ആണിനെ ആകര്‍ഷിക്കും

 നീ കുഞ്ഞായിരിക്കരുത്‌ ‌
ചില ആണിന്‌ ഇളംപെണ്‍കുട്ടികളിലാണു ഭ്രമം
നീ വൃദ്ധയാകരുത്
ചിലര്‍ക്ക് വൃദ്ധകളിലാണു ഹരം
നിനക്കു അച്ഛനും അമ്മാവനും ഉണ്ടാകരുത്‌
ബന്ധുക്കള്‍ അധികാരത്തോടെ നിന്നെ പ്രാപിക്കും

നിനക്ക്‌ അയല്‍ക്കാരുണ്ടാകരുത്‌
അയലത്തെ ആണിനു നീ ഒരു സൌകര്യമാണ്.
നീ വിവാഹിതയാകരുത്‌
വിവാഹത്തോടെ ബലാത്സംഗം നിയമപരമാകുന്നു.

നീ ഒന്നുമാത്രം ചെയ്യുക
നിനക്ക്‌ അസ്തിത്വമില്ലായെന്നും
നീ ഈ ഭൂമിയില്‍ ഇല്ലാ എന്നും
ഉറപ്പു വരുത്തുക.

Courtesy: London Rape Crisis Guidelines

Saturday, October 20, 2012

അധികാരമേഖലയില്‍ സത്യസന്ധത- തുരുമ്പെടുത്ത ഒരു ആയുധം


ഇവിടെ പറഞ്ഞുകൊണ്ടിരിക്കുന്നത് അധികാരത്തില്‍ ഇരിക്കുന്നവര്‍ ചെയ്യുന്നതും ചെയ്യേണ്ടതുമായ കാര്യങ്ങള്‍ ആണ്.  അതുകൊണ്ടു തന്നെ നമ്മുടെ സാധാരണബുദ്ധിക്കു ഉചിതമല്ല എന്നു തോന്നുന്ന ചില സത്യങ്ങള്‍ കൂടി പറയേണ്ടതായിട്ടുണ്ട്.  അധികാരത്തിന്റെ മൂന്നാം നിയമത്തില്‍ ഉള്ളിലുള്ളത് ഒളിപ്പിച്ചുവെച്ചുകൊണ്ട് അധികാരത്തെ പിടിച്ചെടുക്കുകയോ, ബലപ്പെടുത്തുകയോ ചെയ്യുന്നവരെ കുറിച്ചാണു പ്രതിപാദിക്കുന്നത്.

നമ്മള്‍ നട്ടിന്‍പുറത്തു കണ്ടിട്ടില്ലേ,  ഒരു തുറന്ന പുസ്തകം പോലെ പെരുമാറുന്ന ആള്‍ക്കാരെ?  അവര്‍ക്കു ഒളിപ്പിക്കാനോ, മറച്ചുവെക്കാനോ ഒന്നുമില്ലാത്തതുകൊണ്ട് യാതൊരു നാട്യവുമില്ലാതെ അവര്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ നഗരങ്ങളിലുള്ളവരില്‍ നിന്നും ആ സത്യസന്ധത നമുക്കു പ്രതീക്ഷിക്കാനാകില്ല.  കാരണം കവിവാക്യം പോലെ നാട്യപ്രധാനമായ നഗരങ്ങളില്‍ മനസ്സിലുള്ളതാകില്ല വാക്കുകള്‍ ആയി പുറത്തേക്കുവരിക.  അധികാരത്തിന്റെ മണിമേടകളും, ഔദ്യോഗികമേഖലകളും ഇത്തരം ഗോപ്യഭാവങ്ങളാല്‍ സമ്പന്നമാണ്‌.  ഇതിനെ ഒരു കുറവായി കണക്കാക്കേണ്ടതില്ല.  കാരണം ഇങ്ങനെ ഉള്ളിലുള്ളതു ഗോപ്യമായി വെച്ചുകൊണ്ട് പെരുമാറേണ്ടത് അധികാരത്തിന്റെ ഒരു നിയമം തന്നെ ആണ്‌.

ചെയ്യാന്‍ പോകുന്ന കാര്യങ്ങളും ചെയ്യുന്ന കാര്യങ്ങളും തുറന്നുപറയുന്നതിനേക്കാള്‍ അധ്വാനവും ശ്രദ്ധയും വേണ്ടത് അത്‌ ഒളിപ്പിച്ചുവെച്ചുകൊണ്ട് പെരുമാറുന്നതിനാണ്‌.  സത്യം പറയുന്നതു കൊണ്ട് ഒരു ഗുണമുണ്ട്, അതു പിന്നെ ഓര്‍ത്തുവെച്ചേക്കണ്ടതില്ല എന്ന ഒരു പഴമൊഴിയെ ഓര്‍മ്മിപ്പിക്കും വിധം വളരെയേറെ ഓര്‍ത്തും പേര്‍ത്തും ചെയ്യേണ്ട ഒന്നാണ്‌  ഈ ഒളിപ്പിച്ചുവെച്ചുകൊണ്ടുള്ള പെരുമാറല്‍.  ഉള്ളില്‍ പൊങ്ങിവരുന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ നമ്മുടെ നാക്കിനെ നിലക്കു നിര്‍ത്താന്‍ വളരെ കഠിനമായി അധ്വാനിക്കേണ്ടതായി വരും. 

