Sunday, October 7, 2012

മലയാളികളുടെ സ്‌മാര്‍ട്നെസ്

ഗള്‍ഫില്‍ വന്ന കാലം മുതല്‍ ഇന്‍ഡ്യയിലെ അന്യസംസ്ഥാനക്കാരില്‍ നിന്നും അന്യദേശക്കാരില്‍ നിന്നും ഒക്കെ കേള്‍ക്കുന്ന ഒരു പല്ലവി ഉണ്ട്. "നിങ്ങള്‍ മലയാളികള്‍ വളരെ സ്‌മാര്‍ട്ട് ആണ്".

മലയാളികളെക്കുറിച്ച് പലവിധ ഭാഷ്യങ്ങളാണ്‌ അന്യസംസ്ഥാനക്കാര്‍ പൊതുവേ അവരുടെ സ്വകാര്യസംഭാഷണങ്ങളില്‍ പറയാറുള്ളത്, അതില്‍ മുന്നില്‍ നില്‍ക്കുന്നത് മലയാളികള്‍ വളരെ സ്വാര്‍ത്ഥമതികള്‍ ആണ്‌ എന്ന അഭിപ്രായമാണ്.
 ഏതു മണ്ഡലത്തിലായാലും മലയാളികളോളം കുശാഗ്രബുദ്ധി മറ്റൊരാളിലും ഇല്ലായെന്ന് സ്വയംബോധ്യപ്പെട്ടപ്പോഴൊക്കെ ഒരു മലയാളി ആയി ജനിച്ചതില്‍ അല്പം അഹങ്കാരം കലര്‍ന്ന അഭിമാനം തോന്നിയിട്ടുമുണ്ട്.

നമ്മള്‍ മലയാളികള്‍ക്കു പൊതുവായ ഒരു സ്വഭാവം ഉണ്ട്. ആരെ പരിചയപ്പെട്ടാലും, അതു ഇനി അമേരിക്കക്കാരന്‍ ആയാലും കൊള്ളാം, അറബി ആയാലും കൊള്ളാം, എന്നോളം വരുമോടാ നീ എന്ന ഒരു വിചാരം നമുക്കുണ്ട്. ബൌദ്ധികപരമായ ഒരു അപ്രമാദിത്വം നമ്മള്‍ ഒരു കിരീടം പോലെ ധരിക്കാറുണ്ട്. അതുകൊണ്ടു തന്നെ മലയാളിക്ക് മറ്റൊരു മലയാളിയെ അല്ലാതെ വേറെ ആരേയും പേടിയും ഇല്ല.

കഥയിലേക്കു വരാം. ഇന്നലെ ഒരു ഹൈദ്രാബാദി യുവാവിനെ പരിചയപ്പെട്ടു. മലയാളി ആണെന്നു ഞാന്‍ പരിചയപ്പെടുത്തിയപ്പോള്‍ അവനും പറഞ്ഞു 'നിങ്ങള്‍ മലയാളികള്‍ വളരെ സ്‌മാര്‍ട്ട് ആണ്'. ഇതു ഒരുപാടു കേട്ടിട്ടുണ്ട് എന്ന രീതിയില്‍ ഒരു സന്തോഷസൂചക ചിരിയില്‍ മറുപടി ഒതുക്കിയപ്പോഴാണ്‌ ഞെട്ടിച്ചുകൊണ്ട് അവന്‍ അതിന്റെ കാരണം കൂടി പറഞ്ഞത്.

“നിങ്ങള്‍ നിങ്ങളുടെ കാടു വെട്ടി നശിപ്പിക്കില്ല, നിങ്ങളുടെ പുഴയില്‍ നിന്നും മണ്ണു വാരിക്കില്ല, നിങ്ങളുടെ നാട്ടില്‍ ഫാക്റ്ററികള്‍ പണിഞ്ഞു അന്തരീക്ഷം മലിനമാക്കില്ല, നെല്‍വയലുകള്‍ നികത്തി വലിയ കെട്ടിടങ്ങള്‍ക്കായി ഗ്രാമങ്ങള്‍ വിട്ടുകൊടുക്കില്ല. നിങ്ങള്‍ അന്യസംസ്ഥാനങ്ങളിലും ഗള്‍ഫിലും ഒക്കെ വന്നു പൈസ ഉണ്ടാക്കി സുഖദമായ ഒരു അവധിക്കാലം ചെലവഴിക്കാന്‍ സ്വന്തം നാട്ടിലെത്തുന്നു. നിങ്ങള്‍ക്കു മഴയുണ്ട്, പുഴയുണ്ട്, പൈസയുണ്ട്. സ്വന്തമായി ദൈവത്തിന്റെ ദാനം പോലെ ഒരു നാടുണ്ട്. അതിനെ നശിപ്പിക്കാന്‍ നിങ്ങള്‍ ആരേയും അനുവദിക്കില്ല. അതാണ്‌ നിങ്ങളുടെ സ്മാര്‍ട്നെസ്.

ആദ്യമായാണ്‌ തികച്ചും വ്യത്യസ്തമായ ഒരു നിരീക്ഷണം കേട്ടത്. ഒരു വാക്കുപോലും മറുപടി പറയാനാകാതെ ഉള്ളില്‍ ചിരിയും അല്പം അഭിമാനവും ഒതുക്കി ഇരുന്നപ്പോഴും ഉള്ളില്‍ ഒരു ഭീതിയുണ്ടായി. ഇവര്‍ പുറത്തുനിന്നു കാണുന്നതല്ലല്ലോ എന്റെ നാട്. അകം പുകയുന്നത് പുറം അറിയാതിരിക്കട്ടെ.

3 comments:

  1. നിങ്ങള്‍ക്കു മഴയുണ്ട്, പുഴയുണ്ട്, പൈസയുണ്ട്. സ്വന്തമായി ദൈവത്തിന്റെ ദാനം പോലെ ഒരു നാടുണ്ട്.

    ReplyDelete
  2. നല്ല ഒരു നിരീക്ഷണമായിരുന്നല്ലോ ആ ചെറുപ്പക്കാരന്റേത്!!
    കൊള്ളാം, നമുക്കൊക്കെ അഭിമാനിക്കാന്‍ വകയുണ്ടല്ലോ!!!
    എഴുതിയത് ഇഷ്ടമായി!!

    ReplyDelete
  3. അതേ മോഹന്‍ജി, തികച്ചും വ്യത്യസ്തമായി തോന്നി. യഥാര്‍ഥമായ കാര്യങ്ങള്‍ പുറത്തുള്ളവര്‍ക്കറിയില്ലല്ലോ.

    ReplyDelete