Saturday, October 20, 2012

അധികാരമേഖലയില്‍ സത്യസന്ധത- തുരുമ്പെടുത്ത ഒരു ആയുധം


ഇവിടെ പറഞ്ഞുകൊണ്ടിരിക്കുന്നത് അധികാരത്തില്‍ ഇരിക്കുന്നവര്‍ ചെയ്യുന്നതും ചെയ്യേണ്ടതുമായ കാര്യങ്ങള്‍ ആണ്.  അതുകൊണ്ടു തന്നെ നമ്മുടെ സാധാരണബുദ്ധിക്കു ഉചിതമല്ല എന്നു തോന്നുന്ന ചില സത്യങ്ങള്‍ കൂടി പറയേണ്ടതായിട്ടുണ്ട്.  അധികാരത്തിന്റെ മൂന്നാം നിയമത്തില്‍ ഉള്ളിലുള്ളത് ഒളിപ്പിച്ചുവെച്ചുകൊണ്ട് അധികാരത്തെ പിടിച്ചെടുക്കുകയോ, ബലപ്പെടുത്തുകയോ ചെയ്യുന്നവരെ കുറിച്ചാണു പ്രതിപാദിക്കുന്നത്.

നമ്മള്‍ നട്ടിന്‍പുറത്തു കണ്ടിട്ടില്ലേ,  ഒരു തുറന്ന പുസ്തകം പോലെ പെരുമാറുന്ന ആള്‍ക്കാരെ?  അവര്‍ക്കു ഒളിപ്പിക്കാനോ, മറച്ചുവെക്കാനോ ഒന്നുമില്ലാത്തതുകൊണ്ട് യാതൊരു നാട്യവുമില്ലാതെ അവര്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ നഗരങ്ങളിലുള്ളവരില്‍ നിന്നും ആ സത്യസന്ധത നമുക്കു പ്രതീക്ഷിക്കാനാകില്ല.  കാരണം കവിവാക്യം പോലെ നാട്യപ്രധാനമായ നഗരങ്ങളില്‍ മനസ്സിലുള്ളതാകില്ല വാക്കുകള്‍ ആയി പുറത്തേക്കുവരിക.  അധികാരത്തിന്റെ മണിമേടകളും, ഔദ്യോഗികമേഖലകളും ഇത്തരം ഗോപ്യഭാവങ്ങളാല്‍ സമ്പന്നമാണ്‌.  ഇതിനെ ഒരു കുറവായി കണക്കാക്കേണ്ടതില്ല.  കാരണം ഇങ്ങനെ ഉള്ളിലുള്ളതു ഗോപ്യമായി വെച്ചുകൊണ്ട് പെരുമാറേണ്ടത് അധികാരത്തിന്റെ ഒരു നിയമം തന്നെ ആണ്‌.

ചെയ്യാന്‍ പോകുന്ന കാര്യങ്ങളും ചെയ്യുന്ന കാര്യങ്ങളും തുറന്നുപറയുന്നതിനേക്കാള്‍ അധ്വാനവും ശ്രദ്ധയും വേണ്ടത് അത്‌ ഒളിപ്പിച്ചുവെച്ചുകൊണ്ട് പെരുമാറുന്നതിനാണ്‌.  സത്യം പറയുന്നതു കൊണ്ട് ഒരു ഗുണമുണ്ട്, അതു പിന്നെ ഓര്‍ത്തുവെച്ചേക്കണ്ടതില്ല എന്ന ഒരു പഴമൊഴിയെ ഓര്‍മ്മിപ്പിക്കും വിധം വളരെയേറെ ഓര്‍ത്തും പേര്‍ത്തും ചെയ്യേണ്ട ഒന്നാണ്‌  ഈ ഒളിപ്പിച്ചുവെച്ചുകൊണ്ടുള്ള പെരുമാറല്‍.  ഉള്ളില്‍ പൊങ്ങിവരുന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ നമ്മുടെ നാക്കിനെ നിലക്കു നിര്‍ത്താന്‍ വളരെ കഠിനമായി അധ്വാനിക്കേണ്ടതായി വരും. 