സത്യസന്ധമായ അഭിപ്രായപ്രകടനത്തിലൂടെ മറ്റുള്ളവരുടെ ഹൃദയം കവരാനാകും എന്നു കരുതുന്നവര്‍ ഏറെ ഉണ്ടെങ്കിലും, അതിലെ നന്മക്കു വില കല്‍പ്പിച്ചുകൊണ്ടു തന്നെ പറയട്ടെ, ഔദ്യോഗികമേഖലകളില്‍ സത്യസന്ധമായ തുറന്നുപറച്ചില്‍ കൂടുതല്‍ സമയവും ഗുണത്തേക്കാളേറെ ദോഷമാണ്‌ ചെയ്യാറുള്ളത്‌.  മാത്രമല്ല ഇത്തരം സത്യസന്ധത പലപ്പോഴും ഇക്കൂട്ടരെ കൂടുതല്‍ അബദ്ധങ്ങളിലേക്കു നയിക്കുന്നതായാണു കണ്ടുവരുന്നത്.

അധികാരമേഖലയില്‍ സത്യസന്ധത തുരുമ്പുപിടിച്ച ആയുധം പോലെയാണ്, അത് ആര്‍ക്കും ആവശ്യമില്ല,  അതുകൊണ്ടു മുറിവേറ്റാല്‍ കൂടുതല്‍ ആപത്തുകള്‍ ഉണ്ടാകുകയും ചെയ്യും.

അധികാരത്തിന്റെ ഇടനിലങ്ങളില്‍ പരുപരുത്ത സത്യസന്ധതയേക്കാള്‍ മറ്റുള്ളവര്‍ക്കു അഭികാമ്യമാം വിധം അലക്കിത്തേച്ചുപയോഗിക്കുന്ന വാക്കുകള്‍ക്കാണു കൂടുതല്‍ സ്വീകാര്യത.  ഇതിനും പുറമേ,  മറ്റുള്ളവര്‍ക്കു മനസ്സിലാകും വിധമുള്ള നിങ്ങളുടെ തുറന്ന സത്യസന്ധത പലപ്പോഴും നിങ്ങളെ നിര്‍വചനാതീതനായി കാണുന്നതില്‍ നിന്നും ആള്‍ക്കാരെ പിന്‍തിരിപ്പിക്കും, മാത്രമല്ല, അതുകൊണ്ടു തന്നെ പലപ്പോഴും നിങ്ങള്‍ക്കു അര്‍ഹിക്കുന്ന അംഗീകാരമോ ബഹുമാനമോ കിട്ടിയെന്നും വരില്ല.

സുവ്യക്തമായ രീതിയില്‍ മറ്റുള്ളവരുടെ വികാരങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയാത്ത ഒരാളില്‍ അധികാരം കൂടുതല്‍ നാള്‍ തങ്ങിനില്‍ക്കില്ല.   നിങ്ങളെ മറ്റുള്ളവര്‍ വല്ലാതെ കണ്ട് അറിഞ്ഞുപോയാല്‍, പിന്നെ നിങ്ങള്‍ക്കു കിട്ടിക്കൊണ്ടിരിക്കുന്ന ബഹുമാനത്തിനു കുറവുണ്ടാകും.    നിങ്ങളുടെ ഉള്‍വിചാരങ്ങളെ എത്രമാത്രം പൊതിഞ്ഞുസൂക്ഷിക്കുന്നുവോ, അത്രമാത്രം കൂടുതല്‍ അധികാരങ്ങളിലേക്കു നിങ്ങള്‍ക്കു നടന്നുപോകുവാനാകും. 

നിങ്ങള്‍ അധികാരത്ത സ്‌നേഹിക്കുന്നു എങ്കില്‍ ആദ്യം സത്യസന്ധതയെ പാര്‍ശ്വവത്കരിച്ചു ഒരിടത്തേക്കു മാറ്റിവെക്കണം എന്നിട്ടു നിങ്ങളുടെ ഉള്ളിലിരുപ്പ് പ്രകടിപ്പിക്കാതെ, ഏവര്‍ക്കും സ്വീകാര്യമായ നാട്യത്തിന്റെ മുഖംമൂടി ധരിക്കണം. എത്രമാത്രം കൌശലപൂര്‍വം ഈ നാട്യത്തെ നിങ്ങള്‍ ഉപയോഗിക്കുന്നുവോ, അത്രയേറേ മേല്‍ക്കൈ നിങ്ങള്‍ക്കു അധികാരമേഖലയില്‍ ഉണ്ടായിരിക്കും.

ഉള്ളിലുള്ളത് ഒളിപ്പിക്കുക എന്നത് മനുഷ്യന്റെ സഹജമായ സ്വഭാവമാണ്.  അതിനെ എത്രമാത്രം കലാപരമായി ഉപയോഗിക്കുന്നു എന്നതിലാണ്‌ ഒരാളുടെ സാമര്‍ഥ്യം കുടികൊള്ളുന്നത്‌.  കണ്ണുകൊണ്ടു കാണുന്നതിനെ വിശ്വസിക്കുക എന്ന ഒരു സഹജസ്വഭാവം കൂടി മനുഷ്യനുണ്ട്. ഉള്ളിലുള്ളതിനെ കാണിക്കാതെ മറ്റുള്ളവര്‍ക്കു കാണുവാനും സംവദിക്കാനും കഴിയുന്നതിനെ പ്രകടിപ്പിക്കുന്നതു വഴി മനുഷ്യന്‍ അതിനെ മാത്രം വിശ്വസിക്കും.  ഈ വിശ്വാസത്തെ, തന്റെ ലക്ഷ്യത്തിനായി എത്രമാത്രം ഉഴുതും വിതച്ചും ഉപയോഗിക്കാന്‍ ഒരാള്‍ക്ക് സാധിക്കുന്നുവോ, അത്രയേറെ ഗുണകരമായ രീതിയില്‍ തന്റെ അധികാരത്തെ നില്‍നിര്‍ത്തിക്കൊണ്ടുപോകുവാന്‍ അയാള്‍ക്കു കഴിയും.

