Saturday, October 20, 2012

അധികാരമേഖലയില്‍ സത്യസന്ധത- തുരുമ്പെടുത്ത ഒരു ആയുധം


ഇവിടെ പറഞ്ഞുകൊണ്ടിരിക്കുന്നത് അധികാരത്തില്‍ ഇരിക്കുന്നവര്‍ ചെയ്യുന്നതും ചെയ്യേണ്ടതുമായ കാര്യങ്ങള്‍ ആണ്.  അതുകൊണ്ടു തന്നെ നമ്മുടെ സാധാരണബുദ്ധിക്കു ഉചിതമല്ല എന്നു തോന്നുന്ന ചില സത്യങ്ങള്‍ കൂടി പറയേണ്ടതായിട്ടുണ്ട്.  അധികാരത്തിന്റെ മൂന്നാം നിയമത്തില്‍ ഉള്ളിലുള്ളത് ഒളിപ്പിച്ചുവെച്ചുകൊണ്ട് അധികാരത്തെ പിടിച്ചെടുക്കുകയോ, ബലപ്പെടുത്തുകയോ ചെയ്യുന്നവരെ കുറിച്ചാണു പ്രതിപാദിക്കുന്നത്.

നമ്മള്‍ നട്ടിന്‍പുറത്തു കണ്ടിട്ടില്ലേ,  ഒരു തുറന്ന പുസ്തകം പോലെ പെരുമാറുന്ന ആള്‍ക്കാരെ?  അവര്‍ക്കു ഒളിപ്പിക്കാനോ, മറച്ചുവെക്കാനോ ഒന്നുമില്ലാത്തതുകൊണ്ട് യാതൊരു നാട്യവുമില്ലാതെ അവര്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ നഗരങ്ങളിലുള്ളവരില്‍ നിന്നും ആ സത്യസന്ധത നമുക്കു പ്രതീക്ഷിക്കാനാകില്ല.  കാരണം കവിവാക്യം പോലെ നാട്യപ്രധാനമായ നഗരങ്ങളില്‍ മനസ്സിലുള്ളതാകില്ല വാക്കുകള്‍ ആയി പുറത്തേക്കുവരിക.  അധികാരത്തിന്റെ മണിമേടകളും, ഔദ്യോഗികമേഖലകളും ഇത്തരം ഗോപ്യഭാവങ്ങളാല്‍ സമ്പന്നമാണ്‌.  ഇതിനെ ഒരു കുറവായി കണക്കാക്കേണ്ടതില്ല.  കാരണം ഇങ്ങനെ ഉള്ളിലുള്ളതു ഗോപ്യമായി വെച്ചുകൊണ്ട് പെരുമാറേണ്ടത് അധികാരത്തിന്റെ ഒരു നിയമം തന്നെ ആണ്‌.

ചെയ്യാന്‍ പോകുന്ന കാര്യങ്ങളും ചെയ്യുന്ന കാര്യങ്ങളും തുറന്നുപറയുന്നതിനേക്കാള്‍ അധ്വാനവും ശ്രദ്ധയും വേണ്ടത് അത്‌ ഒളിപ്പിച്ചുവെച്ചുകൊണ്ട് പെരുമാറുന്നതിനാണ്‌.  സത്യം പറയുന്നതു കൊണ്ട് ഒരു ഗുണമുണ്ട്, അതു പിന്നെ ഓര്‍ത്തുവെച്ചേക്കണ്ടതില്ല എന്ന ഒരു പഴമൊഴിയെ ഓര്‍മ്മിപ്പിക്കും വിധം വളരെയേറെ ഓര്‍ത്തും പേര്‍ത്തും ചെയ്യേണ്ട ഒന്നാണ്‌  ഈ ഒളിപ്പിച്ചുവെച്ചുകൊണ്ടുള്ള പെരുമാറല്‍.  ഉള്ളില്‍ പൊങ്ങിവരുന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ നമ്മുടെ നാക്കിനെ നിലക്കു നിര്‍ത്താന്‍ വളരെ കഠിനമായി അധ്വാനിക്കേണ്ടതായി വരും. 