സത്യസന്ധമായ അഭിപ്രായപ്രകടനത്തിലൂടെ മറ്റുള്ളവരുടെ ഹൃദയം കവരാനാകും എന്നു കരുതുന്നവര്‍ ഏറെ ഉണ്ടെങ്കിലും, അതിലെ നന്മക്കു വില കല്‍പ്പിച്ചുകൊണ്ടു തന്നെ പറയട്ടെ, ഔദ്യോഗികമേഖലകളില്‍ സത്യസന്ധമായ തുറന്നുപറച്ചില്‍ കൂടുതല്‍ സമയവും ഗുണത്തേക്കാളേറെ ദോഷമാണ്‌ ചെയ്യാറുള്ളത്‌.  മാത്രമല്ല ഇത്തരം സത്യസന്ധത പലപ്പോഴും ഇക്കൂട്ടരെ കൂടുതല്‍ അബദ്ധങ്ങളിലേക്കു നയിക്കുന്നതായാണു കണ്ടുവരുന്നത്.

അധികാരമേഖലയില്‍ സത്യസന്ധത തുരുമ്പുപിടിച്ച ആയുധം പോലെയാണ്, അത് ആര്‍ക്കും ആവശ്യമില്ല,  അതുകൊണ്ടു മുറിവേറ്റാല്‍ കൂടുതല്‍ ആപത്തുകള്‍ ഉണ്ടാകുകയും ചെയ്യും.

അധികാരത്തിന്റെ ഇടനിലങ്ങളില്‍ പരുപരുത്ത സത്യസന്ധതയേക്കാള്‍ മറ്റുള്ളവര്‍ക്കു അഭികാമ്യമാം വിധം അലക്കിത്തേച്ചുപയോഗിക്കുന്ന വാക്കുകള്‍ക്കാണു കൂടുതല്‍ സ്വീകാര്യത.  ഇതിനും പുറമേ,  മറ്റുള്ളവര്‍ക്കു മനസ്സിലാകും വിധമുള്ള നിങ്ങളുടെ തുറന്ന സത്യസന്ധത പലപ്പോഴും നിങ്ങളെ നിര്‍വചനാതീതനായി കാണുന്നതില്‍ നിന്നും ആള്‍ക്കാരെ പിന്‍തിരിപ്പിക്കും, മാത്രമല്ല, അതുകൊണ്ടു തന്നെ പലപ്പോഴും നിങ്ങള്‍ക്കു അര്‍ഹിക്കുന്ന അംഗീകാരമോ ബഹുമാനമോ കിട്ടിയെന്നും വരില്ല.

സുവ്യക്തമായ രീതിയില്‍ മറ്റുള്ളവരുടെ വികാരങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയാത്ത ഒരാളില്‍ അധികാരം കൂടുതല്‍ നാള്‍ തങ്ങിനില്‍ക്കില്ല.   നിങ്ങളെ മറ്റുള്ളവര്‍ വല്ലാതെ കണ്ട് അറിഞ്ഞുപോയാല്‍, പിന്നെ നിങ്ങള്‍ക്കു കിട്ടിക്കൊണ്ടിരിക്കുന്ന ബഹുമാനത്തിനു കുറവുണ്ടാകും.    നിങ്ങളുടെ ഉള്‍വിചാരങ്ങളെ എത്രമാത്രം പൊതിഞ്ഞുസൂക്ഷിക്കുന്നുവോ, അത്രമാത്രം കൂടുതല്‍ അധികാരങ്ങളിലേക്കു നിങ്ങള്‍ക്കു നടന്നുപോകുവാനാകും. 