നേരില്‍ കാണുന്നതിനെയും കേള്‍ക്കുന്നതിനേയും എങ്ങനെയാണ്‌ അവിശ്വസിക്കുക?  നിങ്ങളുടെ മനോവികാരത്തെ ഒളിപ്പിച്ചുകൊണ്ട് നിങ്ങള്‍ പെരുമാറുന്നത് മറ്റൊരാള്‍ക്ക് ഒരിക്കലും മനസ്സിലാവുകയില്ല. നിങ്ങളെ മറ്റൊരാള്‍ക്ക് ശരിക്കും വായിക്കാനാകുന്ന വിധം തുറന്ന പുസ്തകം പോലെ ആക്കാത്തിടത്തോളം നിങ്ങളില്‍ നിന്നും മറ്റുള്ളവര്‍ കൂടുതല്‍ എന്തൊക്കെയോ പ്രതീക്ഷിച്ചുകൊണ്ടിരിക്കും.  ഇതു നിങ്ങളുടെ പ്രവര്‍ത്തിമണ്ഡലത്തില്‍ കൂടുതല്‍ ഉയരങ്ങളിലേക്കു നയിക്കാന്‍  നിങ്ങളെ സഹായിക്കും.

Sunday, October 7, 2012

മലയാളികളുടെ സ്‌മാര്‍ട്നെസ്

ഗള്‍ഫില്‍ വന്ന കാലം മുതല്‍ ഇന്‍ഡ്യയിലെ അന്യസംസ്ഥാനക്കാരില്‍ നിന്നും അന്യദേശക്കാരില്‍ നിന്നും ഒക്കെ കേള്‍ക്കുന്ന ഒരു പല്ലവി ഉണ്ട്. "നിങ്ങള്‍ മലയാളികള്‍ വളരെ സ്‌മാര്‍ട്ട് ആണ്".

മലയാളികളെക്കുറിച്ച് പലവിധ ഭാഷ്യങ്ങളാണ്‌ അന്യസംസ്ഥാനക്കാര്‍ പൊതുവേ അവരുടെ സ്വകാര്യസംഭാഷണങ്ങളില്‍ പറയാറുള്ളത്, അതില്‍ മുന്നില്‍ നില്‍ക്കുന്നത് മലയാളികള്‍ വളരെ സ്വാര്‍ത്ഥമതികള്‍ ആണ്‌ എന്ന അഭിപ്രായമാണ്.
 ഏതു മണ്ഡലത്തിലായാലും മലയാളികളോളം കുശാഗ്രബുദ്ധി മറ്റൊരാളിലും ഇല്ലായെന്ന് സ്വയംബോധ്യപ്പെട്ടപ്പോഴൊക്കെ ഒരു മലയാളി ആയി ജനിച്ചതില്‍ അല്പം അഹങ്കാരം കലര്‍ന്ന അഭിമാനം തോന്നിയിട്ടുമുണ്ട്.

നമ്മള്‍ മലയാളികള്‍ക്കു പൊതുവായ ഒരു സ്വഭാവം ഉണ്ട്. ആരെ പരിചയപ്പെട്ടാലും, അതു ഇനി അമേരിക്കക്കാരന്‍ ആയാലും കൊള്ളാം, അറബി ആയാലും കൊള്ളാം, എന്നോളം വരുമോടാ നീ എന്ന ഒരു വിചാരം നമുക്കുണ്ട്. ബൌദ്ധികപരമായ ഒരു അപ്രമാദിത്വം നമ്മള്‍ ഒരു കിരീടം പോലെ ധരിക്കാറുണ്ട്. അതുകൊണ്ടു തന്നെ മലയാളിക്ക് മറ്റൊരു മലയാളിയെ അല്ലാതെ വേറെ ആരേയും പേടിയും ഇല്ല.

കഥയിലേക്കു വരാം. ഇന്നലെ ഒരു ഹൈദ്രാബാദി യുവാവിനെ പരിചയപ്പെട്ടു. മലയാളി ആണെന്നു ഞാന്‍ പരിചയപ്പെടുത്തിയപ്പോള്‍ അവനും പറഞ്ഞു 'നിങ്ങള്‍ മലയാളികള്‍ വളരെ സ്‌മാര്‍ട്ട് ആണ്'. ഇതു ഒരുപാടു കേട്ടിട്ടുണ്ട് എന്ന രീതിയില്‍ ഒരു സന്തോഷസൂചക ചിരിയില്‍ മറുപടി ഒതുക്കിയപ്പോഴാണ്‌ ഞെട്ടിച്ചുകൊണ്ട് അവന്‍ അതിന്റെ കാരണം കൂടി പറഞ്ഞത്.

“നിങ്ങള്‍ നിങ്ങളുടെ കാടു വെട്ടി നശിപ്പിക്കില്ല, നിങ്ങളുടെ പുഴയില്‍ നിന്നും മണ്ണു വാരിക്കില്ല, നിങ്ങളുടെ നാട്ടില്‍ ഫാക്റ്ററികള്‍ പണിഞ്ഞു അന്തരീക്ഷം മലിനമാക്കില്ല, നെല്‍വയലുകള്‍ നികത്തി വലിയ കെട്ടിടങ്ങള്‍ക്കായി ഗ്രാമങ്ങള്‍ വിട്ടുകൊടുക്കില്ല. നിങ്ങള്‍ അന്യസംസ്ഥാനങ്ങളിലും ഗള്‍ഫിലും ഒക്കെ വന്നു പൈസ ഉണ്ടാക്കി സുഖദമായ ഒരു അവധിക്കാലം ചെലവഴിക്കാന്‍ സ്വന്തം നാട്ടിലെത്തുന്നു. നിങ്ങള്‍ക്കു മഴയുണ്ട്, പുഴയുണ്ട്, പൈസയുണ്ട്. സ്വന്തമായി ദൈവത്തിന്റെ ദാനം പോലെ ഒരു നാടുണ്ട്. അതിനെ നശിപ്പിക്കാന്‍ നിങ്ങള്‍ ആരേയും അനുവദിക്കില്ല. അതാണ്‌ നിങ്ങളുടെ സ്മാര്‍ട്നെസ്.