സത്യസന്ധമായ അഭിപ്രായപ്രകടനത്തിലൂടെ മറ്റുള്ളവരുടെ ഹൃദയം കവരാനാകും എന്നു കരുതുന്നവര്‍ ഏറെ ഉണ്ടെങ്കിലും, അതിലെ നന്മക്കു വില കല്‍പ്പിച്ചുകൊണ്ടു തന്നെ പറയട്ടെ, ഔദ്യോഗികമേഖലകളില്‍ സത്യസന്ധമായ തുറന്നുപറച്ചില്‍ കൂടുതല്‍ സമയവും ഗുണത്തേക്കാളേറെ ദോഷമാണ്‌ ചെയ്യാറുള്ളത്‌.  മാത്രമല്ല ഇത്തരം സത്യസന്ധത പലപ്പോഴും ഇക്കൂട്ടരെ കൂടുതല്‍ അബദ്ധങ്ങളിലേക്കു നയിക്കുന്നതായാണു കണ്ടുവരുന്നത്.

അധികാരമേഖലയില്‍ സത്യസന്ധത തുരുമ്പുപിടിച്ച ആയുധം പോലെയാണ്, അത് ആര്‍ക്കും ആവശ്യമില്ല,  അതുകൊണ്ടു മുറിവേറ്റാല്‍ കൂടുതല്‍ ആപത്തുകള്‍ ഉണ്ടാകുകയും ചെയ്യും.

അധികാരത്തിന്റെ ഇടനിലങ്ങളില്‍ പരുപരുത്ത സത്യസന്ധതയേക്കാള്‍ മറ്റുള്ളവര്‍ക്കു അഭികാമ്യമാം വിധം അലക്കിത്തേച്ചുപയോഗിക്കുന്ന വാക്കുകള്‍ക്കാണു കൂടുതല്‍ സ്വീകാര്യത.  ഇതിനും പുറമേ,  മറ്റുള്ളവര്‍ക്കു മനസ്സിലാകും വിധമുള്ള നിങ്ങളുടെ തുറന്ന സത്യസന്ധത പലപ്പോഴും നിങ്ങളെ നിര്‍വചനാതീതനായി കാണുന്നതില്‍ നിന്നും ആള്‍ക്കാരെ പിന്‍തിരിപ്പിക്കും, മാത്രമല്ല, അതുകൊണ്ടു തന്നെ പലപ്പോഴും നിങ്ങള്‍ക്കു അര്‍ഹിക്കുന്ന അംഗീകാരമോ ബഹുമാനമോ കിട്ടിയെന്നും വരില്ല.

സുവ്യക്തമായ രീതിയില്‍ മറ്റുള്ളവരുടെ വികാരങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയാത്ത ഒരാളില്‍ അധികാരം കൂടുതല്‍ നാള്‍ തങ്ങിനില്‍ക്കില്ല.   നിങ്ങളെ മറ്റുള്ളവര്‍ വല്ലാതെ കണ്ട് അറിഞ്ഞുപോയാല്‍, പിന്നെ നിങ്ങള്‍ക്കു കിട്ടിക്കൊണ്ടിരിക്കുന്ന ബഹുമാനത്തിനു കുറവുണ്ടാകും.    നിങ്ങളുടെ ഉള്‍വിചാരങ്ങളെ എത്രമാത്രം പൊതിഞ്ഞുസൂക്ഷിക്കുന്നുവോ, അത്രമാത്രം കൂടുതല്‍ അധികാരങ്ങളിലേക്കു നിങ്ങള്‍ക്കു നടന്നുപോകുവാനാകും. 

നിങ്ങള്‍ അധികാരത്ത സ്‌നേഹിക്കുന്നു എങ്കില്‍ ആദ്യം സത്യസന്ധതയെ പാര്‍ശ്വവത്കരിച്ചു ഒരിടത്തേക്കു മാറ്റിവെക്കണം എന്നിട്ടു നിങ്ങളുടെ ഉള്ളിലിരുപ്പ് പ്രകടിപ്പിക്കാതെ, ഏവര്‍ക്കും സ്വീകാര്യമായ നാട്യത്തിന്റെ മുഖംമൂടി ധരിക്കണം. എത്രമാത്രം കൌശലപൂര്‍വം ഈ നാട്യത്തെ നിങ്ങള്‍ ഉപയോഗിക്കുന്നുവോ, അത്രയേറേ മേല്‍ക്കൈ നിങ്ങള്‍ക്കു അധികാരമേഖലയില്‍ ഉണ്ടായിരിക്കും.