നിങ്ങള്‍ അധികാരത്ത സ്‌നേഹിക്കുന്നു എങ്കില്‍ ആദ്യം സത്യസന്ധതയെ പാര്‍ശ്വവത്കരിച്ചു ഒരിടത്തേക്കു മാറ്റിവെക്കണം എന്നിട്ടു നിങ്ങളുടെ ഉള്ളിലിരുപ്പ് പ്രകടിപ്പിക്കാതെ, ഏവര്‍ക്കും സ്വീകാര്യമായ നാട്യത്തിന്റെ മുഖംമൂടി ധരിക്കണം. എത്രമാത്രം കൌശലപൂര്‍വം ഈ നാട്യത്തെ നിങ്ങള്‍ ഉപയോഗിക്കുന്നുവോ, അത്രയേറേ മേല്‍ക്കൈ നിങ്ങള്‍ക്കു അധികാരമേഖലയില്‍ ഉണ്ടായിരിക്കും.

ഉള്ളിലുള്ളത് ഒളിപ്പിക്കുക എന്നത് മനുഷ്യന്റെ സഹജമായ സ്വഭാവമാണ്.  അതിനെ എത്രമാത്രം കലാപരമായി ഉപയോഗിക്കുന്നു എന്നതിലാണ്‌ ഒരാളുടെ സാമര്‍ഥ്യം കുടികൊള്ളുന്നത്‌.  കണ്ണുകൊണ്ടു കാണുന്നതിനെ വിശ്വസിക്കുക എന്ന ഒരു സഹജസ്വഭാവം കൂടി മനുഷ്യനുണ്ട്. ഉള്ളിലുള്ളതിനെ കാണിക്കാതെ മറ്റുള്ളവര്‍ക്കു കാണുവാനും സംവദിക്കാനും കഴിയുന്നതിനെ പ്രകടിപ്പിക്കുന്നതു വഴി മനുഷ്യന്‍ അതിനെ മാത്രം വിശ്വസിക്കും.  ഈ വിശ്വാസത്തെ, തന്റെ ലക്ഷ്യത്തിനായി എത്രമാത്രം ഉഴുതും വിതച്ചും ഉപയോഗിക്കാന്‍ ഒരാള്‍ക്ക് സാധിക്കുന്നുവോ, അത്രയേറെ ഗുണകരമായ രീതിയില്‍ തന്റെ അധികാരത്തെ നില്‍നിര്‍ത്തിക്കൊണ്ടുപോകുവാന്‍ അയാള്‍ക്കു കഴിയും.

നേരില്‍ കാണുന്നതിനെയും കേള്‍ക്കുന്നതിനേയും എങ്ങനെയാണ്‌ അവിശ്വസിക്കുക?  നിങ്ങളുടെ മനോവികാരത്തെ ഒളിപ്പിച്ചുകൊണ്ട് നിങ്ങള്‍ പെരുമാറുന്നത് മറ്റൊരാള്‍ക്ക് ഒരിക്കലും മനസ്സിലാവുകയില്ല. നിങ്ങളെ മറ്റൊരാള്‍ക്ക് ശരിക്കും വായിക്കാനാകുന്ന വിധം തുറന്ന പുസ്തകം പോലെ ആക്കാത്തിടത്തോളം നിങ്ങളില്‍ നിന്നും മറ്റുള്ളവര്‍ കൂടുതല്‍ എന്തൊക്കെയോ പ്രതീക്ഷിച്ചുകൊണ്ടിരിക്കും.  ഇതു നിങ്ങളുടെ പ്രവര്‍ത്തിമണ്ഡലത്തില്‍ കൂടുതല്‍ ഉയരങ്ങളിലേക്കു നയിക്കാന്‍  നിങ്ങളെ സഹായിക്കും.

1 comment:

  1. നിങ്ങളെ മറ്റൊരാള്‍ക്ക് ശരിക്കും വായിക്കാനാകുന്ന വിധം തുറന്ന പുസ്തകം പോലെ ആക്കാത്തിടത്തോളം നിങ്ങളില്‍ നിന്നും മറ്റുള്ളവര്‍ കൂടുതല്‍ എന്തൊക്കെയോ പ്രതീക്ഷിച്ചുകൊണ്ടിരിക്കും.

    ReplyDelete