Thursday, September 20, 2012

നിങ്ങള്‍ക്ക് നിങ്ങളുടെ ബോസ്സിനേക്കാള്‍ സാമര്‍ഥ്യമുണ്ടെങ്കില്‍..


 
കിംഗ് ലൂയിസ് പതിനാലാമന്റെ ധനമന്ത്രിയായിരുന്നു  നിക്കോളാസ് ഫൂക്കെ. 
കവിതാപ്രിയനും ആഡംബരപ്രിയനും ആയിരുന്ന ഫൂക്കെ സ്ത്രീകളേയും  മറ്റും ക്ഷണിക്കുന്ന വലിയ  പാര്‍ട്ടിയും മറ്റും നടത്തി രാജാവിന്റെ പ്രിയരില്‍ ഒരാളായി ജീവിക്കുന്ന കാലം.    1661-ല്‍ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ജൂല്‍സ് മസാരിന്‍ മരിച്ചപ്പോള്‍ രാജാവ്‌ തന്നെ പ്രധാനമന്ത്രി ആക്കുമെന്നു ഫൂക്കെ മോഹിച്ചിരുന്നു. എന്നാല്‍ മസാരിന്റെ മരണത്തോടെ രാജാവ്‌ ആ പദവി തന്നെ മന്ത്രിസഭയില്‍ വേണ്ടെന്നു വെക്കുക ആയിരുന്നു. 
 
രാജാവിനു തന്നിലുള്ള പ്രീതി കുറഞ്ഞുപോകുന്നു എന്നു തോന്നിയ ഫൂക്കെ തനിക്കു നിലവിലുള്ള ഉന്നത ബന്ധങ്ങളും സ്വാധീനവും രാജാവിനെ കാണിച്ചുകൊടുത്ത്‌ രാജാവിന്റെ പ്രീതി സമ്പാദിക്കാനായി ഒരു വലിയ പാര്‍ട്ടി നടത്തി. സമൂഹത്തിലെ ഉന്നതന്മാരെ എല്ലാം ക്ഷണിച്ചുവരുത്തിയ പാര്‍ട്ടിയില്‍ രാജാവും പങ്കെടുത്തു. രാജാവിനെ പോലും നിഷ്‌പ്രഭമാക്കുന്ന രീതിയിലുള്ള ഫൂക്കെയുടെ ഉന്നതങ്ങളിലെ സ്വാധീനം രാജാവിനു...
അത്‌ഭുതമായിരുന്നു.  
 
ഫ്രാന്‍സ് അന്നു വരെ കണ്ടിട്ടില്ലാത്തവിധമുള്ളതും വളരെ ആഡംബരപൂര്‍ണ്ണവുമായ ഒരു പാര്‍ട്ടിയായിരുന്നു ഫൂക്കെ തയ്യാറാക്കിയത്. സംഗീത സാന്ദ്രവും, വര്‍ണ്ണാഭവുമായ ആ പാര്‍ട്ടിയില്‍ രാജാവിന്റെ പ്രഭാവം വാഴ്ത്തുന്ന നാടകവും മറ്റും ഫൂക്കെ ഏര്‍പ്പാടാക്കിയിരുന്നു.
 
ഉന്നതങ്ങളിലുള്ള സ്വാധീനവും മറ്റും രാജാവിനെ ബോധ്യപ്പെടുത്തിക്കൊടുത്താല് തന്നെ മന്ത്രിസഭയിലെ ഒഴിച്ചുനിര്‍ത്താനാകാത്ത അംഗമാക്കി മാറ്റും എന്നു വ്യാമോഹിച്ച ഫൂക്കെയെ ‍ പിറ്റേ ദിവസം രാജാവ്‌ തന്റെ സൈനികമേധാവിയായ ഡാര്‍റ്റാഗ്നനെ വിട്ടു  അറസ്റ്റ്‌ ചെയ്യിക്കുകയാണുണ്ടായത്. 
 
ധനമന്ത്രി ആയിരിക്കെ രാജ്യത്തിന്റെ ഖജനാവ്‌ ധൂര്‍ത്തടിച്ചു എന്ന കുറ്റത്തിനാണ്‌ ഫൂക്കെയെ അറസ്റ്റ് ചെയ്യിച്ചത്.  തന്നേക്കാള്‍ സ്വാധീനവും കഴിവും ഫൂക്കെയുണ്ടെന്നു മനസ്സിലാക്കിയ ലൂയിസ് പതിനാലാമന്‍ ‌ സൌകര്യപൂര്‍വം ഫൂക്കെ മന്ത്രിസഭയില്‍ നിന്ന്‌ ഒഴിവാക്കിയത്‌ ഇങ്ങനെയാണ്‌.