ആദ്യമായാണ്‌ തികച്ചും വ്യത്യസ്തമായ ഒരു നിരീക്ഷണം കേട്ടത്. ഒരു വാക്കുപോലും മറുപടി പറയാനാകാതെ ഉള്ളില്‍ ചിരിയും അല്പം അഭിമാനവും ഒതുക്കി ഇരുന്നപ്പോഴും ഉള്ളില്‍ ഒരു ഭീതിയുണ്ടായി. ഇവര്‍ പുറത്തുനിന്നു കാണുന്നതല്ലല്ലോ എന്റെ നാട്. അകം പുകയുന്നത് പുറം അറിയാതിരിക്കട്ടെ.

Saturday, October 6, 2012

മോവോ സേതുങും ശത്രുവും

ബദ്ധവൈരി അഥവാ കടുത്ത എതിരാളി ഒരാള്‍ക്ക്‌ ഉണ്ടെങ്കില്‍ അയാള്‍  ദത്തശ്രദ്ധനായിരിക്കും എന്ന ഒരു സത്യം ഉദാഹരണ സഹിതം റോബര്‍ട്ട് ഗ്രീനിന്റെ അധികാരത്തിന്റെ 48 നിയമങ്ങള്‍ എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.

അഭിപ്രായമാത്സര്യവും ശത്രുക്കളോടു നേരിടാന്‍ സദാ പുലര്‍ത്തിയിരുന്ന ജാഗ്രതയും ആയിരുന്നു മാവോ സേതുങ് എന്ന നേതാവിന്റെ അനന്യമായ കഴിവ് എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയുണ്ടാവില്ല.
ചൈനയില്‍ നാഷണലിസ്റ്റുകളും മാവോ സേതുങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റുകളും തമ്മില്‍ ആഭ്യന്തരകലഹം നടക്കുന്നതിനിടയിലാണ്‌ 1937-ല്‍ ജപ്പാന്‍ ചൈനയില്‍ കടന്നാക്രമണം നടത്തിയത്‌.

പരാജയഭീതി തോന്നിയ ഒരു പറ്റം കമ്യൂണിസ്റ്റുകള്‍ മാവോയുടെ മുന്‍പാകെ ഒരു നിര്‍ദ്ദേശം വെച്ചു.  എന്തെന്നാല്‍ ജപ്പാനോടു നേരിടാന്‍ നാഷണലിസ്റ്റുകള്‍ മതി, കമ്യൂണിസ്റ്റുകള്‍ ഒഴിഞ്ഞുനില്‍ക്കാം, ഈ ഇടവേളയില്‍ കമ്യൂണിസ്റ്റുകള്‍ക്കു കൂടുതല്‍ ശക്തിയാര്‍ജ്ജിക്കാം എന്നതായിരുന്നു നിര്‍ദ്ദേശം.  എന്നാല്‍ ഈ നിര്‍ദ്ദേശം മാവോയ്‌ക്ക് ഒട്ടും സ്വീകാര്യമായിരുന്നില്ല.
ചൈന മാതിരിയുള്ള ഒരു വലിയ രാജ്യത്തെ ജപ്പാന്‌ അത്രപെട്ടെന്നൊന്നും കീഴടക്കാന്‍ കഴിയില്ല എന്നു മാവോയ്ക്ക് ഉറപ്പുണ്ടായിരുന്നു. ഈ കാലമത്രയും കമ്മ്യൂണിസ്റ്റുകള്‍ സമരമുഖത്തില്ലാതെയിരുന്നാല്‍ അതു അവരെ അലസന്‍മാരാക്കുമെന്നു മാവോയ്ക്കു അറിയാമായിരുന്നു.  മാത്രമല്ല,ഒരു ഇടവേളയുണ്ടായാല്‍ ജപ്പാന്‍ പരാജിതരായിപോയി കഴിഞ്ഞ് പിന്നീടു നാഷണലിസ്റ്റുകളോട് എതിരിടാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഊര്‍ജ്ജവും ആര്‍ജ്ജവവും നഷ്ടപ്പെടുമെന്നും മാവോ കരുതിയിരുന്നു.
അതിനു പുറമേ,  പ്രബലശക്തികളായ ജപ്പാനോട് എതിരിടുന്നതു വഴി പൊതുവേ അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന കമ്യൂണിസ്റ്റ് ശക്തിക്ക്‌ ശക്തമായ ഒരു പരിശീലനം ലഭിക്കുമെന്നും മാവോ പ്രതീക്ഷിച്ചു.  മാവോയുടെ പ്രതീക്ഷകളെ അപ്പാടെ ശരിവെക്കുന്നതായിരുന്നു പിന്നീട് സംഭവിച്ചതെല്ലാം.  ജപ്പാന്‍ ചൈനയില്‍ നിന്നും പരാജിതരായി പിന്‍മാറിയപ്പോഴേക്കും നാഷണലിസ്റ്റുകളെപ്പോലും നിര്‍വീര്യമാക്കാന്‍ പാകത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ ശക്തരായി കഴിഞ്ഞിരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം ജപ്പാന്‍ പ്രതിനിധി ചൈന സന്ദര്‍ശിച്ചപ്പോള്‍ ചൈനയുടെ മേല്‍ ജപ്പാന്‍ നടത്തിയ കടന്നാക്രമണത്തിനു മാപ്പു ചോദിച്ചപ്പോള്‍ മാവോ സേതുങ്ങ് പറഞ്ഞത് ഇപ്രകാരമാണ്‌:  'യഥാര്‍ഥത്തില്‍ നിങ്ങളോട് ഞാന്‍ നന്ദി ആണ്‌ അറിയിക്കേണ്ടത്‌.  എന്തെന്നാല്‍ ജപ്പാനെ പോലെ ശക്തനായ ഒരു എതിരാളി ഇല്ലായിരുന്നുവെങ്കില്‍ കമ്മ്യൂണിസ്റ്റുകള്‍ ഇത്രമാത്രം വളരുകയോ ശക്തി പ്രാപിക്കുകയോ ചെയ്യുമായിരുന്നില്ല." ശക്തനായ എതിരാളിയെ പ്രതിരോധിക്കാന്‍ ഇല്ലെങ്കില്‍ വ്യക്തിയോ സംഘമോ ഒരു പരിധിക്കപ്പുറത്തേക്കു വളരുകയില്ല.
ഒരിക്കലും തോല്‍പ്പിക്കാനാകില്ല എന്നുറപ്പുള്ള എതിരാളിയുമായി യുദ്ധം ചെയ്യരുത്.  എന്നാല്‍ ചൈനയെപ്പോലെ ഒരു വലിയ രാജ്യത്തെ തോല്പ്പിക്കാന്‍ ജപ്പാനു കഴിയില്ല എന്നു മാവോയ്ക്ക് ശരിക്കും ഉറപ്പുണ്ടായിരുന്നു.  