ഉള്ളിലുള്ളത് ഒളിപ്പിക്കുക എന്നത് മനുഷ്യന്റെ സഹജമായ സ്വഭാവമാണ്.  അതിനെ എത്രമാത്രം കലാപരമായി ഉപയോഗിക്കുന്നു എന്നതിലാണ്‌ ഒരാളുടെ സാമര്‍ഥ്യം കുടികൊള്ളുന്നത്‌.  കണ്ണുകൊണ്ടു കാണുന്നതിനെ വിശ്വസിക്കുക എന്ന ഒരു സഹജസ്വഭാവം കൂടി മനുഷ്യനുണ്ട്. ഉള്ളിലുള്ളതിനെ കാണിക്കാതെ മറ്റുള്ളവര്‍ക്കു കാണുവാനും സംവദിക്കാനും കഴിയുന്നതിനെ പ്രകടിപ്പിക്കുന്നതു വഴി മനുഷ്യന്‍ അതിനെ മാത്രം വിശ്വസിക്കും.  ഈ വിശ്വാസത്തെ, തന്റെ ലക്ഷ്യത്തിനായി എത്രമാത്രം ഉഴുതും വിതച്ചും ഉപയോഗിക്കാന്‍ ഒരാള്‍ക്ക് സാധിക്കുന്നുവോ, അത്രയേറെ ഗുണകരമായ രീതിയില്‍ തന്റെ അധികാരത്തെ നില്‍നിര്‍ത്തിക്കൊണ്ടുപോകുവാന്‍ അയാള്‍ക്കു കഴിയും.

നേരില്‍ കാണുന്നതിനെയും കേള്‍ക്കുന്നതിനേയും എങ്ങനെയാണ്‌ അവിശ്വസിക്കുക?  നിങ്ങളുടെ മനോവികാരത്തെ ഒളിപ്പിച്ചുകൊണ്ട് നിങ്ങള്‍ പെരുമാറുന്നത് മറ്റൊരാള്‍ക്ക് ഒരിക്കലും മനസ്സിലാവുകയില്ല. നിങ്ങളെ മറ്റൊരാള്‍ക്ക് ശരിക്കും വായിക്കാനാകുന്ന വിധം തുറന്ന പുസ്തകം പോലെ ആക്കാത്തിടത്തോളം നിങ്ങളില്‍ നിന്നും മറ്റുള്ളവര്‍ കൂടുതല്‍ എന്തൊക്കെയോ പ്രതീക്ഷിച്ചുകൊണ്ടിരിക്കും.  ഇതു നിങ്ങളുടെ പ്രവര്‍ത്തിമണ്ഡലത്തില്‍ കൂടുതല്‍ ഉയരങ്ങളിലേക്കു നയിക്കാന്‍  നിങ്ങളെ സഹായിക്കും.

Sunday, October 7, 2012

മലയാളികളുടെ സ്‌മാര്‍ട്നെസ്

ഗള്‍ഫില്‍ വന്ന കാലം മുതല്‍ ഇന്‍ഡ്യയിലെ അന്യസംസ്ഥാനക്കാരില്‍ നിന്നും അന്യദേശക്കാരില്‍ നിന്നും ഒക്കെ കേള്‍ക്കുന്ന ഒരു പല്ലവി ഉണ്ട്. "നിങ്ങള്‍ മലയാളികള്‍ വളരെ സ്‌മാര്‍ട്ട് ആണ്".

മലയാളികളെക്കുറിച്ച് പലവിധ ഭാഷ്യങ്ങളാണ്‌ അന്യസംസ്ഥാനക്കാര്‍ പൊതുവേ അവരുടെ സ്വകാര്യസംഭാഷണങ്ങളില്‍ പറയാറുള്ളത്, അതില്‍ മുന്നില്‍ നില്‍ക്കുന്നത് മലയാളികള്‍ വളരെ സ്വാര്‍ത്ഥമതികള്‍ ആണ്‌ എന്ന അഭിപ്രായമാണ്.
 ഏതു മണ്ഡലത്തിലായാലും മലയാളികളോളം കുശാഗ്രബുദ്ധി മറ്റൊരാളിലും ഇല്ലായെന്ന് സ്വയംബോധ്യപ്പെട്ടപ്പോഴൊക്കെ ഒരു മലയാളി ആയി ജനിച്ചതില്‍ അല്പം അഹങ്കാരം കലര്‍ന്ന അഭിമാനം തോന്നിയിട്ടുമുണ്ട്.