 .............
ദൈവസങ്കല്‍പ്പങ്ങളുടെ നേരെ ശാസ്ത്രസത്യങ്ങളുമായി വന്ന ഗലീലിയൊ തന്റെ നിരീക്ഷണങ്ങള്‍ക്കു ആവശ്യമായ ധനസഹായമില്ലാതെ വിഷമിക്കുന്ന കാലം.  പലപ്പോഴും തന്റെ നിരീക്ഷണങ്ങള്‍ക്കു വേണ്ടി വരുന്ന ചെലവുകള്‍ക്കായി ഭരണാധികാരികളുടെ ഔദാര്യം വേണ്ടിയിരുന്നു.  തന്റെ കണ്ടുപിടത്തങ്ങള്‍ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നെങ്കിലും ഉപഹാരങ്ങള്‍ ലഭിക്കുന്നതല്ലാതെ ആരും ധനമായി ഒന്നും കൊടുത്തിരുന്നില്ല.
 
എന്നാല്‍ ഇതിനു പരിഹാരമായി ഗലീലിയോ ഇറ്റലിയിലെ മെഡിസി രാജകുലത്തെയാണു ഉപയോഗിച്ചത്‌. വസ്ത്രനിര്‍മ്മാണത്തിലൂടെയും മറ്റും നേടിയ ധനത്താല്‍ അന്നു സാമ്പത്തികമായി വളരെ മുന്നില്‍ നിന്നിരുന്ന കുലപരമ്പരയായിരുന്നു മെഡിസി. ബൃഹസ്‌പതി (വ്യാഴം) ആയിരുന്നു ഈ കുലത്തിന്റെ ചിഹ്നം. അതുകൊണ്ടു തന്നെ താന്‍ കണ്ടെത്തിയ വ്യാഴഗ്രഹങ്ങളെ ഈ കുടുംബത്തിന്റെ പ്രതീകമായി വാഴ്ത്തുകയും പുതിയതായി കണ്ടെത്തിയ ചെറുഗ്രഹങ്ങളെയെല്ലാം ഈ കുലപരമ്പരയിലെ സന്തതികളുടെ പേരുമായി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതിലൂടെ സമൂഹത്തില്‍ തങ്ങളുടെ പരമ്പരക്കു കൂടുതല്‍ പ്രശസ്തിയും മഹിമയും ഉണ്ടായി എന്ന തോന്നലില്‍ മെഡിസി വംശം ഗലീലിയോയെ തങ്ങളുടെ കുടുംബത്തിന്റെ ആസ്ഥാന ഗണിതശാസ്ത്രകരാനായി അവരോധിക്കുകയും ഗലീലിയോ അവരുടെ പണം കൊണ്ടു തന്റെ നിരീക്ഷണങ്ങള്‍ തുടരുകയും അങ്ങനെ ഇന്നു നമ്മള്‍ അറിയുന്ന ഗലീലിയോ ആയി മാറുകയും ചെയ്തു.

ഈ രണ്ടു സംഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്‌....

• നിങ്ങള്‍ക്കു നിങ്ങളുടെ മേലധികാരിയേക്കാള്‍ ഔന്നത്യം ഉണ്ടെന്നു ഉറപ്പുണ്ടെങ്കിലും അതു പ്രകടിപ്പിക്കാതിരിക്കുക.

• നിങ്ങളുടെ പദവി കൂടുതല്‍ സാമര്‍ത്ഥ്യം കാണിച്ചു നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കാതിരിക്കുക.

 • ഏതു മേഖലയിലായിരുന്നാലും ഒഴിവാക്കാനാകാത്തവരായി ആരും ഈ പ്രപഞ്ചത്തിലില്ല എന്ന സത്യം മറക്കാതിരിക്കുക

• നിങ്ങള്‍ക്കു കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ നിങ്ങളുടെ അവകാശമോ അലങ്കാരമോ ആണ്‌ എന്നു കരുതാതിരിക്കുക.

 • യുക്തിപൂര്‍വവും അവസരോചിതവുമല്ലാത്ത മുഖസ്തുതി വളരെ പെട്ടെന്നു കണ്ടുപിടിക്കപ്പെടും.
 
• വിവേകപൂര്‍വമുള്ള മുഖസ്തുതി നല്ലൊരു ആയുധമാണ്. അതിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളതാണ്‌ പ്രധാനം.
 
 
(അധികാരത്തിന്റെ 48 നിയമങ്ങള്‍ - നിയമം 1) - റോബര്‍ട്ട് ഗ്രീന്‍
 

1 comment:

  1. When the evening began, Fouquet was at the top of the world. By the time it had ended, he was at the bottom (Voltaire)

    ReplyDelete