 ശക്തനായ ഒരു എതിരാളി ഇല്ലായെങ്കില്‍ മുന്നോട്ടു വളരാനുള്ള സമരവീര്യം ക്ഷയിക്കും എന്നു മാത്രമല്ല ചിലപ്പോള്‍ സൌകര്യാര്‍ഥം നാമമാത്രമായ ഒരു എതിരാളിയില്‍ തങ്ങളെ തളച്ചിടപ്പെടുകയോ, അല്ലെങ്കില്‍ കൂട്ടത്തിലുള്ള ഒരാളില്‍ നിന്നു തന്നെ ശത്രുവിനെ കണ്ടെത്തുകയോ ചെയ്യും എന്നും മാവോ കരുതിയിരുന്നു.  അതുകൊണ്ടാണ്‌ ജപ്പാന്റെ പിന്‍തിരിയലിനു ശേഷവും സോവ്യറ്റ് യൂണിയനുമായും അമേരിക്കയുമായി ചൈന പുലര്‍ത്തിപ്പോന്ന അഭിപ്രായവ്യത്യാസങ്ങളെ മാവോ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നത്. 
ഇത്തരം അഭിപ്രായവ്യത്യാസങ്ങള്‍ ചൈനയുടെ ദേശീയതാത്പര്യവുമായി ഇഴചേര്‍ക്കുകയും കൃത്യമായ എതിരാളികളെ സമയാസമയങ്ങളില്‍ നിര്‍വചിക്കപ്പെടുകയും ചെയ്തതു വഴി ചൈനയിലെ കമ്മ്യൂണിസ്റ്റ് ശക്തികളെ എന്നും സചേതനമാക്കി നിര്‍ത്താന്‍ മാവോയ്ക്കു കഴിഞ്ഞിരുന്നു.

ഈ ഉദാഹരണത്തിലൂടെ പറയുന്നത്:  തന്റെ കര്‍മ്മമണ്ഡലത്തില്‍ ഒരു എതിരാളി ഉണ്ടായിരിക്കുക എന്നത് വിഷമം ഉണ്ടാക്കേണ്ട ഒന്നല്ല. മറിച്ച് സൌഹൃദം നടിക്കുകയും പരോക്ഷമായി ശത്രുത കാട്ടുകയും ചെയ്തു ഒളിഞ്ഞിരിക്കുന്ന ശത്രുവിനേക്കാള്‍ തെളിഞ്ഞു കാണുന്ന പ്രത്യക്ഷശത്രു നിങ്ങളെ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കും
അധികാരം ആഗ്രഹിക്കുന്നവര്‍ക്ക്‌ ഒരു ശത്രു എപ്പോഴും സ്വീകാര്യനായിരിക്കും. കാരണം ഈ ശത്രുവിനെ ഉപയോഗിച്ച് അവര്‍ക്കു കൂടുതല്‍ അധികാരങ്ങളിലേക്കും പ്രശസ്തിയിലേക്കും എത്താന്‍ കഴിയും.

Wednesday, September 26, 2012

ഹെയ്റോ രാജാവും വായ്‌നാറ്റവും

ഗ്രീസിലെ ഹെയ്‌റോ രാജാവിനു ഒരിക്കല്‍ തന്റെ ശത്രുവിനോടു നേരിട്ടു സംസാരിക്കേണ്ട ഒരു അവസരമുണ്ടായി. സംസാരമദ്ധ്യേ 'താങ്കള്‍ക്കു അസഹ്യമായ വായ്നാറ്റം ഉണ്ടെന്നും താങ്കള്‍ക്കു നേര്‍ക്കുനേര്‍ നിന്നു സംസാരിക്കാന്‍ തനിക്കു ബുദ്ധിമുട്ടുണ്ടെന്നും' ശത്രു അധിക്ഷേപരൂപത്തില്‍ ഹെയ്‌റോ രാജാവിനോടു പറഞ്ഞു.