നമ്മള്‍ മലയാളികള്‍ക്കു പൊതുവായ ഒരു സ്വഭാവം ഉണ്ട്. ആരെ പരിചയപ്പെട്ടാലും, അതു ഇനി അമേരിക്കക്കാരന്‍ ആയാലും കൊള്ളാം, അറബി ആയാലും കൊള്ളാം, എന്നോളം വരുമോടാ നീ എന്ന ഒരു വിചാരം നമുക്കുണ്ട്. ബൌദ്ധികപരമായ ഒരു അപ്രമാദിത്വം നമ്മള്‍ ഒരു കിരീടം പോലെ ധരിക്കാറുണ്ട്. അതുകൊണ്ടു തന്നെ മലയാളിക്ക് മറ്റൊരു മലയാളിയെ അല്ലാതെ വേറെ ആരേയും പേടിയും ഇല്ല.

കഥയിലേക്കു വരാം. ഇന്നലെ ഒരു ഹൈദ്രാബാദി യുവാവിനെ പരിചയപ്പെട്ടു. മലയാളി ആണെന്നു ഞാന്‍ പരിചയപ്പെടുത്തിയപ്പോള്‍ അവനും പറഞ്ഞു 'നിങ്ങള്‍ മലയാളികള്‍ വളരെ സ്‌മാര്‍ട്ട് ആണ്'. ഇതു ഒരുപാടു കേട്ടിട്ടുണ്ട് എന്ന രീതിയില്‍ ഒരു സന്തോഷസൂചക ചിരിയില്‍ മറുപടി ഒതുക്കിയപ്പോഴാണ്‌ ഞെട്ടിച്ചുകൊണ്ട് അവന്‍ അതിന്റെ കാരണം കൂടി പറഞ്ഞത്.

“നിങ്ങള്‍ നിങ്ങളുടെ കാടു വെട്ടി നശിപ്പിക്കില്ല, നിങ്ങളുടെ പുഴയില്‍ നിന്നും മണ്ണു വാരിക്കില്ല, നിങ്ങളുടെ നാട്ടില്‍ ഫാക്റ്ററികള്‍ പണിഞ്ഞു അന്തരീക്ഷം മലിനമാക്കില്ല, നെല്‍വയലുകള്‍ നികത്തി വലിയ കെട്ടിടങ്ങള്‍ക്കായി ഗ്രാമങ്ങള്‍ വിട്ടുകൊടുക്കില്ല. നിങ്ങള്‍ അന്യസംസ്ഥാനങ്ങളിലും ഗള്‍ഫിലും ഒക്കെ വന്നു പൈസ ഉണ്ടാക്കി സുഖദമായ ഒരു അവധിക്കാലം ചെലവഴിക്കാന്‍ സ്വന്തം നാട്ടിലെത്തുന്നു. നിങ്ങള്‍ക്കു മഴയുണ്ട്, പുഴയുണ്ട്, പൈസയുണ്ട്. സ്വന്തമായി ദൈവത്തിന്റെ ദാനം പോലെ ഒരു നാടുണ്ട്. അതിനെ നശിപ്പിക്കാന്‍ നിങ്ങള്‍ ആരേയും അനുവദിക്കില്ല. അതാണ്‌ നിങ്ങളുടെ സ്മാര്‍ട്നെസ്.

ആദ്യമായാണ്‌ തികച്ചും വ്യത്യസ്തമായ ഒരു നിരീക്ഷണം കേട്ടത്. ഒരു വാക്കുപോലും മറുപടി പറയാനാകാതെ ഉള്ളില്‍ ചിരിയും അല്പം അഭിമാനവും ഒതുക്കി ഇരുന്നപ്പോഴും ഉള്ളില്‍ ഒരു ഭീതിയുണ്ടായി. ഇവര്‍ പുറത്തുനിന്നു കാണുന്നതല്ലല്ലോ എന്റെ നാട്. അകം പുകയുന്നത് പുറം അറിയാതിരിക്കട്ടെ.

Saturday, October 6, 2012

മോവോ സേതുങും ശത്രുവും

ബദ്ധവൈരി അഥവാ കടുത്ത എതിരാളി ഒരാള്‍ക്ക്‌ ഉണ്ടെങ്കില്‍ അയാള്‍  ദത്തശ്രദ്ധനായിരിക്കും എന്ന ഒരു സത്യം ഉദാഹരണ സഹിതം റോബര്‍ട്ട് ഗ്രീനിന്റെ അധികാരത്തിന്റെ 48 നിയമങ്ങള്‍ എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.

അഭിപ്രായമാത്സര്യവും ശത്രുക്കളോടു നേരിടാന്‍ സദാ പുലര്‍ത്തിയിരുന്ന ജാഗ്രതയും ആയിരുന്നു മാവോ സേതുങ് എന്ന നേതാവിന്റെ അനന്യമായ കഴിവ് എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയുണ്ടാവില്ല.
ചൈനയില്‍ നാഷണലിസ്റ്റുകളും മാവോ സേതുങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റുകളും തമ്മില്‍ ആഭ്യന്തരകലഹം നടക്കുന്നതിനിടയിലാണ്‌ 1937-ല്‍ ജപ്പാന്‍ ചൈനയില്‍ കടന്നാക്രമണം നടത്തിയത്‌.

പരാജയഭീതി തോന്നിയ ഒരു പറ്റം കമ്യൂണിസ്റ്റുകള്‍ മാവോയുടെ മുന്‍പാകെ ഒരു നിര്‍ദ്ദേശം വെച്ചു.  എന്തെന്നാല്‍ ജപ്പാനോടു നേരിടാന്‍ നാഷണലിസ്റ്റുകള്‍ മതി, കമ്യൂണിസ്റ്റുകള്‍ ഒഴിഞ്ഞുനില്‍ക്കാം, ഈ ഇടവേളയില്‍ കമ്യൂണിസ്റ്റുകള്‍ക്കു കൂടുതല്‍ ശക്തിയാര്‍ജ്ജിക്കാം എന്നതായിരുന്നു നിര്‍ദ്ദേശം.  എന്നാല്‍ ഈ നിര്‍ദ്ദേശം മാവോയ്‌ക്ക് ഒട്ടും സ്വീകാര്യമായിരുന്നില്ല.
ചൈന മാതിരിയുള്ള ഒരു വലിയ രാജ്യത്തെ ജപ്പാന്‌ അത്രപെട്ടെന്നൊന്നും കീഴടക്കാന്‍ കഴിയില്ല എന്നു മാവോയ്ക്ക് ഉറപ്പുണ്ടായിരുന്നു. ഈ കാലമത്രയും കമ്മ്യൂണിസ്റ്റുകള്‍ സമരമുഖത്തില്ലാതെയിരുന്നാല്‍ അതു അവരെ അലസന്‍മാരാക്കുമെന്നു മാവോയ്ക്കു അറിയാമായിരുന്നു.  മാത്രമല്ല,ഒരു ഇടവേളയുണ്ടായാല്‍ ജപ്പാന്‍ പരാജിതരായിപോയി കഴിഞ്ഞ് പിന്നീടു നാഷണലിസ്റ്റുകളോട് എതിരിടാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഊര്‍ജ്ജവും ആര്‍ജ്ജവവും നഷ്ടപ്പെടുമെന്നും മാവോ കരുതിയിരുന്നു.
അതിനു പുറമേ,  പ്രബലശക്തികളായ ജപ്പാനോട് എതിരിടുന്നതു വഴി പൊതുവേ അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന കമ്യൂണിസ്റ്റ് ശക്തിക്ക്‌ ശക്തമായ ഒരു പരിശീലനം ലഭിക്കുമെന്നും മാവോ പ്രതീക്ഷിച്ചു.  മാവോയുടെ പ്രതീക്ഷകളെ അപ്പാടെ ശരിവെക്കുന്നതായിരുന്നു പിന്നീട് സംഭവിച്ചതെല്ലാം.  ജപ്പാന്‍ ചൈനയില്‍ നിന്നും പരാജിതരായി പിന്‍മാറിയപ്പോഴേക്കും നാഷണലിസ്റ്റുകളെപ്പോലും നിര്‍വീര്യമാക്കാന്‍ പാകത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ ശക്തരായി കഴിഞ്ഞിരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം ജപ്പാന്‍ പ്രതിനിധി ചൈന സന്ദര്‍ശിച്ചപ്പോള്‍ ചൈനയുടെ മേല്‍ ജപ്പാന്‍ നടത്തിയ കടന്നാക്രമണത്തിനു മാപ്പു ചോദിച്ചപ്പോള്‍ മാവോ സേതുങ്ങ് പറഞ്ഞത് ഇപ്രകാരമാണ്‌:  'യഥാര്‍ഥത്തില്‍ നിങ്ങളോട് ഞാന്‍ നന്ദി ആണ്‌ അറിയിക്കേണ്ടത്‌.  എന്തെന്നാല്‍ ജപ്പാനെ പോലെ ശക്തനായ ഒരു എതിരാളി ഇല്ലായിരുന്നുവെങ്കില്‍ കമ്മ്യൂണിസ്റ്റുകള്‍ ഇത്രമാത്രം വളരുകയോ ശക്തി പ്രാപിക്കുകയോ ചെയ്യുമായിരുന്നില്ല." ശക്തനായ എതിരാളിയെ പ്രതിരോധിക്കാന്‍ ഇല്ലെങ്കില്‍ വ്യക്തിയോ സംഘമോ ഒരു പരിധിക്കപ്പുറത്തേക്കു വളരുകയില്ല.
ഒരിക്കലും തോല്‍പ്പിക്കാനാകില്ല എന്നുറപ്പുള്ള എതിരാളിയുമായി യുദ്ധം ചെയ്യരുത്.  എന്നാല്‍ ചൈനയെപ്പോലെ ഒരു വലിയ രാജ്യത്തെ തോല്പ്പിക്കാന്‍ ജപ്പാനു കഴിയില്ല എന്നു മാവോയ്ക്ക് ശരിക്കും ഉറപ്പുണ്ടായിരുന്നു.  