സഭാമദ്ധ്യത്തില്‍ അധിക്ഷേപിതനായ രാജാവ്‌ കുപിതനായി തന്റെ അന്ത:പുരത്തിലെത്തി രാജ്ഞിയെ ശകാരിച്ചു. എന്തുകൊണ്ട്‌ വായനാറ്റത്തിന്റെ കാര്യം രാജാവിനോടു ഇതുവരെ പറഞ്ഞില്ല എന്നു ആക്രോശിച്ചു.

കുലീനയും പതിഭക്തയുമായിരുന്ന രാജ്ഞി ഇങ്ങനെ പറഞ്ഞു. 'പ്രഭോ, എനിക്കു ഒരു പുരുഷനെ മാത്രമേ അറിയൂ, എല്ലാ പുരുഷന്മാരുടെ ഗന്ധം ഇതായിരിക്കും എന്നാണു ഞാന്‍ കരുതിയിരുന്നത്‌'

നിങ്ങളുടെ ന്യൂനതകള്‍,അതു ശാരീരിക സംബന്ധിയാകട്ടെ, സ്വഭാവസംബന്ധിയാകട്ടെ, ആദ്യം ശ്രദ്ധിക്കുക നിങ്ങളുടെ ശത്രുക്കള്‍ ആയിരിക്കും. ഈ കുറവുകളെ വെച്ചു സഭാമദ്ധ്യേ നിങ്ങളെ അവര്‍ ചെറുതാക്കുകയും അവരുടെ വിജയത്തിനോ ആനന്ദത്തിനോ വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്യും.

സൌഹൃദത്തിനിടയിലെ അപ്രിയസത്യങ്ങള്‍

അധികാരങ്ങളുടെ തലങ്ങളെക്കുറിച്ചു പറയുന്ന ഈ ഭൂമികയില്‍ ഒരല്പം സുഹൃത്‌ വിചാരം.

ഈ ലോകം നന്ദികെട്ടവരുടേതു കൂടിയാണ്‌. ഈ നിര്‍ദയലോകത്ത്‌ പലപ്പോഴും ആശ്വാസം സുഹൃത്തുക്കള്‍ മാത്രമാണ്‌. സൌഹൃദത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച്‌ എത്ര വര്‍ണ്ണിച്ചാലാണു മതിയാവുക. എല്ലാ ബന്ധങ്ങള്‍ക്കിടയിലും അല്‍പ്പം അകല്‍ച്ച സൂക്ഷിക്കുന്ന നമ്മള്‍ പലപ്പോഴും സൌഹൃദത്തിന്റെ കാര്യത്തില്‍ ആ അകല്‍ച്ച...
യെ മറന്നേ പോകുന്നു. ഖലീല്‍ ജിബ്രാന്‍ എഴുതിയിട്ടുണ്ട്..എല്ലാ ബന്ധങ്ങള്‍ക്കിടയിലും അല്‍പ്പം വിടവു വേണം ആ വിടവുകള്‍ക്കുള്ളില്‍ ആനന്ദം നൃത്തം ചെയ്യും.

സൌഹൃദത്തിന്റെ മാറ്റു കുറക്കുന്ന എന്തെങ്കിലും എഴുതുക എന്നതു ഇവിടെ ഉദ്ദേശിച്ചിട്ടില്ല. എങ്കിലും തൊഴില്‍ മേഖലയില്‍ സൌഹൃദം കൊണ്ടുണ്ടാകാവുന്ന ചില അപകട സാധ്യതകള്‍ എഴുതുകയാണ്‌.

പലപ്പോഴും പലരും പറഞ്ഞു കേട്ടിട്ടില്ലേ, അവനെ ഞാന്‍ ആണ്‌ ഈ നിലയിലെത്തിച്ചത്, എന്നിട്ടും അവന്‍ എന്നോടിങ്ങനെ ചെയ്തല്ലോ എന്ന്‌? എന്തുകൊണ്ടാണ്‌ നിങ്ങള്‍ വിശ്വസിച്ചിരുന്ന സുഹൃത്ത് നിങ്ങളുടെ ജോലി പങ്കിടുമ്പോഴോ, ഒരു ജോലി ഏല്‍പ്പിക്കുമ്പോഴോ വേരൊരു ആളായി മാറി എന്നു നിങ്ങള്‍ക്കു തോന്നുന്നത്?

ഇതിന്റെ കാരണം അവിശ്വസനീയമെന്നു തോന്നാം, പക്ഷേ സുഹൃത്തിനൊടു നിങ്ങള്‍ കാട്ടുന്ന ദയ ആണു നിങ്ങളുടെ സുഹൃത്തിനെ വ്യത്യസ്തനാക്കുന്നത്‌. ഒരു ദയയുടെ ബാധ്യത വളരെ നിര്‍ദയമായ അവസ്ഥയിലേക്കു നീങ്ങുന്നതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്.

നിങ്ങള്‍ ഒരു സ്ഥാപനമോ സംരഭമോ തുടങ്ങുമ്പോള്‍ കൂടുതല്‍ വിശ്വാസത്തോടെ കാര്യങ്ങള്‍ ഏല്‍പ്പിക്കാനാവുക ഉത്തമസുഹൃത്തുക്കളെ തന്നെയാണ്‌. ഒരു കൂട്ടായി, തന്റെ സ്ഥാനത്തു നിന്നു കാര്യങ്ങള്‍ നോക്കാന്‍ അപരിചിതനായ ഒരാളെ കണ്ടെത്തുന്നതിനേക്കാളും എപ്പോഴും അഭികാമ്യം ഉത്തമ സുഹൃത്തുക്കളെ അതേല്‍പ്പിക്കുക എന്നതാണ്‌.