 ശക്തനായ ഒരു എതിരാളി ഇല്ലായെങ്കില്‍ മുന്നോട്ടു വളരാനുള്ള സമരവീര്യം ക്ഷയിക്കും എന്നു മാത്രമല്ല ചിലപ്പോള്‍ സൌകര്യാര്‍ഥം നാമമാത്രമായ ഒരു എതിരാളിയില്‍ തങ്ങളെ തളച്ചിടപ്പെടുകയോ, അല്ലെങ്കില്‍ കൂട്ടത്തിലുള്ള ഒരാളില്‍ നിന്നു തന്നെ ശത്രുവിനെ കണ്ടെത്തുകയോ ചെയ്യും എന്നും മാവോ കരുതിയിരുന്നു.  അതുകൊണ്ടാണ്‌ ജപ്പാന്റെ പിന്‍തിരിയലിനു ശേഷവും സോവ്യറ്റ് യൂണിയനുമായും അമേരിക്കയുമായി ചൈന പുലര്‍ത്തിപ്പോന്ന അഭിപ്രായവ്യത്യാസങ്ങളെ മാവോ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നത്. 
ഇത്തരം അഭിപ്രായവ്യത്യാസങ്ങള്‍ ചൈനയുടെ ദേശീയതാത്പര്യവുമായി ഇഴചേര്‍ക്കുകയും കൃത്യമായ എതിരാളികളെ സമയാസമയങ്ങളില്‍ നിര്‍വചിക്കപ്പെടുകയും ചെയ്തതു വഴി ചൈനയിലെ കമ്മ്യൂണിസ്റ്റ് ശക്തികളെ എന്നും സചേതനമാക്കി നിര്‍ത്താന്‍ മാവോയ്ക്കു കഴിഞ്ഞിരുന്നു.

ഈ ഉദാഹരണത്തിലൂടെ പറയുന്നത്:  തന്റെ കര്‍മ്മമണ്ഡലത്തില്‍ ഒരു എതിരാളി ഉണ്ടായിരിക്കുക എന്നത് വിഷമം ഉണ്ടാക്കേണ്ട ഒന്നല്ല. മറിച്ച് സൌഹൃദം നടിക്കുകയും പരോക്ഷമായി ശത്രുത കാട്ടുകയും ചെയ്തു ഒളിഞ്ഞിരിക്കുന്ന ശത്രുവിനേക്കാള്‍ തെളിഞ്ഞു കാണുന്ന പ്രത്യക്ഷശത്രു നിങ്ങളെ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കും
അധികാരം ആഗ്രഹിക്കുന്നവര്‍ക്ക്‌ ഒരു ശത്രു എപ്പോഴും സ്വീകാര്യനായിരിക്കും. കാരണം ഈ ശത്രുവിനെ ഉപയോഗിച്ച് അവര്‍ക്കു കൂടുതല്‍ അധികാരങ്ങളിലേക്കും പ്രശസ്തിയിലേക്കും എത്താന്‍ കഴിയും.