പക്ഷേ ഇങ്ങനെ ചെയ്യുന്നതിനു മുന്നെ നിങ്ങളുടെ സുഹൃത്തിനെ നിങ്ങള്‍ എത്രമാത്രം അറിഞ്ഞിരിക്കുന്നു എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. പലപ്പോഴും പല സുഹൃത്തുക്കളും നിങ്ങളുടെ അഭിപ്രായത്തോടു ചേര്‍ന്നു നില്‍ക്കുന്നത്‌ ഒരു നീരസം ഒഴിവാക്കാനോ, അല്ലെങ്കില്‍ വെറുതെ അപ്രീതിയുണ്ടാക്കേണ്ട എന്നു കരുതിയോ ആയിരിക്കും. അവരിലെ അസുന്തഷ്ടമായ മനസ്സിനെ മൂടിവെച്ചായിരിക്കും പലപ്പോഴും നിങ്ങളുടെ മുന്നില്‍ സന്തോഷവാന്‍മാരായി പെരുമാറുക. നിങ്ങള്‍ പറയുന്ന തമാശകളും നിങ്ങളുടെ മാനസികോല്ലാസത്തിനുതകിയ കാര്യങ്ങളും സുഹൃത്തുക്കളോട്‌ പങ്കുവെക്കുമ്പോള്‍ ചേര്‍ന്നു ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നവരില്‍ പലരും അവരിലെ അസുന്തഷ്ടമായ മനസ്സിനെ മറച്ചുവെച്ചുകൊണ്ടാകും നിങ്ങളോടു ചേര്‍ന്നുനില്‍ക്കുന്നത്‌.

നിങ്ങളുടെ കഴിവിലും രുചിയിലും അത്‌ഭുതം പ്രകടിപ്പിക്കുന്ന സുഹൃത്തുക്കളില്‍ പലരും പലപ്പോഴും നിങ്ങളെ സന്തോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി മാത്രമായിരിക്കും കൂടെ നില്‍ക്കുന്നത്‌.

നിങ്ങളുടെ സ്ഥാപനത്തിലേക്കു ഒരു സുഹൃത്തിനെ ജോലിയിലേക്കു എടുക്കുമ്പോള്‍ ക്രമേണ മാത്രമേ ആ സുഹൃത്തില്‍ ഒളിഞ്ഞിരിക്കുന്ന യഥാര്‍ഥ സ്വഭാവം മനസ്സിലക്കാന്‍ കഴിയൂ.

ഒരു ജോലിയില്‍ എവിടെയും സ്വന്തം കഴിവിന്റെ ഔന്നത്യം ഉണ്ടായിരിക്കണം എന്നു ആഗ്രഹിക്കാത്ത ആരാണുള്ളത്? നിങ്ങളുടെ ദയാവായ്പിലൂടെ ലഭിച്ച ജോലി നിങ്ങളുടെ സുഹൃത്തില്‍ ക്രമേണ ദുസ്സഹമായ ഒരു അടിച്ചമര്‍ത്തലായി അനുഭവപ്പെട്ടു തുടങ്ങും.

താന്‍ ഒരു സുഹൃത്തായതുകൊണ്ടാണ്‌, അല്ലാതെ തന്റെ കഴിവുകൊണ്ടല്ല ഈ ജോലി ലഭിച്ചത് എന്ന തോന്നല്‍ ഒരുവശത്ത്. അതിനു പുറമേ, നിങ്ങളോടു പുലര്‍ത്തേണ്ടുന്ന കടപ്പാടിന്റെ ഭാരം വേറേയും. അസ്വസ്ഥമാക്കപ്പെടുന്ന മനസ്സില്‍ നിന്നും അതോടെ സൌഹൃദം പടിയിറങ്ങിത്തുടങ്ങും. കാരുണ്യം കൊണ്ടോ, സഹതാപം കൊണ്ടോ സഹായിച്ച സുഹൃത്ത് അതോടെ നഷ്ടപ്പെടുന്നു. എന്നു മാത്രമല്ല, നിങ്ങളോട്‌ വെറുപ്പു സൂക്ഷിക്കുന്ന ഒരാളായി ഈ സുഹൃത്ത് രൂപാന്തരപ്പെടുകയും ചെയ്യുന്നു.

ഇത്തരം സുഹൃത്തുക്കളില്‍ നിന്നും ഒരു ശത്രുവിനെപ്പോലെ നേരിട്ടുള്ള ആക്രമണം നിങ്ങളുടെ നേരെ ഉണ്ടാകില്ല എന്നതാണ്‌ ഇതിലെ വേദനിപ്പിക്കുന്ന സത്യം. അല്‍പ്പം അവിശ്വാസ്യത, ചെറിയ രീതിയിലെ നിരാശകള്‍, നിങ്ങളോടുള്ള അല്‍പ്പം അസൂയ ഇതെല്ലാം ചേര്‍ന്നു ക്രമേണ നിങ്ങള്‍ക്കിടയിലെ സൌഹൃദം മങ്ങിത്തുടങ്ങും. ഈ അവസരത്തില്‍ എത്രമാത്രം ആനുകൂല്യങ്ങള്‍ നിങ്ങളുടെ സുഹൃത്തിനു കൊടുക്കുന്നുവോ, അതെല്ലാം തന്റെ അവകാശങ്ങള്‍ മാത്രമാണെന്ന തോന്നലിലേക്കു കാര്യങ്ങള്‍ മാറുകയും കൊടുക്കുന്ന ആനുകൂല്യങ്ങള്‍ക്കു പ്രത്യുപകാരമായി കൂടുതല്‍ നന്ദികേടിലേക്കു കാര്യങ്ങള്‍ നീങ്ങുകയും ചെയ്യും.

ഇത്തരം നന്ദികേടുകളുടെ നിരവധി കഥകള്‍ ചരിത്രത്താളുകളില്‍ വേദനയുടെ പര്യായമായി കിടപ്പുണ്ട്. ഈ പേജില്‍ മുന്‍പെഴുതിയ മൈക്കിള്‍ മൂന്നാമന്റെ കഥ ഇത്തരം ഒരു നന്ദികേടിന്റെ കഥയായിരുന്നു. ചരിത്രത്തിലെ ഈ കഥകളെല്ലാം കണ്‍മുന്നിലുണ്ടെങ്കിലും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

ഒരു സുഹൃത്തിനെ നിങ്ങളുടെ സ്ഥാപനത്തില്‍ ഒരേ പദവിയില്‍ ജോലി ചെയ്യാന്‍ കൂടെ കൂട്ടുമ്പോള്‍, അന്നേവരെ നിങ്ങള്‍ക്കു ആ സ്ഥാപനത്തിലുണ്ടായിരുന്ന അധികാരത്തെ അതു പരിമിതപ്പെടുത്തും. അത്തരം ഒരുപാടു സംഭവങ്ങള്‍ അനുഭവസ്ഥരില്‍ നിന്നും അറിഞ്ഞിട്ടുണ്ട്.

നിങ്ങളുടെ സുഹൃത്ത് നിങ്ങളെ എല്ലാ കാര്യത്തിലും സഹായിച്ചേക്കാം. പക്ഷേ ജോലിയിലെത്തിക്കഴിഞ്ഞാല്‍ തന്റെ തടം ഉറപ്പിക്കുക എന്ന വലിയ ഒരു ദൌത്യം എല്ലാവരിലും ഉണ്ട്. ഇത് നിങ്ങളുടെ സുഹൃത്തിലുമുണ്ട്. തടമുറച്ചുകഴിഞ്ഞാലോ, പിന്നെ വളരണമെങ്കില്‍ അതിനു മതിയായ സാഹചര്യം വേണം. നിങ്ങളോടുള്ള കടപ്പാടിന്റെ നിഴല്‍ ആ വളര്‍ച്ചക്കു വലിയ ഒരു ബാധ്യത ആയി മാറും. ഇത്തരം സാഹചര്യങ്ങളിലാണ്‌ സൌഹൃദത്തിനുമേലും നിഴല്‍ പരക്കുന്നത്‌.

തൊഴില്‍മേഖലയില്‍ സൌഹൃദത്തേക്കാള്‍ പ്രാധാന്യം ഒരാളുടെ കഴിവിനും കാര്യക്ഷമതയ്‌ക്കുമാണ്‌. എല്ലാ തൊഴില്‍ മേഖലയിലും വ്യക്തികള്‍ തമ്മില്‍ ഒരു ചെറിയ അകലം സൂക്ഷിക്കേണ്ടത്‌ അനിവാര്യമാണ്‌. നിങ്ങള്‍ ഒരു സ്ഥാപനത്തിലെത്തിയിരിക്കുന്നത്‌ ജോലി ചെയ്യാനാണ്, അല്ലതെ സൌഹൃദം വളര്‍ത്താനോ സംരക്ഷിക്കാനോ അല്ല. നിങ്ങളുടെ കാര്യക്ഷമതയെ നോക്കിയാണ്‌ ആ സ്ഥാപനത്തിലെ നിങ്ങളുടെ നിലനില്‍പ്പ്, അല്ലാതെ സൌഹൃദം നോക്കിയല്ല. കൂടുതല്‍ അവസരങ്ങളിലേക്കു പോകാന്‍ സൌഹൃദം ഒരു ബാധ്യത ആകുന്നിടത്തു എല്ലാം അവസാനിക്കും എന്നു മാത്രമല്ല ക്രമേണ അതു ശത്രുതയിലേക്കു നടന്നുപോവുകയും ചെയ്യും.

നിങ്ങളുടെ സുഹൃത്തിനു നിങ്ങള്‍ പ്രതീക്ഷിക്കുന്നതുപോലെ കാര്യക്ഷമതയും കഴിവും ഇല്ലെങ്കിലും അഥവാ അതു കൂടുതല്‍ ആണെങ്കിലും അതു സൌഹൃദത്തെ കൊല്ലുക തന്നെ ചെയ്യും. കാരണം നിങ്ങള്‍ നല്‍കിയ കരുണ്യം നിങ്ങളെ അതു പരിമിതപ്പെടുത്തുന്നു.

സൌഹൃദം സൌഹൃദത്തിനായി മാത്രം സൂക്ഷിക്കുക, തൊഴില്‍ മേഖലയില്‍ നൈപുണ്യവും കാര്യക്ഷമതയും ഉള്ളവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുക. സ്വയം ചെയ്യേണ്ടുന്ന കാര്യങ്ങള്‍ സൌഹൃദത്തിന്റെ പേരില്‍ ചെയ്യാതിരിക്കുകയോ, സുഹൃത്ത് ചെയ്തുകൊള്ളുമെന്നു കരുതി സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കുകയോ ചെയ്യരുത്.

നിങ്ങളുടെ സുഹൃത്തില്‍ നിന്നും കൂടുതല്‍ കൃതജ്ഞത പ്രതീക്ഷിക്കാതിരിക്കുക, അപ്പോള്‍ അവര്‍ കാണിക്കുന്ന ചെറിയ നന്ദി പോലും നിങ്ങളെ വല്ലാതെ സന്തുഷ്ടരാക്കും.
 
(അധികാരത്തിന്റെ 48 നിയമങ്ങളില്‍ നിന്നും)